ട്രംപ് ഭരണകൂടത്തില്‍ ഭിന്നത രൂക്ഷം; മസ്‌ക്കിന്റെ ഇ-മെയില്‍ അവഗണിക്കാന്‍ ജീവനക്കാരോട് കാഷ് പട്ടേല്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായ ഇലോണ്‍ മസ്‌ക്കിന്റെ പുതിയ ഉത്തരവില്‍ അതൃപ്തി പുകയുന്നു. ഫെഡറല്‍ ജീവനക്കാര്‍ ഒരാഴ്ച്ചയക്കുള്ളില്‍ ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ 48 മണിക്കൂറിനകം നല്‍കണമെന്ന ഉത്തരവാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരേ ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിന്നു തന്നെ അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടായിരിക്കുകയാണ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലാണ് ശതകോടീശ്വരനായ മസ്‌കിനെതിരേ രംഗത്തുവന്നിരിക്കുന്നത്.
മസ്‌കിന്റെ ഉത്തരവ് അവഗണിക്കാനാണ് കാഷ് പട്ടേല്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ട്രംപിന്റെ ഭരണകൂടത്തിലെ രണ്ട് അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വാക്‌പോരിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എഫ്ബിഐ തലപ്പത്ത് കാഷ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

എല്ലാ യുഎസ് ഫെഡറല്‍ ജീവനക്കാരും തങ്ങള്‍ കഴിഞ്ഞ ഒരാഴ്ച്ച ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ ഇ-മെയിലിലൂടെ നല്‍കിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്നാണ് മസ്‌ക്കിന്റെ ഭീഷണി. നിര്‍ദേശം അവഗണിച്ചാല്‍ രാജിയായി കണക്കാക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു. തിങ്കളാഴ്ചക്കകം ഇ-മെയിലിന് മറുപടി നല്‍കാനാണ് ഉത്തരവ്.
'കഴിഞ്ഞ ആഴ്ച നിങ്ങള്‍ എന്താണ് ചെയ്തത്?' എന്ന വിഷയത്തില്‍ യുഎസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റില്‍ നിന്നാണ് ഇ-മെയില്‍ വന്നത്. മറുപടി നല്‍കാനുള്ള അവസാന തീയതി തിങ്കളാഴ്ച രാത്രിയാണ്. ഈ നിര്‍ദേശത്തിനെതിരേയാണ് കാഷ് പട്ടേല്‍ പരസ്യമായി രംഗത്തുവന്നത്.
മസ്‌ക് ഫെഡറല്‍ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിനുള്ള പ്രതികരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് എല്ലാ എഫ്ബിഐ ജീവനക്കാര്‍ക്കും കാഷ് പട്ടേല്‍ നല്‍കിയ നിര്‍ദേശം.
'ജോലിയുടെ വിശദാംശങ്ങള്‍ അഭ്യര്‍ത്ഥിച്ച് യുഎസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റില്‍ നിന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് ഒരു ഇ-മെയില്‍ ലഭിച്ചിരിക്കാം. എഫ്ബിഐ ഡയറക്ടറുടെ ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് ഉദ്യോഗസ്ഥരുടെ അവലോകനങ്ങള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ പ്രതികരണങ്ങള്‍ തേടും. ഇപ്പോള്‍, മറ്റു രീതിയിലുള്ള പ്രതികരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുക' - പട്ടേല്‍ തന്റെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു.
എഎഫ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, കാഷ് പട്ടേല്‍ മാത്രമല്ല, നിരവധി ഫെഡറല്‍ ഏജന്‍സികള്‍ മസ്‌കിന്റെ ഇ-മെയിലിന് മറുപടി നല്‍കരുതെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണല്‍ ട്രഷറി എംപ്ലോയീസ് യൂണിയന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.












Click it and Unblock the Notifications