ട്വിറ്ററിന്റെ ഏക പരിഹാര മാർഗമാണ് എലോണ്‍ മസ്ക്: ഏറ്റെടുക്കലിനെ സ്വാഗതം ചെയ്ത് ജാക്ക് ഡോർസി
വാഷിങ്ടണ്‍: മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെ എലോണ്‍ മസ്ക് ഏറ്റെടുക്കുന്നത് സ്വാഗതം ചെയ്ത് ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി. ട്വിറ്ററിന്റെ ഏക പരിഹാര മാർഗമാണ് എലോണ്‍ മസ്കെന്നാണ് ജാക്ക് ഡോർസി ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്ന ഡോർസി ട്വിറ്ററിലെ സി ഇ ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ഇദ്ദേഹത്തിന്റെ പകരക്കാരനായിട്ടായിരുന്നു കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗർവാളിനെ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്ത് എത്തിയത്.
"തത്ത്വത്തിൽ, ആരും ട്വിറ്റർ സ്വന്തമാക്കുന്നതിലോ പ്രവർത്തനം ഏറ്റെടുക്കുന്നതിലോ ഞാൻ വിശ്വസിക്കുന്നില്ല. കമ്പനി ആകുന്നതിലും സ്ഥാപനം ഒരു പൊതു ഇടമായി നിലനില്‍ക്കുന്നതിലാണ് എനിക്ക് താത്പര്യം. ഒരു കമ്പനിയായതിന്റെ പ്രശ്നം പരിഹരിക്കാനുള്ള ഏകമാർഗ്ഗം എലോണ്‍ മസ്ക്ക് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അറിവിന്റ വെളിച്ചം വീശാനുള്ള അദ്ദേഹത്തിന്റെ ദൗത്യത്തിൽ ഞാൻ വിശ്വസിക്കുന്നു," ഡോർസി ഒരു ട്വീറ്റിൽ പറഞ്ഞു.

വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു പ്ലാറ്റ്ഫോം കെട്ടിപ്പടുക്കുകയാണ് മസ്‌കിന്റെ ലക്ഷ്യമെന്നും ഡോർസി കൂട്ടിച്ചേർത്തു. പാരാഗിന്റെ ലക്ഷ്യവും ഇതാണ്. അതുകൊണ്ടാണ് ആ സ്ഥാനത്തേക്ക് അവനെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അസാധ്യമായ ഒരു സാഹചര്യത്തിൽ നിന്ന് കമ്പനിയെ കരകയറ്റിയതിന് ഇരുവർക്കും നന്ദി. ഇതാണ് ശരിയായ പാതയെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്വിറ്ററിനെ മസ്ക് വാങ്ങുന്നതു വെബ്‌സൈറ്റിന്റെ ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്ന് മറ്റൊരു ട്വീറ്റില്‍ ഡോർസി കുറിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് 3.67 ലക്ഷം കോടി (4400 കോടി ഡോളർ) രൂപയ്ക്കാണ് ട്വിറ്റർ ഏറ്റെടുക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ. ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ ഇനി പൂർണമായും സ്വകാര്യ കമ്പനിയായി മാറുകയും ചെയ്യും.
സ്കിന്റെ ഏറ്റെടുക്കൽ പദ്ധതിക്ക് ഐകകണ്ഠ്യേനയാണ് ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചത്. എലോണ്‍ മസ്ക് നേരത്തെ തന്നെ ട്വിറ്റർ വാങ്ങാനുള്ള ശ്രമം ആരംഭിച്ചിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ തീരുമാനം വൈകുകയായിരുന്നു. എലോണ്‍ മസ്ക് ചെയർമാന്‍ സ്ഥാനത്തേക്ക് വരുന്നതോടെ പരാഗ് അഗർവാള്‍ സി ഇ ഒ സ്ഥാനത്ത് നിന്ന് മാറ്റപ്പെടാന്‍ സാധ്യതയുള്ളതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications