ട്രംപിന്റെ കാലത്തും രക്ഷയില്ലേ; കാലിഫോര്‍ണിയയിലെ പ്രശസ്തമായ ക്ഷേത്രത്തിനു നേരെ ആക്രമണം
കാലിഫോര്‍ണിയ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്ഥാന്‍ അനുകൂലികളാണ് ആക്രമണം നടത്തിയത്. ചിനോ ഹില്‍സിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിനു നേരെയായിരുന്നു ആക്രമണം. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളാല്‍ ക്ഷേത്രം വികൃതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളും ക്ഷേത്രത്തിന്റെ ചുവരുകളില്‍ കരി ഉപയോഗിച്ച് എഴുതിയിട്ടുണ്ട്.
ദക്ഷിണ കാലിഫോര്‍ണിയയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ് ബിഎപിഎസ് ശ്രീ സ്വാമിനാരായണ്‍ മന്ദിര്‍. ദിനംപ്രതി നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്. ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണം ഭക്തരെയും ഞെട്ടിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലേറിയ ശേഷവും അമേരിക്കയില്‍ ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ തുടരുന്നതില്‍ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.

അഞ്ച് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. യുഎസിലുടനീളം 2022 മുതല്‍ ഇന്നുവരെ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തത് പത്തോളം ക്ഷേത്രങ്ങളാണ്.
'ഹിന്ദുക്കള്‍ തിരികെ പോകൂ' എന്നതടക്കമാണ് ക്ഷേത്രത്തിന്റെ ചുവരുകളില്‍ കരി കൊണ്ട് എഴുതിയിരിക്കുന്നത്. യുഎസിലെ ബിഎപിഎസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 'ഹിന്ദു സമൂഹം വിദ്വേഷത്തിനെതിരെ ഉറച്ചുനില്‍ക്കുന്നു' എന്ന് അവര്‍ കുറിച്ചു. വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയും സംഭവത്തെ അപലപിച്ചു.
അതേസമയം, ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും എക്സില്‍ പങ്കുവെച്ച് സംഭവത്തെ അപലപിച്ചു. എഫ്ബിഐ മേധാവി കാഷ് പട്ടേല്‍, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, ചിനോ ഹില്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് കാലിഫോര്‍ണിയിലെ സാക്രമെന്റോയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. 'ഹിന്ദുക്കള്‍ മടങ്ങിപ്പോവുക' എന്ന വിദ്വേഷ വാക്കുകള്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ ചുവരിലെഴുതി. സെപ്റ്റംബര്‍ 17 ന് ന്യൂയോര്‍ക്കിലെ മെല്‍വില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറും സമാനമായി ആക്രമിക്കപ്പെട്ടിരുന്നു. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎപിഎസിന് അമേരിക്കയില്‍ നൂറിലധികം ക്ഷേത്രങ്ങളും കേന്ദ്രങ്ങളുമുണ്ട്.
ക്ഷേത്ര ആക്രമണത്തെ അപലപിച്ച ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് യുഎസ് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. നിന്ദ്യമായ പ്രവൃത്തി എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.












Click it and Unblock the Notifications