ജയിക്കുമെന്നുറപ്പിച്ച് ട്രംപും കമല ഹാരിസും; ആത്മവിശ്വാസത്തിന് പിന്നിലെ കാരണങ്ങളിത്
അത്യന്തം വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനാണ് ഇക്കുറി അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി വൈസ് പ്രസിഡന്റ് കമല ഹാരിസുമാണ് ജനവിധി തേടുന്നത്. കടുത്ത പോരാട്ടമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്കുള്ളത്. അതുകൊണ്ട് തന്നെ ഫോട്ടോഫിനിഷാകുമോ ഫലം എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാല്‍ ജയിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നാണ് ഇരുവരുടേയും പ്രതികരണം. ചാഞ്ചാട്ടമുള്ള നിരവധി സംസ്ഥാനങ്ങളിലെ ഫലങ്ങളാകും അന്തിമഫലത്തില്‍ നിര്‍ണായകമാകുക. ഈ സാഹചര്യത്തില്‍ ഇരുവരുടേയും ശുഭാപ്തി വിശ്വാസത്തിന്റെ ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

ട്രംപിന്റെ ആത്മവിശ്വാസത്തിന്റെ കാരണങ്ങള്‍
2020 ല്‍ ജോ ബൈഡനോടേറ്റ തോല്‍വി ഈ നിമിഷം വരെ ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വ്യാജമാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലതാനും. എങ്കിലും ബൈഡന്റെ കാലത്ത് രാജ്യം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു എന്നാണ് ട്രംപ് പറയുന്നത്. ഒക്ടോബറില്‍ യുഎസിലെ തൊഴില്‍ വളര്‍ച്ച ഗണ്യമായി കുറഞ്ഞു.
ചുഴലിക്കാറ്റും തൊഴില്‍ സമരങ്ങളും ഇതിമെ ബാധിച്ചു, ജീവിതച്ചെലവ് സംബന്ധിച്ച ആശങ്കകള്‍ വോട്ടര്‍മാരില്‍ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ.യായിട്ടും കഴിഞ്ഞ മാസം വെറും 12,000 തൊഴിലവസരങ്ങള്‍ ആണ് സൃഷ്ടിച്ചത്. ഇത് പ്രതീക്ഷിച്ചതിലും വളരെ താഴെയും സെപ്തംബറിലെ 223,000 ല്‍ നിന്ന് വളരെ കുറഞ്ഞുവെന്നും തൊഴില്‍ വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മിക്ക അമേരിക്കക്കാരും പറയുന്നത് തങ്ങള്‍ ദിവസവും പണപ്പെരുപ്പവുമായി പൊരുതുകയാണെന്നാണ്. കൊവിഡിന് ശേഷം യുഎസിലെ പണപ്പെരുപ്പം 1970 കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. അതിനാല്‍ യുഎസ് വോട്ടര്‍മാര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നാണ് ട്രംപിന്റെ പ്രതീക്ഷ. അനധികൃത കുടിയേറ്റമാണ് മറ്റൊരു ഘടകം. കുടിയേറ്റ പ്രതിസന്ധി പരിഹരിക്കുന്നതില്‍ വോട്ടര്‍മാര്‍ ഡൊണാള്‍ഡ് ട്രംപിനെയാണ് കൂടുതല്‍ വിശ്വസിക്കുന്നത്.

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ ബൈഡന്റെ കീഴില്‍ റെക്കോര്‍ഡ് തലത്തിലെത്തിയതും ഇതിന് കാരണമാണ്. 2021 ജനുവരി 6 ലെ ക്യാപിറ്റല്‍ കലാപത്തില്‍ അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെങ്കിലും അദ്ദേഹത്തിനിപ്പോഴും 40 ശതമാനത്തിന് മുകളില്‍ ജനപിന്തുണയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തന്റെ മിക്ക പ്രസംഗങ്ങളിലും, ട്രംപ് നിലവിലുള്ള യുദ്ധങ്ങള്‍ (റഷ്യ, ഉക്രെയ്ന്‍, ഇസ്രായേല്‍, ഹമാസ്) അവസാനിപ്പിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ വലിയ യുദ്ധങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബൈഡന്റെ കീഴില്‍ അമേരിക്ക ദുര്‍ബലമാണെന്ന തോന്നലുണ്ടായി എന്നാണ് വിലയിരുത്തല്‍.
കമല ഹാരിസിന്റെ ആത്മവിശ്വാസത്തിന്റെ കാരണങ്ങള്‍
ബൈഡന് കഴിഞ്ഞ തവണ ലഭിച്ച പിന്തുണ തന്നെയാണ് കമല ഹാരിസിന്റെ ആത്മവിശ്വാസത്തിന്റെ ആണിക്കല്ല്. കൂടാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. സ്ത്രീ വോട്ടര്‍മാരും, ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉത്കണ്ഠയുള്ളവരും അവരുടെ അവകാശങ്ങള്‍ക്കായി കമല ഹാരിസിനെ പിന്തുണയ്ക്കുന്നു.
ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണ, സ്വിംഗ് സ്റ്റേറ്റ് അരിസോണ ഉള്‍പ്പെടെ ഏകദേശം 10 സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രം എങ്ങനെ നിയന്ത്രിക്കണമെന്ന് വോട്ടര്‍മാരോട് ചോദിക്കുന്ന ബാലറ്റ് സംരംഭങ്ങള്‍ ഉണ്ടാകും. ഇത് ഹാരിസിന് അനുകൂലമായി പോളിംഗ് ശതമാനം വര്‍ധിപ്പിക്കും എന്നാണ് കണക്കുകൂട്ടല്‍.
കമല ഹാരിസിനെ പിന്തുണയ്ക്കുന്ന മുതിര്‍ന്ന തലമുറയും കോളേജ് ബിരുദമുള്ളവരും യുഎസ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ യുവാക്കളെയും കോളേജ് ബിരുദമില്ലാത്തവരെയും പോലെയുള്ള കുറഞ്ഞ പോളിംഗ് ഗ്രൂപ്പുകളുടെ പിന്തുണയാണ് ട്രംപിനുള്ളത്. ന്യൂയോര്‍ക്ക് ടൈംസ്/സിയീന വോട്ടെടുപ്പ് അനുസരിച്ച് 2020 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടും വോട്ട് ചെയ്യാത്തവരില്‍ ആണ് ഡൊണാള്‍ഡ് ട്രംപിന് വലിയ സ്വാധീനമുള്ളത്.












Click it and Unblock the Notifications