ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ; ഇന്ത്യൻ താര ദമ്പതികൾക്ക് ഇത് ആദ്യാനുഭവം
ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ; ഇന്ത്യൻ താര ദമ്പതികൾക്ക് ഇത് ആദ്യാനുഭവം
ദുബായ്: തെന്നിന്ത്യൻ താര ദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസീമിനും യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ഇരുവരും ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് വിസ ഏറ്റുവാങ്ങിയത്. ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും ഇതാദ്യമായാണ് താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്.
ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നസീമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി, ദുബൈ ടി.വി ഡയറക്ടർ അഹമ്മദ്, പി.എം അബ്ദുറഹ്മാൻ, ഫാരിസ് ഫൈസൽ എന്നിവർ സംബന്ധിച്ചു.

അതേസമയം, ചലച്ചിത്ര നടൻ പ്രണവ് മോഹന്‍ലാലിനും തമിഴ് നടി തൃഷയ്ക്കും ഇക്കഴിഞ്ഞ നവംബറിൽ യു എ ഇ ഗോള്‍ഡന്‍ വിസ നൽകിയിരുന്നു. സര്‍ക്കാര്‍ സ്വകാര്യ പ്രതിനിധിയായ ബദ്രിയ അല്‍ മസ്‌റൂയിയാണ് പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറിയത്. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവ് ഗോൾഡൻ വിസ സ്വീകരിച്ചിരുന്നത്.
അതേസമയം, യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ തമിഴ് നടിയാണ് തൃഷ മാറിയിരുന്നു. . "ഗോൾഡൻ വിസ ലഭിച്ച ആദ്യ തമിഴ് നടി എന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്നും വിസ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണെന്നും വിസ സ്വീകരിച്ചതിന് ശേഷം ചിത്രം പ്രദർശിപ്പിച്ച് സമൂഹമാധ്യമത്തിലൂടെ തൃഷ പ്രതികരിച്ചിരുന്നു.
ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ചലച്ചിത്ര നിർമാതാവ് എന്ന നിലയിൽ ആദ്യമായി ഗോൾഡൻ വിസ സ്വീകരിക്കുന്ന വ്യക്തിയാണ് ആന്റോ ജോസഫ്. അബുദാബിയില്‍ വെച്ചാണ് ആന്റോ ജോസഫിന് ഗോള്‍ഡന്‍ വിസ നൽകിയത്. കേരളത്തിലെ ഒരു സിനിമാ നിര്‍മാതാവായ തനിയ്ക്ക് യുഎഇയുടെ ഗോൾഡൻ വിസ വലിയൊരു ബഹുമതിയാണെന്നും എല്ലാത്തിനും കാരണക്കാരനായ മമ്മൂക്കയെയും സ്നേഹത്തോടെ ഓര്‍മിക്കുന്നതായും ഈ അംഗീകാരം മലയാള ചലച്ചിത്ര നിര്‍മാണരംഗത്തിന് സമര്‍പ്പിക്കുന്നുവെന്നും ആന്റോ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
അതേസമയം, മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
അതേസമയം, 2019-ൽ യു എ ഇ ഗവൺമെന്റ് ആരംഭിച്ചതാണ് ഗോൾഡൻ വിസ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം അന്ന് നടത്തിയത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഇത്.
വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ സാധാരണയായി ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നിലവിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന വിദ്യാത്ഥികൾക്കും യുഎഇ ഗോള്‍ഡന്‍ വിസ നൽകുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.












Click it and Unblock the Notifications