ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറക്കും; നിര്‍ണായക പ്രഖ്യാപനുവുമായി ഫേസ്‌ബുക്ക്
കാലിഫോര്‍ണിയ: ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറക്കാനുള്ള നിര്‍ണയക തിരുമാനവുമായി ഫെയ്‌സ്‌ബുക്ക് . ആളുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പോസ്‌റ്റുകളുടെ റീച്ച് കുറക്കുമെന്ന് ഫേസ്‌ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. വ്യക്തികള്‍ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ാട്രീയ വിവാദങ്ങളിലൂടെ കലാപങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പരാതി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി.
ഗ്രൂപ്പ് സജഷനുകളില്‍ നിന്നും രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയ ഭിന്നതകള്‍ പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കും. ഇതിനായി ഫേസ്‌ബുക്കിന്റെ അല്‍ഗൊരിതത്തില്‍ മാറ്റം വരുത്തുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
അമേരിക്കയിലെ ഭരണസിരാ കേന്ദ്രമായ കാപ്പിറ്റോള്‍ ആക്രമ സംഭവങ്ങള്‍ക്കുള്ള ആസൂത്രണം നടന്നത് ഫേസ്‌ബുക്ക് വഴിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കൂടാതെ, ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറക്കാനുള്ള തീരുമാനം ഫേസ്‌ബുക്ക് നടപ്പാക്കുകയും ചെയ്‌തു. ഈ തീരുമാനം ആഗോള തലത്തില്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ഫേസ്‌ബുക്കിന്റെ പുതിയ നടപടി.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കര്‍ഷകരുടെ ട്രാക്ടര്‍റാലിക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഫേസ്‌ബുക്കിന് പങ്കുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു, ചെങ്കോട്ടയിലേക്ക് കര്‍ഷകരെ എത്തിക്കാന്‍ ഫേസ്‌ബുക്ക് വഴി നീക്കം നടത്തിയെന്ന കണ്ടെത്തലില്‍ ഡല്‍ഹി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം കലര്‍ന്ന നിരവധി പോസ്‌റ്റുകളും വീഡിയോകളും ഫേസ്‌ബുക്കിലൂടെ പ്രചരിച്ചിരുന്നു. നിരവധി ബിജെപി എംഎല്‍എമാരുടെയും നേതാക്കളുടെയും വിദ്വേഷ പ്രംസംഗങ്ങളും കലാപാഹ്വാനങ്ങളും ഫേസ്‌ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാത്തതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു.
ബിജപി നേതാവിനെതിരെ നടപടിയെടുക്കുന്നത് ഒഴിവാക്കണമെന്ന് ഫേസ്‌ബുക്കിന്റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചെന്ന വാള്‍സ്‌ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് വിവാദത്തിന് വഴിതെളിച്ചിരുന്നു. ടൈംസ് മാഗസിനും ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ പക്ഷാപാത നിലപാടിനെതിരെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെയുള്ള നയങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത് വാണീജ്യ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്ന് ഫേസ്‌ബുക്ക് ആശങ്കപ്പെടുന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍.