കൊവിഡ് വാക്‌സിനേഷന്‍ 85 ശതമാനം; എന്നിട്ടും രക്ഷയില്ല, നെതര്‍ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
ആംസ്റ്റര്‍ഡാം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേക്കാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത്, റെസ്റ്റോറന്റുകളും കടകളും നേരത്തെ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും കായിക മത്സരങ്ങള്‍ മാറ്റിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചത്തേക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യത്ത് 16000ല്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് പോലും ഏറ്റവും കൂടുതലുള്ള രോഗികളുടെ എണ്ണം 13000 ആയിരുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച നടക്കുന്ന നോര്‍വേ- നെതര്‍ലാന്‍ജ് ലോകകപ്പ് യോഗ്യത മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. ഈ വേനല്‍ കാലത്തിന് ശേഷം ആദ്യമായി കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യമാണ് നെതര്‍ലന്‍ഡ്.

പുതിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ രാത്രി എട്ട് മണിക്ക് ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം., അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എട്ട് മണിക്ക് അടയ്ക്കണം. ആവശ്യേതര വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ആറ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. വീട്ടില്‍ ഒരേ സമയത്ത് നാല് അതിഥികളെ മാത്രമാണ് അനുവദിക്കുക.
ആളുകളോട് വീട്ടില്‍ തന്നെ കഴിയാനും കമ്പനികളോട് വര്‍ക്ക് ഫ്രൊം ഹോം സംവിധാനം നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 85 ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ രാജ്യം കൂടിയാണ് നെതര്‍ലന്‍ഡ്. വാക്‌സിന്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും നിയന്ത്രണം ബാധകമാണ്. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാര്‍ ആന്‍ഡ് റസ്റ്ററന്‍ഡ് ഉടമകള്‍ രംഗത്തെത്തി. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ് സര്‍ക്കാര്‍ നയമെന്ന് അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളില്‍നിന്നുള്ള പ്രതിഷേധവും ശക്തമാണ്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ യൂറോപ്പില്‍ കൊറോണ വൈറസ് മരണങ്ങള്‍ 10 ശതമാനം വര്‍ദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. തുടര്‍ച്ചയായ ആറാമത്തെ ആഴ്ചയാണ് യൂറോപ്പില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഏക മേഖല യൂറോപ്പാണ്.
യൂറോപ്യന്‍ മേഖലയിലെ 61 രാജ്യങ്ങളില്‍ 42 ശതമാനവും കഴിഞ്ഞ ആഴ്ചയില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മ്മനിയില്‍ മാത്രം വ്യാഴാഴ്ച 50,196 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ ഏകദേശം 3.1 ദശലക്ഷം പുതിയ കേസുകള്‍ ഉണ്ടെന്നാണ് യുഎന്‍ ആരോഗ്യ ഏജന്‍സി വ്യക്തമാക്കുന്നത്. ആകെ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ 1 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications