'ഞാനില്ലായിരുന്നെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലായിരുന്നു'; ട്രംപ്-മസ്ക് വാഗ്വാദം രൂക്ഷമാകുന്നു
ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെസ്ല സിഇഒ ഇലോണ്‍ മസ്കും തമ്മില്‍ രൂക്ഷമായ വാഗ്വാദം. 'ഞാനില്ലായിരുന്നെങ്കിൽ' 2024 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തോൽക്കുമായിരുന്നുവെന്നാണ് മസ്കിന്റെ ഏറ്റവും പുതിയ അവകാശവാദം. ഇത് വലിയ നന്ദേകേടാണെന്നും ട്രംപിനെ ഉദ്ദേശിച്ചുകൊണ്ട് ഇലോണ്‍ മസ്ക് പറഞ്ഞു. നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ താന്‍ നിരാശനാണെന്ന് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയായിരുന്നു മസ്ക് തന്റെ വിമർശനം കൂടുതല്‍ ശക്തമാക്കിയത്.
'എന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ, ട്രംപ് തിരഞ്ഞെടുപ്പിൽ തോറ്റുപോകുമായിരുന്നു, ഡെമോക്രാറ്റുകൾ ഹൗസ് നിയന്ത്രിക്കുകയും റിപ്പബ്ലിക്കൻമാർ സെനറ്റിൽ 51-49 എന്ന നേരിയ ഭൂരിപക്ഷം മാത്രമേ നേടുമായിരുന്നുള്ളൂ'മസ്ക് എക്സില്‍ കുറിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ഇളവുകള്‍ വെട്ടിക്കുറച്ചതിനെ, മസ്‌ക് "വെറുപ്പുളവാക്കുന്ന വൃത്തികേട്" എന്ന് വിമർശിക്കുകയും ചെയ്തു. ട്രംപിന്റെ 2024-ലെ തിരഞ്ഞെടുപ്പ് വിജയത്തിനായി താൻ 290 മില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നു.

വൈദ്യുതി വാഹന നികുതി ഇളവുകൾ ബജറ്റില്‍ വെട്ടിക്കുറച്ചതിൽ ടെസ്‌ല മേധാവി നിരാശനാണെന്നായിരുന്നു ട്രംപ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 'എലോണിന്റെ കാര്യത്തിൽ ഞാൻ വളരെ നിരാശനാണ്. ഞാൻ എലോണിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. അദ്ദേഹം എന്നെക്കുറിച്ച് ഏറ്റവും മനോഹരമായ കാര്യങ്ങൾ പറഞ്ഞു, വ്യക്തിപരമായി അദ്ദേഹം എന്നെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. പക്ഷേ അടുത്തത് അങ്ങനെയായിരിക്കുമെന്ന് എനിക്ക് ഉറപ്പില്ല.' അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഫെഡറൽ കമ്മി വർധിപ്പിക്കുന്നതിനാലാണ് ഈ ബില്ലിനെ എതിർക്കുന്നതെന്നാണ് മസ്കിന്റെ വാദം. 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' എന്ന ഈ ബില്ലിന്റെ ഔദ്യോഗിക പേര് സൂചിപ്പിച്ചുകൊണ്ട് 'വിജയത്തിനായി നേർത്ത സുന്ദരമായ ബിൽ' എന്ന് പരിഹാസ രൂപേണെ സമൂഹ്യ മാധ്യമത്തില്‍ കുറിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന് വേണ്ടി ശക്തമായ പ്രചരണം നടത്തിയിരുന്ന മസ്ക് പുതിയ സർക്കാർ അധികാരത്തില്‍ വന്നതിന് പിന്നാലെ ട്രംപ് സര്‍ക്കാരില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) വകുപ്പിന്റെ തലവനായി നിയമിക്കപ്പെട്ടു. എന്നാല്‍ മെയ് അവസാനത്തോടെ അദ്ദേഹം ഈ പദവി ഒഴിഞ്ഞു. ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്ന് അറിയിച്ചായിരുന്നു രാജി.
ട്രംപിനെതിരെ മസ്‌ക് നടത്തിയ ആദ്യത്തെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. 'പ്രസിഡന്റിന്റെ ഒപ്പ് വലിയ, മനോഹരമായ ചെലവ് ബില്‍ ബജറ്റ് കമ്മി വര്‍ധിപ്പിക്കുകയും ഡോജ് ടീമിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു ബില്‍ വലുതാകാം. അല്ലെങ്കില്‍ അത് മനോഹരമാകാം. പക്ഷേ അത് രണ്ടും ആകാമോ എന്ന് എനിക്കറിയില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്,' എന്നായിരുന്നു തന്റെ രാജി പ്രഖ്യാപിച്ചുകൊണ്ട് മസ്ക പറഞ്ഞത്.












Click it and Unblock the Notifications