അസദും കുടുംബവും മോസ്‌കോയില്‍; അഭയം നല്‍കുമെന്ന് റഷ്യ
ദമാസ്‌കസ്: പുറത്താക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദും കുടുംബവും മോസ്‌കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അസദിന് അഭയം നല്‍കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. വിമതര്‍ സിറിയയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് തൊട്ടുമുന്‍പെയാണ് ബാഷര്‍ അല്‍-അസദും കുടുംബവും രാജ്യം വിട്ടത്.
'അസദും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മോസ്‌കോയില്‍ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അവര്‍ക്ക് അഭയം നല്‍കിയത്,' ക്രെംലിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അസദ് ഇന്നലെ തന്നെ രാജ്യം വിട്ടു എന്ന് വ്യക്തമായിരുന്നു എങ്കിലും എവിടേക്കാണ് പോയത് എന്നതിനെ കുറിച്ച് വ്യക്തതയില്ലായിരുന്നു. വിമതര്‍ തലസ്ഥാനം പിടിച്ചെടുക്കുന്ന സമയത്താണ് ദമാസ്‌കസ് വിമാനത്താവളത്തില്‍ നിന്ന് സിറിയന്‍ എയര്‍ വിമാനം പറന്നുയര്‍ന്നത്.

വിമാനം തുടക്കത്തില്‍ സിറിയയുടെ തീരപ്രദേശത്തേക്കാണ് പറന്നത്. ഇത് അസദിന്റെ അലവൈറ്റ് വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. എന്നാല്‍ പെട്ടെന്ന് ഒരു യു-ടേണ്‍ എടുക്കുകയും കുറച്ച് മിനിറ്റ് എതിര്‍ ദിശയിലേക്ക് പറക്കുകയും പിന്നീട് മാപ്പില്‍ നിന്ന് അപ്രത്യക്ഷമാകുകയുമായിരുന്നു. ഇതോടെ അസദിന്റെ വിമാനം അപകടത്തില്‍പ്പെട്ടു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വിമാനത്തിന്റെ ഗതിയിലെ പെട്ടെന്നുള്ള മാറ്റവും ട്രാക്കിംഗില്‍ നിന്ന് അപ്രത്യക്ഷമാകുന്നതും വെടിവെച്ചടുമ്പോഴോ ട്രാന്‍സ്പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്യുമ്പോഴോ സംഭവിക്കുന്നതാണ്. അസദും കുടുംബവും ഇപ്പോള്‍ റഷ്യയില്‍ ഉള്ളതിനാല്‍, വിമാനം ട്രാന്‍സ്പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്തതായി വ്യക്തമാണ്. ഇസ്ലാമിസ്റ്റ് ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) എന്ന വിമത ഗ്രൂപ്പ് നടത്തിയ അട്ടിമറിയാണ് അസദിനെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അസദ് കുടുംബമാണ് സിറിയ ഭരിക്കുന്നത്. 2000 ത്തില്‍ ആണ് ബാഷര്‍ അല്‍-അസദ് സിറിയയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്. ഇരുണ്ട കാലഘട്ടത്തിന്റെ അവസാനവും സിറിയയുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കവും തങ്ങള്‍ പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞാണ് വിമതര്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതായി അറിയിച്ചത്. സിറിയയിലുടനീളം ബാഷര്‍ അല്‍ അസദിന്റെ പിതാവ് ഹഫീസ് അല്‍ അസദിന്റെ പ്രതിമകള്‍ ആളുകള്‍ തകര്‍ത്തു.
എച്ച്ടിഎസിന്റെ ഇസ്ലാമിക നേതാവ് അബു മുഹമ്മദ് അല്‍-ജൊലാനി തലസ്ഥാനമായ ദമാസ്‌കസിന്റെ പ്രധാന കേന്ദ്രമായ ഉമയ്യദ് മസ്ജിദ് സന്ദര്‍ശിച്ചു. അല്‍-ഖ്വയ്ദയുടെ സിറിയന്‍ ശാഖയിലാണ് എച്ച്ടിഎസ് വേരൂന്നിയിരിക്കുന്നത്. പാശ്ചാത്യ ഗവണ്‍മെന്റുകള്‍ ഒരു തീവ്രവാദ സംഘടനയായി നിരോധിച്ചിരിക്കുന്ന എച്ച്ടിഎസ് സമീപകാലത്തായി അതിന്റെ പ്രതിച്ഛായ മയപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
സിറിയയില്‍ കഴിഞ്ഞ 50 വര്‍ഷമായി വിയോജിപ്പിന്റെ ചെറിയ സംശയം പോലും ഒരാളെ ജയിലിലാക്കാനോ കൊലപ്പെടുത്താനോ ഉള്ള കാരണമായിരുന്നു. അതിനാല്‍ തന്നെ സിറിയയിലെ അട്ടിമറിയെ യുഎന്‍ യുദ്ധക്കുറ്റ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തു. അസദിന്റെ പതനം സിറിയക്കാരുടെ ചരിത്രപരമായ ഒരു പുതിയ തുടക്കമാണ് എന്ന് അവര്‍ വിശേഷിപ്പിച്ചു. എന്നാല്‍ അസദ് ഭരണത്തിന്‍ കീഴില്‍ ചെയ്ത ക്രൂരതകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ എച്ച്ടിഎസിനോട് അഭ്യര്‍ത്ഥിച്ചു.
തന്ത്രപ്രധാന നഗരമായ ഹോംസ് പിടിച്ചെടുത്തതായി എച്ച്ടിഎസ് പറഞ്ഞു മണിക്കൂറുകള്‍ക്ക് ശേഷമാണ് ദ്രുതഗതിയിലുള്ള സംഭവവികാസങ്ങള്‍ ഉണ്ടായത്. നവംബര്‍ 27 ന് മുന്നേറ്റം ആരംഭിച്ച വിമതര്‍ പിടിച്ചെടുത്ത മൂന്നാമത്തെ പ്രധാന നഗരമാണ് ഹോംസ്. അതിനിടെ സിറിയയില്‍ അരങ്ങേറുന്ന അസാധാരണ സംഭവങ്ങള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യയുടെ പിന്തുണ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അസദ് തന്റെ രാജ്യം വിട്ടുപോയി എന്നായിരുന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.












Click it and Unblock the Notifications