ബുധനാഴ്ച ഈദുല്‍ ഫിത്തര്‍
മനസ്സിനെ പൂര്‍ണ്ണമായും ദൈവത്തിലര്‍പ്പിച്ച് ക്ഷമയുടെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍ പിന്തുടര്‍ന്ന് ലോക മുസ്ലീങ്ങള്‍ ഇന്ന്(ബുധനാഴ്ച) ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. ആകാശത്ത് ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ അല്ലാഹു വലിയവനെന്നും, അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നുമുള്ള തക്ബീര്‍ ധ്വനികള്‍ അന്തരീക്ഷത്തില്‍ ഉയരും. പെരുന്നാള്‍ ദിവസം ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന പ്രവാചകന്റെ പ്രഖ്യാപനം ഉള്‍ക്കൊണ്ട് കൊണ്ട് വിശ്വാസികള്‍ അവന് നിര്‍ബന്ധമാക്കപ്പെട്ട ഫിത്തര്‍ സകാത് വിതരണം ആരംഭിക്കും.
ജീവിക്കുന്ന നാട്ടിലെ നിത്യോപയോഗ ധാന്യങ്ങളാണ് പലപ്പോഴും ഫിത്തര്‍ സകാത്തിനായി ഉപയോഗിക്കുന്നത്. തനിക്ക് അര്‍ഹതപ്പെട്ടത് പോലെ തന്നെ ഭൂമിയില്‍ വസിക്കുന്ന മറ്റുള്ളവര്‍ക്കും വിശപ്പടക്കുവാനുള്ള മാര്‍ഗം കണ്ടെത്തി നല്‍കുന്നതിന് നാം ഓരോരുത്തര്‍ക്കുമുള്ള ഉത്തരവാധിത്ത്വം മനസ്സിലാക്കി കൊടുക്കുന്നതാണ് ഫിത്തര്‍ സകാത്ത്. മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ട് തന്നെയുള്ള ആഘോഷങ്ങളാണ് പല കുടുബങ്ങളിലും അരങ്ങേറുക.

വീട്ടിലുള്ള സ്ത്രീകളും കുട്ടികളും കൈനിറയെ മൈലാഞ്ചി അണിഞ്ഞും, പുത്തനുടുപ്പുകള്‍ അണിഞ്ഞും പുരുഷന്മാര്‍ കൂട്ടുകുടുംബമായി ഒത്തുച്ചേര്‍ന്നും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കലും കുടുംബ സന്ദര്‍ശനവുമാണ് പെരുന്നാള്‍ ദിനത്തിലെ ഏറെ ഉത്തമമായ കാര്യം. വലിയ കുടുബങ്ങളിലാകട്ടെ എല്ലാവരും ഒത്തുച്ചേര്‍ന്നുള്ള പാചകവും സൊറപറയലുമായി അടുക്കള ഏറെ സജീവമായിരിക്കും. ബിരിയാണി തന്നെയാണ് പ്രധാന വിഭവം. എന്നാല്‍ വിവിധ തരത്തിലുള്ള പലഹാരങ്ങളും പെരുന്നാള്‍ ദിനത്തില്‍ തീന്‍ മേശയില്‍ സ്ഥാനം പിടിക്കും.












Click it and Unblock the Notifications