സാമ്പത്തിക ശാസ്ത്ര നൊബേല്‍ ക്ലോഡിയ ഗോൾഡിന്: പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിത
2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോൾഡിന്. സ്ത്രീകളുടെ തൊഴിൽ വിപണി ഫലങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്തിയതിനാണ് ക്ലോഡിയ ഗോൾഡിന് പുരസ്കാരമെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. സാമ്പത്തിക നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ ഗോൾഡിന്‍.
"തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്ക് മനസ്സിലാക്കുന്നത് സമൂഹത്തിന് പ്രധാനമാണ്. ക്ലോഡിയ ഗോൾഡിൻ്റെ തകർപ്പൻ ഗവേഷണത്തിന് നന്ദി, അടിസ്ഥാന ഘടകങ്ങളെക്കുറിച്ചും ഭാവിയിൽ ഏതൊക്കെ തടസ്സങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും നമുക്ക് ഇപ്പോള്‍ അറിയാം "സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരത്തിനുള്ള കമ്മിറ്റിയുടെ അധ്യക്ഷൻ ജേക്കബ് സ്വെൻസൺ പറഞ്ഞു.

11 ദശലക്ഷം സ്വീഡിഷ് ക്രൌണ്‍സ് ആണ് വിജയിക്ക് സമ്മാനമായി ലഭിക്കുക (999137 ഡോളർ).ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്ത വിഭാഗത്തില്‍ ഏർപ്പെടുത്തിയ, സ്വെരിജസ് റിക്സ്ബാങ്ക് പ്രൈസ് എന്നറിയപ്പെടുന്ന അഭിമാനകരമായ അവാർഡ് ഈ വർഷത്തെ നൊബേൽ സമ്മാനങ്ങളിൽ അവസാനത്തേതുമാണ്.
ആല്‍ഫ്രണ്ട് നൊബേലിന്റെ വില്‍പത്രത്തില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ പുരസ്കാരം പറഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ 1968-ൽ സ്വീഡിഷ് ബാങ്കായ സ്വെറിഗ്‌സ് റിൿസ്ബാങ്ക്, അവരുടെ 300-ആം വാർഷികത്തിൽ നോബലിനോടുള്ള ആദരസൂചകമായി നോബലിന്റെ പേരിൽ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം കൂടി ചേർക്കുകയായിരുന്നു.
2007-2008 സാമ്പത്തിക പ്രതിസന്ധിയിലെ ബാങ്ക് പരാജയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് മുൻ ഫെഡറൽ റിസർവ് അധ്യക്ഷന്‍ ബെൻ ബെർനാങ്കെ, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരായിരുന്നു കഴിഞ്ഞ വർഷത്തെ സാമ്പത്തിക നൊബേല്‍ വിജയികള്‍.
അതേസമയം, 2023 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകയായ നർഗസ് മുഹമ്മദി കഴിഞ്ഞ ദിവസം കരസ്ഥമാക്കിയിരുന്നു. നർഗീസിനെ വിവിധ കേസുകളിലായി ഇറാനിയന്‍ സർക്കാർ 13 തവണ അറസ്റ്റ് ചെയ്യുകയും അഞ്ച് തവണ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 31 വർഷം തടവും 154 ചാട്ടവാറടിയുമാണ് നർഗീസിനെ വിധിച്ചിട്ടുള്ളതെന്നും നൊബേല്‍ സമ്മാന കമ്മിറ്റി വെബ്‌സൈറ്റിലുടെ അറിയിക്കുന്നു.
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരനും നാടകപ്രവര്‍ത്തനുമായ ജോണ്‍ ഫോസെയും കരസ്ഥമാക്കി. നൂതനമായ നാടകങ്ങളിലൂടെയും വരികളിലൂടെയും ശബ്ദിക്കാനാവാത്തവര്‍ക്ക് ശബ്ദം പകരാന്‍ ഫോസെയ്ക്ക് സാധിച്ചുവെന്നായിരുന്നു പുരസ്താര സമിതിയുടെ വിലയിരുത്തല്‍.












Click it and Unblock the Notifications