ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ ഊര്‍ജോല്‍പാദനം; ചരിത്രനേട്ടവുമായി യുഎസ് ഗവേഷകര്‍
വാഷിംഗ്ടണ്‍: ലോകത്തെ ഊര്‍ജ ലഭ്യതക്കുറവിന് പരിഹാരമായേക്കാവുന്ന ചരിത്രപരമായ നേട്ടവുമായി യു എസ് ഗവേഷകര്‍. ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ ആദ്യമായി ഉര്‍ജോല്‍പാദനം സാധ്യമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ ഗവേഷകര്‍. സൂര്യനില്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന രീതിയിലൂടെ ആണ് ഊര്‍ജോല്‍പാദനം നടക്കുന്നത്.
നിലവില്‍ ലോകത്ത ആണ റിയാക്ടറുകളില്‍ ന്യൂക്ലിയര്‍ ഫിഷന്‍ പ്രക്രിയയിലൂടെയാണ് ഊര്‍ജോല്‍പാദനം നടക്കുന്നത്. ഒന്നിലേറെ അണുകേന്ദ്രങ്ങള്‍ കൂടിച്ചേരുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന് പ്രക്രിയയില്‍ വന്‍ തോതിലാണ് ഊര്‍ജം സ്വതന്ത്രമാകുന്നത്. ഈ ഊര്‍ജത്തെ ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങളിലാണ് നിര്‍ണായക ഘട്ടത്തിലേക്ക് യു എസ് ഗവേഷകര്‍ എത്തിയിരിക്കുന്നത്.

റേഡിയോ ആക്ടീവ് ശേഷിയുള്ള മാലിന്യങ്ങള്‍ ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ ഉണ്ടാകുന്നില്ല. അതിനാല്‍ ക്ലീന്‍ എനര്‍ജി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള സാധ്യതയാണ് ഇതുവഴി തെളിയുന്നത്. യു എസ് ഊര്‍ജ വകുപ്പ് ഫ്യൂഷന്‍ ഇഗ്‌നിഷന്റെ നേട്ടത്തെ 'വലിയ ശാസ്ത്രീയ മുന്നേറ്റം' എന്നാണ് വിശേഷിപ്പിച്ചത്.
ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍ കിം ബുഡില്‍ ഇതിനെ വിശേഷിപ്പിച്ചത് മനുഷ്യരാശി ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ നേട്ടങ്ങളില്‍ ഒന്നാണ് എന്നാണ്. പതിറ്റാണ്ടുകളായി ന്യൂക്ലിയര്‍ ഫ്യൂഷന്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ പരിശ്രമിക്കുന്നുണ്ട്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ കാര്‍ബണ്‍ രഹിതമാണ് എന്നതിനൊപ്പം ഇത് ആണവ ദുരന്തത്തിന് അപകടസാധ്യത സൃഷ്ടിക്കുന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്.
അതേസമയം വ്യാവസായിക തലത്തില്‍ സംയോജനം സാധ്യമാകുന്നതിന് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. വീടുകള്‍ക്കും ബിസിനസ്സുകള്‍ക്കും ഊര്‍ജ്ജം നല്‍കുന്നതിന് ലളിതവും താങ്ങാനാവുന്നതുമായ മാര്‍ഗം നേടുന്നതിന് നിരവധി നൂതന ശാസ്ത്ര സാങ്കേതിക സംഭവവികാസങ്ങള്‍ ഇനിയും ആവശ്യമാണ് എന്ന് ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി പറഞ്ഞു.
അതേസമയം മറ്റ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രോജക്ടുകളും ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഐ ടി ആര്‍ എന്നറിയപ്പെടുന്ന പ്രധാന അന്താരാഷ്ട്ര പദ്ധതി നിലവില്‍ ഫ്രാന്‍സില്‍ നിര്‍മ്മാണത്തിലാണ്.












Click it and Unblock the Notifications