എപ്സ്റ്റീന്‍ ഫയലില്‍ പേര്; ചാള്‍സ് രാജകുമാരന്റെ സഹോദരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ യുകെയില്‍ അറസ്റ്റില്‍
ലണ്ടന്‍: ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളില്‍ പേര് ഉള്‍പ്പെട്ടതിനെതുടര്‍ന്ന്, ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ നാണക്കേടായി മാറിയ രാജകുടുംബാംഗം അറസ്റ്റില്‍. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഇളയ മകനും ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റനാണ് അറസ്റ്റിലായത്. യുകെ പൊലീസാണ് ആന്‍ഡ്രൂ മൗണ്ട്ബാറ്റണിന്റെ 66-ാം ജന്മദിനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ട ദശലക്ഷക്കണക്കിന് രേഖകളിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് യുകെ പൊലീസിന്റെ നടപടി.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിലാണ് ബ്രിട്ടനിലെ മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂ വിവാദങ്ങളില്‍ ഉള്‍പ്പെട്ടത്. ബ്രിട്ടന്റെ പ്രത്യേക വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന 2001-2011 കാലയളവില്‍ ആന്‍ഡ്രൂ എപ്സ്റ്റീന് രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകള്‍ കൈമാറിയെന്നാണ് രേഖകളില്‍ കാണച്ചിരിക്കുന്നത്. ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തതിനാണ് അറസ്റ്റ്. വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരിക്കല്‍ പ്രിന്‍സ് ആന്‍ഡ്രൂ എന്നറിയപ്പെട്ടിരുന്ന ആന്‍ഡ്രൂവിനെ ചാള്‍സ് മൂന്നാമന്‍ രാജാവ് രാജപദവികളില്‍ നിന്ന് ഒഴിവാക്കുകയും കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഏഷ്യന്‍ സന്ദര്‍ശനം നടത്തിയ ഇദ്ദേഹം വിയറ്റ്നാം, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എപ്സ്റ്റീന് കൈമാറിയതായും ഇ-മെയില്‍ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇതുകൂടാതെ, ബക്കിങ്ഹാം കൊട്ടാരത്തില്‍ വെച്ച് ഒരു റഷ്യന്‍ യുവതിയെ ആന്‍ഡ്രൂവിന് പരിചയപ്പെടുത്താന്‍ എപ്സ്റ്റീന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവിട്ട രേഖകളില്‍ നിലത്ത് കിടക്കുന്ന ഒരു സ്ത്രീക്കൊപ്പം മുട്ടുകുത്തി ഇരിക്കുന്ന ബ്രിട്ടീഷ് മുന്‍ രാജകുമാരന്റെ ചിത്രം പുറത്തുവന്നിരുന്നു.
ആന്‍ഡ്രൂവിനെ വിന്‍ഡ്സര്‍ കൊട്ടാരത്തിന് സമീപമുള്ള വുഡ് ഫാമില്‍ നിന്നാണ് യുകെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ മറ്റ് വിഐപി പരിഗണനകളൊന്നും നല്‍കാതെ ഒരു സാധാരണ തടവുകാരനെപ്പോലെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആന്‍ഡ്രൂ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും, മനുഷ്യക്കടത്ത്, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റ് നടന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആന്‍ഡ്രൂ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വിവാദം സൃഷ്ടിച്ച വ്യക്തിയാണ്.












Click it and Unblock the Notifications