ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറ്റവും മോശം അവസ്ഥയിൽ തുടരുന്നതിനിടെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് രംഗത്തെത്തി. അമേരിക്ക പാകിസ്ഥാനെ ആക്രമിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുമെന്നും ന്യൂഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ബോംബ് വർഷിക്കുമെന്നുമാണ് ബാസിത് പ്രസ്താവിച്ചത്. ഒരു സാങ്കൽപ്പിക യുദ്ധ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അന്താരാഷ്ട്ര മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള ഈ പ്രകോപനപരമായ പ്രസ്താവന അദ്ദേഹം നടത്തിയത്. 2014 മുതൽ 2017 വരെ ഇന്ത്യയിൽ പാകിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ച വ്യക്തിയിൽ നിന്നുണ്ടായ ഈ നീക്കം നയതന്ത്ര വൃത്തങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ബാസിതിന്റെ വാക്കുകൾ ഇങ്ങനെ
"അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ നമ്മൾ ഇന്ത്യയെയും, മുംബൈയെയും, ന്യൂഡൽഹിയെയും രണ്ടാമതൊന്ന് ആലോചിക്കാതെ ആക്രമിക്കേണ്ടിവരും. നമ്മൾ അത് ഉപേക്ഷിക്കില്ല, പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോൾ നോക്കാം." പാകിസ്ഥാനെ ആരെങ്കിലും 'മോശം കണ്ണോടെ' നോക്കിയാൽ ഇന്ത്യയെ എവിടെ വേണമെങ്കിലും ആക്രമിക്കുകയല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആക്രമണങ്ങൾ ആരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും, ലക്ഷക്കണക്കിന് സാധാരണക്കാർ താമസിക്കുന്ന ഇന്ത്യൻ നഗരങ്ങളെ നേരിട്ട് പരാമർശിച്ചത് ബോധപൂർവ്വമായ പ്രകോപനമായാണ് വിലയിരുത്തപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ ബാസിതിന്റെ ഈ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിലവിൽ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി തർക്കങ്ങളും ആഭ്യന്തര കലാപങ്ങളും കാരണം പാകിസ്ഥാൻ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസ്താവന പുറത്തുവരുന്നത്. കാബൂൾ, കാണ്ഡഹാർ തുടങ്ങിയ മേഖലകളിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയെന്ന് താലിബാൻ ഭരണകൂടം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയെയും ഇന്ത്യയെയും ഒരുപോലെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബാസിതിന്റെ വാചാടോപം. ഇന്ത്യയുമായി നേരിട്ട് ഇടപഴകിയിട്ടുള്ള ഒരു മുൻ ഉദ്യോഗസ്ഥൻ ഇത്രയും നിരുത്തരവാദപരമായ ഭാഷ ഉപയോഗിക്കുന്നത് പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബാസിതിന്റെ ഈ ഭീഷണിയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അയൽരാജ്യങ്ങളെ നിരന്തരം പ്രകോപിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ശൈലിയുടെ തുടർച്ചയായാണ് ഇതിനെ ഇന്ത്യ കാണുന്നത്. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം പരാമർശങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കൂ. ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കമായും ഇതിനെ ചിലർ നിരീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications