ലോകചരിത്രത്തില്‍ ആദ്യം, മാജിക് നമ്പര്‍ തൊട്ട് മസ്‌കിന്റെ ആസ്തി..! ഇനിയും കൂടും, കാരണമിത്
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവിയില്‍ ഏറെ നാളായി വിരാജിക്കുകയാണ് സ്പേസ് എക്സ് ഉടമയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. അടുത്തിടെ നടന്ന ഒരു ആഭ്യന്തര ഷെയര്‍ വില്‍പ്പനയ്ക്കും യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കും ശേഷം മസ്‌കിന്റെ ആസ്തി ഇരട്ടിയില്‍ അധികമായി കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോഴിതാ ആസ്തിയില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.
400 ബില്യണ്‍ ഡോളര്‍ ആസ്തി സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയായി ഇലോണ്‍ മസ്‌ക് മാറിയിരിക്കുകയാണ് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് അനുസരിച്ച് അദ്ദേഹത്തിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഇന്‍സൈഡ് ഷെയര്‍ വില്‍പ്പന മസ്‌കിന്റെ ആസ്തി ഏകദേശം 50 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിച്ചു. ഇതോടെ മസ്‌കിന്റെ മൊത്തം ആസ്തി 439.2 ബില്യണ്‍ ഡോളറായി.

2022 ന്റെ അവസാനത്തില്‍ മസ്‌കിന്റെ ആസ്തി 200 ബില്യണ്‍ ഡോളറിലധികം കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ മസ്‌കിന്റെ രാശി തെളിഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ടെസ്ല ഇങ്കിന്റെ സ്റ്റോക്ക് ഏകദേശം 65 ശതമാനം വര്‍ധിച്ചു. ഇതെല്ലാ അദ്ദേഹത്തിന്റെ ആസ്തിയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപ് സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ വ്യാപനം കാര്യക്ഷമമാക്കുമെന്നും ടെസ്ലയുടെ എതിരാളികളെ സഹായിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ ഇല്ലാതാക്കുമെന്നുമാണ് വിപണിയുടെ പ്രതീക്ഷ. ഇതെല്ലാം മസ്‌കിന്റെ ബിസിനസിന് ഉത്തേജനമായിട്ടുണ്ട്. മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ മെയ് മാസത്തില്‍ ധനസമാഹരണം ആരംഭിച്ചതിന് ശേഷം മൂല്യം ഇരട്ടിച്ചിരുന്നു.
ബുധനാഴ്ചയാണ് സ്പേസ് എക്സും അതിന്റെ നിക്ഷേപകരും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കിയത്. ജീവനക്കാരില്‍ നിന്നും കമ്പനിയുടെ അകത്തുള്ളവരില്‍ നിന്നും 1.25 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങുന്നതായിരുന്നു കരാര്‍. കമ്പനിയുടെ മൂല്യം 350 ബില്യണ്‍ ഡോളറായിരുന്നു. ഈ കരാര്‍ സ്പേസ് എക്സിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പാക്കി മാറ്റി.
കമ്പനിയുടെ വരുമാനം യുഎസ് സര്‍ക്കാരുമായുള്ള കരാറുകളെ ആശ്രയിക്കുന്നതിനാല്‍ ട്രംപിന്റെ പ്രസിഡന്റ് കാലാവധി കമ്പനിയെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ബഹിരാകാശയാത്രികരെ ചൊവ്വയില്‍ എത്തിക്കാനുള്ള മസ്‌കിന്റെ ആശയത്തെ ട്രംപ് പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ടെക്സാസില്‍ നടന്ന സ്പേസ് എക്സ് ലോഞ്ചില്‍ ഡൊണാള്‍ഡ് ട്രംപും എലോണ്‍ മസ്‌കിനൊപ്പം ചേര്‍ന്നിരുന്നു.












Click it and Unblock the Notifications