മകളുടെ ഖബറിടത്തിന് പൂട്ട്; പ്രചരിക്കുന്ന ഫോട്ടോയ്ക്ക് പിന്നിലെ സത്യമെന്ത്?
ഖബറിടത്തിന് പൂട്ടിട്ട രീതിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ വൈറലാണ്. പാകിസ്താനില്‍ നിന്നുള്ള ഫോട്ടോയാണിത് എന്നായിരുന്നു വാര്‍ത്തകള്‍. ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സികളും സുപ്രധാന മാധ്യമങ്ങളുമെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ പറഞ്ഞതാണോ സത്യം?
മരിച്ചുപോയ മകളുടെ ഖബറിടത്തില്‍ ഗ്രില്ല് വച്ച് പൂട്ടിട്ടിരിക്കുന്നതാണ് ഫോട്ടോ. പാകിസ്താനിലെ മാതാപിതാക്കള്‍ മകളുടെ ഖബറിടത്തിന് പൂട്ടിട്ടിരിക്കുന്നു. മകളുടെ മൃതദേഹം ബലാല്‍സംഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത് എന്നായിരുന്നു വാര്‍ത്ത. പാകിസ്താനില്‍ ഇത്തരം ബലാല്‍സംഗങ്ങള്‍ കൂടിയിട്ടുണ്ടെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

നിരീശ്വര വാദിയായ എക്‌സ് മുസ്ലിം ഹാരില്‍ സുല്‍ത്താന്റെ ട്വീറ്റ് അടിസ്ഥാനമാക്കിയാണ് ഡെയ്‌ലി ടൈംസ് ആദ്യം വാര്‍ത്ത നല്‍കിയത്. പിന്നീട് മറ്റു മാധ്യമങ്ങളും വാര്‍ത്ത നല്‍കി. ദൈവ ശാപം, ഞാന്‍ എന്തുകൊണ്ട് ഇസ്ലാം ഉപേക്ഷിച്ചു എന്ന പുസ്തകം എഴുതിയ വ്യക്തിയാണ് ഹാരിസ് സുല്‍ത്താന്‍. ഇയാളുടെ ട്വീറ്റല്ലാത്ത മറ്റൊരു വിവരവും ഈ സംഭവത്തെ കുറിച്ചില്ല എന്ന് സത്യാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പറയുന്നു.
പാകിസ്താനില്‍ നടന്ന സംഭവം എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. കറാച്ചിക്കടുത്ത നസീമാബാദില്‍ മൃതദേഹങ്ങള്‍ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 2011ല്‍ പിടിയിലായ വ്യക്തിയെ കുറിച്ചും വാര്‍ത്തകളില്‍ പറയുന്നുണ്ട്. എന്നാല്‍ അവിടെ ഇത്തരത്തില്‍ ഗ്രില്ല് സ്ഥാപിച്ച് താഴിട്ട സംഭവം ഇല്ലത്രെ.
എവിടെയാണ് സംഭവം നടന്നത് എന്ന് വാര്‍ത്തയില്‍ പറയുന്നില്ല, പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആര് എന്ന് പറയുന്നില്ല, അവരുടെ പ്രതികരണം വാര്‍ത്തകളില്‍ ഇല്ല... സുബൈര്‍ ട്വീറ്റ് ചെയ്യുന്നു. വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ താന്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി. ഉര്‍ദുവില്‍ കീവേഡ്‌സ് സെര്‍ച്ച് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടെത്തി. എന്നാല്‍ ബലാല്‍സംഗം ഭയന്നാണ് പൂട്ടിട്ടത് എന്ന് എവിടെയും പറയുന്നില്ല.
ചിത്രം ആദ്യം പങ്കുവച്ചവരില്‍ ഒരാളുമായി മുഹമ്മദ് സുബൈര്‍ സംസാരിച്ചു. ആരാണ് ചിത്രം എടുത്തത്, ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് എന്നത് സംബന്ധിച്ച് അറിയില്ല എന്നാണ് അദ്ദേഹവും മറുപടി നല്‍കിയത്. എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കാമെന്നും ആ വ്യക്തി പറഞ്ഞുവത്രെ. ട്വിറ്ററില്‍ വൈറലായി എന്നതുകൊണ്ട് മാത്രം ചിത്രം എന്തിന് വാര്‍ത്തയാക്കി എന്നും അയാള്‍ ചോദിച്ചുവത്രെ.
യഥാര്‍ഥത്തില്‍ ഈ ചിത്രം തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ളതാണെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദനപ്പേട്ട് ദറാബ് ജങ് കോളനിയിലെ സലാര്‍ മുല്‍ക്ക് മസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറിടത്തില്‍ ഗ്രില്ലിട്ടിരിക്കുന്നത്. തന്റെ മാതാവിന്റെ ഖബറിടത്തിന് മേല്‍ മറ്റാരും കുഴിക്കാതിരിക്കാന്‍ പ്രദേശത്തെ ഒരാള്‍ ചെയ്തതാണിത്. പള്ളിയിലെ മുഅദ്ദിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഅദ്ദിനുമായി ഹൈദരാബാദ് സ്വദേശി അബ്ദുല്‍ ജലീല്‍ സംസാരിക്കുന്ന വീഡിയോയും ആള്‍ട്ട്‌ന്യൂസ് പുറത്തുവിട്ടു.












Click it and Unblock the Notifications