ദുരന്തുഭൂമിയായി മ്യാന്മറും തായ്‌ലാന്‍ഡും; ഭൂചലനത്തില്‍ മരണസംഖ്യ 150 കടന്നു; 730 പേര്‍ക്ക് പരിക്ക്
നേപ്യിഡോ: മ്യാന്മറിനെയും തായ്‌ലാന്‍ഡിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ മരണം 150 കടന്നതായി ബിബിസി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 750-ലധികം പേര്‍ക്ക് പരിക്കേറ്റു. മ്യാന്മറിലാണ് കൂടുതല്‍ ശക്തമായ ഭൂചലനവും കനത്ത ആള്‍നാശവുമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി, പാലങ്ങള്‍ തകര്‍ന്നു. ഗതാഗതം താറുമാറായി. മ്യാന്മറിലെ മോനിവ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ശക്തമായ ഭൂചലനമുണ്ടായത്. തലസ്ഥാനമായ നേപ്യിഡോ ഉള്‍പ്പെടെ ആറ് മേഖലകളില്‍ മ്യാന്മര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച ഉച്ചക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ തുടര്‍ ചലനങ്ങളുമുണ്ടായതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ആളുകളെ കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സഗയിങ് മേഖലയിലെ 90 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നു. മന്റാലെ -യാംഗോന്‍ നഗരങ്ങളെ ബന്ധിപ്പിച്ച റോഡ് പലയിടത്തും തകര്‍ന്നു. നിരവധി വീടുകളും ആരാധനാലയങ്ങളും തകര്‍ന്നു.
ഭൂചലനം തായ്‌ലന്‍ഡിനെയും വിറപ്പിച്ചു. അവിടെ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന 30 നില കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 81 നിര്‍മാണ തൊഴിലാളികളെ കാണാതായിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി മ്യാന്മര്‍ ഭരണകൂടം ഇന്ത്യ അടക്കമുള്ള രാജ്യാന്തര സമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മരുന്ന്, രക്തം തുടങ്ങിയവ വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തില്‍ അനുശോചനമറിയിച്ചു. തായ്‌ലന്‍ഡിനും മ്യാന്മറിനും എന്തു സഹായം നല്‍കാനും ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയും മെഡിക്കല്‍ സംഘത്തെ അയക്കാനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു.
ഭൂകമ്പത്തിന്റെ ചെറിയ പ്രതിഫലനം കൊല്‍ക്കത്ത, ഇംഫാല്‍, മേഘാലയയിലെ ഈസ്റ്റ് ഗരോ മലനിരകള്‍, മണിപ്പൂരിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലുമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിലെയും വിവിധ ഭാഗങ്ങളില്‍ ഭൂകമ്പം നേരിയതോതില്‍ അനുഭവപ്പെട്ടു.












Click it and Unblock the Notifications