'അല്‍പം കടുത്തുപോയി': ട്രംപിനെതിരായ ചില പരാമർശങ്ങളില്‍ ഖേദ പ്രകടനവുമായി ഇലോണ്‍ മസ്ക്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഖേദപ്രകടനവുമായി ടെസ്ല സി ഇ എടെസ്‌ലയുടെയും സ്‌പേസ്‌എക്‌സിന്റെയും സിഇഒ ആയ ഇലോൺ മസ്ക്. എക്സിലൂടെയായിരുന്നു മസ്കിന്റെ വിശദീകരണം. 'കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നതായിരുന്നു. അവയിൽ ഞാന്‍ ഖേദിക്കുന്നു' മസ്ക് എക്സില്‍ കുറിച്ചു.
ഡൊണാള്‍ഡ് ട്രംപുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മസ്ക് തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി വലിയ രീതിയില്‍ പണം ചിലവഴിക്കുകയും പ്രചരണം നടത്തുകയും ചെയ്തിരുന്നു. ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) മേധാവിയെന്ന സുപ്രധാന പദവിയും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ ട്രംപിന്റെ നയങ്ങളെച്ചൊല്ലി പ്രസിഡന്റുമായി ഇടഞ്ഞ മസ്ക് ഡോജില്‍ നിന്നും പടിയിറങ്ങി.

ഡോജില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ട്രംപിനെതിരെ കടുത്ത ഭാഷയില്‍ മസ്ക് വിമർശനങ്ങള്‍ ഉയർത്തിയത്. ട്രംപ് 'മനോഹരം' എന്നുവിശേഷിപ്പിച്ച ബജറ്റ് ബില്ലിനെ മസ്‌ക് 'അറപ്പുളവാക്കും വിധം മേച്ഛം' എന്നായിരുന്നു വിമര്‍ശിച്ചത്. 'ഞാനില്ലായിരുന്നെങ്കിൽ' 2024 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തോൽക്കുമായിരുന്നുവെന്ന അവകാശവാദം വരെ ഈ ദിവസങ്ങളില്‍ മസ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായി.
നികുതി നിയമത്തിനെതിരായ ഇലോണ്‍ മസ്കിന്റെ വിമർശനത്തില്‍ താന്‍ നിരാശനാണെന്ന് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയായിരുന്നു ടെസ്ല മേധാവി തന്റെ വിമർശനം കൂടുതല്‍ ശക്തമാക്കിയത്. 'എന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ, ട്രംപ് തിരഞ്ഞെടുപ്പിൽ തോറ്റുപോകുമായിരുന്നു, ഡെമോക്രാറ്റുകൾ ഹൗസ് നിയന്ത്രിക്കുകയും റിപ്പബ്ലിക്കൻമാർ സെനറ്റിൽ 51-49 എന്ന നേരിയ ഭൂരിപക്ഷം മാത്രമേ നേടുമായിരുന്നുള്ളൂ' എന്നായിരുന്നു മസ്ക് എക്സില്‍ കുറിച്ചു.
വിമർശനങ്ങള്‍ക്ക് പിന്നാലെ ട്രംപുമായുള്ള തർക്കങ്ങള്‍ പരിഹരിക്കാനായി മസ്ക് ശ്രമിച്ചിരുന്നുവെങ്കിലും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. അതേസമയം, സാധാരണയായി തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന മസ്കിന്റെ ഭാഗത്ത് നിന്നുള്ള അപൂർവ നടപടിയാണ് ഇപ്പോഴത്തെ ഈ തിരുത്ത്. അപ്പോള്‍ തന്നെ എല്ലാ പോസ്റ്റുകളിലും മസ്ക് ഖേദിക്കുന്നില്ല, ചിലത് മാത്രമാണ് അതിരുകടന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നതും ശ്രദ്ധേയമാണ്.
മസ്കിന്റെ ഖേദപ്രകടനത്തിനോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ട്രംപിന്റെ മുൻ പോസ്റ്റുകളുടെ ശൈലി പരിഗണിക്കുമ്പോൾ, മസ്കിനെ "ലൂസർ" എന്നോ മയക്കുമരുന്ന് ഉപയോഗം ആരോപിച്ചോ പരിഹസിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും ശക്തമാണ്. മസ്കിന്റെയും ട്രംപിന്റെയും ഇരുവരുടേയും ബിസിനസുകളേയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ടെസ്‌ലയുടെ ഓഹരികൾ കഴിഞ്ഞ വ്യാഴാഴ്ച വലിയ തോതില്‍ ഇടിഞ്ഞപ്പോള്‍ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിന്റെ മാതൃകമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ ഓഹരികളും നഷ്ടം നേരിട്ടു.












Click it and Unblock the Notifications