യൂറോപ്പിലേക്ക് പറക്കണോ? ഇന്ത്യക്കാർക്ക് വന്‍ ഇളവുകളുമായി ഇയു, ഗള്‍ഫുകാർക്കുമുണ്ട് സന്തോഷ വാർത്ത
ഇന്ത്യക്കാരുടെ യൂറോപ്പ് യാത്രകള്‍ ഇനി മുതല്‍ കൂടുതല്‍ എളുപ്പമാകും. ഇന്ത്യക്കാർക്കും ജി സി സി രാഷ്ട്രങ്ങളിലെ പൗരന്മാർക്കുമായി പ്രത്യേകമായി 'കാസ്കേഡ്' എന്ന പേരിലുള്ള പുതിയ വിസ സംവിധാനമാണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ ഷെങ്കന്‍ വിസയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിക്കൊണ്ടാണ് പുതിയ സബ്രദായം അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതാണ് മാറ്റങ്ങൾ. രണ്ട് വർഷത്തെ സമയപരിധിയിൽ വരെ ഇനി വിസ ലഭിക്കും. നേരത്തെ ഇന്ത്യന്‍ യാത്രക്കാർക്ക് വളരെ കുറഞ്ഞ കാലയളവില്‍ മാത്രമായിരുന്നു ഷെങ്കന്‍ വിസ ലഭിച്ചിരുന്നത്. പുതിയ സാഹചര്യത്തിലും എല്ലാവർക്കും രണ്ട് വർഷത്തേക്ക് വിസ ലഭിക്കില്ല. അതിന് ചില മാനദണ്ഡങ്ങളും യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെങ്കൻ വിസകൾ സ്വന്തമാക്കുകയും അത് നന്നായി ഉപയോഗിക്കുകയും ചെയ്തവർക്കാണ് പുതിയ മാനദണ്ഡപ്രകാരമുള്ള വിസ ലഭിക്കുകയെന്നാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്. രണ്ട് വർഷത്തേക്ക് ലഭിക്കുന്ന ഷെങ്കന്‍ വിസ പിന്നീട് അഞ്ച് വർഷത്തേക്ക് വർധിപ്പിക്കാനുള്ള അവസരവും ലഭിച്ചേക്കും. പാസ്പോർട്ട് കാലാവധി അവസാനിച്ചിട്ടില്ലെങ്കിൽ അഞ്ച് വർഷത്തേക്ക് ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
അധിക പെർമിറ്റുകളുടെയോ മറ്റ് അനുമതികളുടേയോ ആവശ്യമില്ലാതെ, ഇന്ത്യൻ യാത്രക്കാർക്ക് 180 ദിവസത്തിനുള്ളിൽ 90 ദിവസം വരെ ഹ്രസ്വകാല താമസത്തിനായി ഷെങ്കന്‍ അംഗരാജ്യങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാമെന്നും പുതിയ നിയമങ്ങൾ പ്രധാനമായും പറയുന്നത്. ഈ സംവിധാനത്തിന് കീഴിൽ, യാത്രയുടെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുള്ള യോഗ്യരായ യാത്രക്കാർക്ക് അവരുടെ പാസ്‌പോർട്ടിൻ്റെ സാധുതയും കണക്കിലെടുത്ത് വിപുലീകൃത സാധുതയുള്ള വിസകളിലേക്കുള്ള പ്രവേശനവും ലഭിക്കും. അതായത് ഷെങ്കൻ രാജ്യങ്ങളിൽ യാത്ര ചെയ്ത് മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടാക്കുന്നവർക്ക് വിസയുടെ കാലാവധി നീട്ടിക്കിട്ടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.
ഇന്ത്യക്ക് പുറമെ സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ ജി സി സി രാജ്യങ്ങളില്‍ ഉള്ളവർക്കും യുറോപ്യന്‍ യൂണിയന്‍ വിസ അപേക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തിന് കീഴിൽ സൗദി, ബഹ്‌റൈൻ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവർക്ക് ഒന്നിലധികം എൻട്രി വിസകളിലേക്ക് പ്രവേശനം ലഭിക്കും. ഇതിലൂടെ അഞ്ച് വർഷത്തിനുള്ളിൽ ഒരേ വിസ ഉപയോഗിച്ച് 29 യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവരേയും അനുവദിക്കുന്നു.
എന്താണ് ഷെങ്കന്‍ വിസ
റിപ്പബ്ലിക് ഓഫ് അയർലൻഡും സൈപ്രസും ഒഴികെയുള്ള 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 25 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഷെങ്കൻ ഏരിയ. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഷെങ്കന്‍ വിസയുള്ളവർക്ക് ഈ രാജ്യങ്ങളിലൂടെ തടസ്സങ്ങളില്ലാതെ സന്ദർശിക്കാന്‍ കഴിയും.












Click it and Unblock the Notifications