ഇംഗ്ലീഷ് ഇനി യുഎസിന്റെ ഔദ്യോഗിക ഭാഷ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
ഇംഗ്ലീഷിനെ യുഎസിന്റെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെഡറൽ ഫണ്ടിംഗ് ലഭിക്കുന്ന സർക്കാരും സംഘടനകളും ഇംഗ്ലീഷ് ഇതര ഭാഷകൾ സംസാരിക്കുന്നവർക്ക് സഹായം നൽകണമെന്ന മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റന്‍റെ ഉത്തരവ് ആണ് ഇതോടെ റദ്ദായിരിക്കുന്നത്. അതേസമയം രേഖകളും സേവനങ്ങളും മറ്റ് ഭാഷകളിൽ തന്നെ തുടരണോ അതോ ഇംഗ്ലീഷിൽ വേണമോയെന്നത് അതത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.
പതിറ്റാണ്ടുകളായി യു എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ഇംഗ്ലീഷ് ഔദ്യോഗികഭാഷയാക്കാനായുള്ള നിയമനിര്‍മ്മാണത്തിനായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ദ്വിഭാഷാ വിദ്യാഭ്യാസവും കുടിയേറ്റവും പരിമിതപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്ന സംഘങ്ങളുടെ വിജയമായിട്ടാണ് ഉത്തരവിനെ കണക്കാക്കുന്നത്. നിലവിൽ 30 ലധികം സംസ്ഥാനങ്ങൾ ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചവരാണ്. അതേസമയം അമേരിക്കക്കാരിൽ മുക്കാൽ ഭാഗവും ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. എന്നാൽ ഏകദേശം 42 ദശലക്ഷം പേർ സ്പാനിഷ് ആണ് സംസാരിക്കുന്നത്. 3 ദശലക്ഷം പേർ ചൈനീസ് ഭാഷ സംസാരിക്കുന്നവരും.

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കുന്നത് ഐക്യം പ്രോത്സാഹിപ്പിക്കുകയും സർക്കാർ പ്രവർത്തനങ്ങളിൽ കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. 'ഇംഗ്ലീഷ് ഔദ്യോഗികമാക്കുന്നതോടെ ദേശീയ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതൽ യോജിച്ചതും കാര്യക്ഷമവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും. ഇംഗ്ലീഷ് സംസാരിക്കുന്നത് സാമ്പത്തികമായി വാതിലുകൾ തുറക്കുക മാത്രമല്ല, മറിച്ച് അവരുടെ സമൂഹങ്ങളുമായി ബന്ധപ്പെടാനും പാരമ്പര്യങ്ങളുടെ ഭാഗമാകാും സമൂഹ്തിന് സംഭാവന നൽകാനും സഹായിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.
അതേസമയം ട്രംപിന്റെ അനുയായികൾ ഉത്തരവിന് കൈയ്യടിക്കുമ്പോൾ കടുത്ത വിമർശനമാണ് ഡെമോക്രാറ്റിക് നേതാക്കളും കുടിയേറ്റ അനുകൂല നിലപാടുകളുള്ളവരും പങ്കുവെയ്ക്കുന്നത്. മറ്റ് ഉത്തരവുകൾ പോലെ തന്നെ ഈ ഉത്തരവും ഭരണഘടനാപരമാണോയെന്ന് പരിശോധിക്കുമെന്ന് ന്യൂനപക്ഷ നേതാവ് ന്യൂയോർക്കിലെ ഹക്കീം ജെഫ്രീസ് പറഞ്ഞു. ഭരണഘടനയ്ക്ക് വിരുദ്ധമാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ജെഫ്രീസ് പറഞ്ഞു. അതേസമയം കറുത്തവരേയും കുടിയേറ്റക്കാരയും ലക്ഷ്യം വെച്ചാണ് ട്രംപിന്റെ പുതിയ നീക്കമെന്നും ഇതിനെതിരെ അതിശക്തമായിത്തന്നെ പോരാടുമെന്നും യുനൈറ്റഡ് വി ഡ്രീം എന്ന യുവ സംഘടനയുടെ പ്രതിനിധികൾ പറഞ്ഞു.
ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള നീക്കം ചെയ്തിരുന്നു. വിമർശനം ഉയർന്നതോടെ പേജ് പുനഃസ്ഥാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications