ഉര്‍ദുഗാന്‍ സൂചിയുമായി സംസാരിച്ചു;1000 ടണ്‍ അവശ്യവസ്തുക്കളുമായി തുര്‍ക്കി സഹായ ഏജന്‍സി
ഉര്‍ദുഗാന്‍ സൂചിയുമായി സംസാരിച്ചു;1000 ടണ്‍ അവശ്യവസ്തുക്കളുമായി തുര്‍ക്കി സഹായ ഏജന്‍സി
അങ്കാറ: മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധമതാനുയായികളുടെയും അതിക്രമങ്ങള്‍ക്കിരയായ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കായി ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയടങ്ങിയ 1000 ടണ്‍ അവശ്യവസ്തുക്കള്‍ റകിനെ സംസ്ഥാനത്തെത്തിക്കാന്‍ തുര്‍ക്കി ജീവകാരുണ്യ ഏജന്‍സിക്ക് അനുമതി ലഭിച്ചു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ മ്യാന്‍മര്‍ നേതാവ് ആംഗ് സാന്‍ സൂചിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണിത്. ഇതാദ്യമായാണ് ഒരു വിദേശ ഏജന്‍സിക്ക് പ്രശ്‌ന ബാധിത പ്രദേശത്ത് പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നത്.
തുര്‍ക്കിഷ് കോപറേഷന്‍ ആന്റ് കോഡിനേഷന്‍ ഏജന്‍സിക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ 1000 ടണ്‍ സാധനങ്ങളെത്തിക്കാന്‍ അവസരം ലഭിച്ചതെന്ന് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് കലിന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സൈനിക ഹെലികോപ്റ്ററിലാണ് ഇവ വിതരണം ചെയ്യുക. സര്‍ക്കാരുമായി സഹകരിച്ച് തുടര്‍ന്നും സഹായങ്ങളെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കാവുസോഗ്ലുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബംഗ്ലാദേശ് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും പ്രസിഡന്റിന്റെ പ്രതിനിധി വ്യക്തമാക്കി. ഇവിടെയുള്ള ഒരു ലക്ഷം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, റോഹിംഗ്യന്‍ മുസ്ലിംകളെ അക്രമികളില്‍ നിന്ന് രക്ഷിക്കുന്നതിന് സാധ്യമായതെല്ലാം മ്യാന്‍മര്‍ ഭരണകൂടം ചെയ്യുന്നുണ്ടെന്ന് ആംഗ് സാന്‍ സൂചി തുര്‍ക്കി പ്രസിഡന്റിന് ഉറപ്പ് നല്‍കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഹനിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രയാസം നന്നായി മനസ്സിലാവുമെന്നും അതിനാല്‍ അവരെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവരുന്നതായും സൂചി പറഞ്ഞു. ആഗസ്ത് 25 മുതല്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലേറെ ആളുകള്‍ അഭയാര്‍ഥികളാവുകയും ചെയ്ത റോഹിംഗ്യന്‍ വിഷയത്തില്‍ സൂചി പ്രതികരിക്കുന്നത് ഇതാദ്യമായാണ്.












Click it and Unblock the Notifications