ഇറാനെ വിറപ്പിച്ച് സ്‌ഫോടനങ്ങള്‍; ഇസ്രായേല്‍ ആക്രമണം തുടങ്ങി, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം
ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ശക്തമായ സ്‌ഫോടനങ്ങള്‍. ഇസ്രായേല്‍ ആണ് ആക്രമണം നടത്തിയത്. ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യതയുണ്ട്. ടെല്‍ അവീവില്‍ അപായ സൈറന്‍ മുഴങ്ങി. ആണവ പദ്ധതി സംബന്ധിച്ച് ഇറാനും അമേരിക്കയും ചര്‍ച്ച നടത്തി വരുന്നതിനിടെയാണ് ഇസ്രായേല്‍ ആക്രമണം. ഇതോടെ പശ്ചിമേഷ്യ ആശങ്കയിലാണ്.
മുന്‍കരുതല്‍ ആക്രമണം ആണ് നടത്തിയത് എന്ന് ഇസ്രായേല്‍ പറയുന്നു. ടെഹ്‌റാനിലെ പല മേഖലയിലും സ്‌ഫോടനങ്ങള്‍ നടന്നു. കെട്ടിടങ്ങള്‍ വിറച്ചു. സ്‌ഫോടന ശേഷമുള്ള പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കയുടെ സമ്മതത്തോടെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത് എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍.

ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗരി എന്നിവിടങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. പഷ്തൂര്‍ സ്ട്രീറ്റിലും ആകാശത്ത് പുകപടലം ഉയര്‍ന്നു. ഇറാന്റെ ഭീഷണി ഇല്ലാതാക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കറ്റ്‌സ് പറഞ്ഞു. ഇറാന്‍ ഇസ്രായേലിന് ഭീഷണിയാണ്. അതൊഴിവാക്കാനാണ് ആക്രമണം എന്നും പ്രസ്താവനയില്‍ പറയുന്നു.
അതിനിടെ, ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിക്ക നഗരങ്ങളിലും അപായ മണി മുഴങ്ങി. ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കങ്ങള്‍. എല്ലാ സുരക്ഷയും ഉറപ്പാക്കിയ ശേഷമാണ് ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഏത് സമയവും ഇസ്രായേല്‍ ആക്രമണം തുടങ്ങിയേക്കുമെന്ന് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ മിസൈലുകള്‍ പതിച്ചത്.
ഇസ്രായേലിനൊപ്പം അമേരിക്കന്‍ സൈന്യവും
ഇസ്രായേലിനൊപ്പം അമേരിക്കന്‍ സൈന്യവും ആക്രമണം തുടങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറാനും ഇസ്രായേലും വ്യോമ പാത അടച്ചു. കൂടുതല്‍ ആക്രമണം നടന്നേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കി. കൂടിച്ചേരലുകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. അവശ്യ മേഖലകള്‍ ഒഴികെ എല്ലാം അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.
കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചത് മേഖലയില്‍ വന്‍ യുദ്ധത്തിന് ഇടയാക്കിയിരുന്നു. 12 ദിവസമാണ് അന്നത്തെ ആക്രമണവും പ്രത്യാക്രമണവും നിലനിന്നത്. ഒടുവില്‍ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇരുവിഭാഗവും പിന്മാറുകയായിരുന്നു. ഇസ്രായേലിലും ഇറാനിലും അന്ന് വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. പുതിയ സംഭവം അതിനേക്കാള്‍ വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. ഗള്‍ഫ് രാജ്യങ്ങളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications