നൊബേല്‍ സമ്മാനം കിട്ടീല്ലെങ്കില്‍ എന്താ? യുഎസ പ്രസിഡന്റ് ട്രംപിന് ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം
വാഷിങ്ടണ്‍: ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ ചരിത്രത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സമാധാന പുരസ്‌കാരത്തിന് (FIFA peace prize) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അര്‍ഹനായി. ഫുട്‌ബോള്‍ ലോകത്തിന് അമ്പരപ്പ് സമ്മാനിച്ച അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു ഇത്. 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പിനിടയാണ് യുഎസ് പ്രസിഡന്റ് ട്രംപിന് പുരസ്‌കാരം സമ്മാനിച്ചത്. സ്വര്‍ണ മെഡലും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ലോകത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കൈകള്‍ ചിത്രീകരിക്കുന്നതാണ് ട്രോഫി.
വാഷിങ്ടണിലെ കെന്നഡി സെന്റില്‍ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയില്‍ വച്ചായിരുന്നു ട്രംപിനുള്ള പുരസ്‌കാര പ്രഖ്യാപനം ഉണ്ടായത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ്് പ്രഖ്യാപനം നടത്തിയത്. യുഎസ് പ്രസിഡന്റും ഫിഫ പ്രസിഡന്റും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ ഭാഗമായാണ് പുരസ്‌കാര പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയിലെ സംഘര്‍ഷം പരിഹരിക്കാനും റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുമുള്ള ട്രംപിന്റെ പരിശ്രമങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം പ്രഖ്യാപിച്ചത് എന്നാണ് ജിയാനി വ്യക്തമാക്കിയത്. ലോകമെമ്പാടും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യുഎസ് പ്രസിഡന്റിനെ ഈ പുരസ്‌കാരം നല്‍കി ആദരിക്കുന്നതെന്ന് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് ജിയാനി പറഞ്ഞു. ജനങ്ങളെ പരിപാലിക്കുന്ന ഒരു നേതാവില്‍ നിന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഇതാണെന്നും ട്രംപിനെക്കുറിച്ച് ജിയാനി പ്രശംസിച്ചു.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വ്യാപകമായ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന് ഫിഫ പീസ് പ്രൈസ് ലഭിക്കുന്നത്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണിതെന്ന് ട്രംപ് പ്രതികരിച്ചു. സമ്മാനം സ്വീകരിച്ച ശേഷം ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. 2026 ലോകകപ്പിന്റെ മറ്റ് രണ്ട് ആതിഥേയ രാഷ്ട്രങ്ങളായ കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം എന്നിവരെയും അദ്ദേഹം പ്രശംസിച്ചു.
അതേസമയം, ട്രംപിനു പുരസ്‌കാരം പ്രഖ്യാപിച്ചത് കായിക മേഖലയില്‍ നിന്നുള്ള ഫിഫയുടെ വ്യതിചലനമാണെന്ന് വിമര്‍ശകര്‍ വിലയിരുത്തി. കരീബിയനിലെ മയക്കുമരുന്ന് ബോട്ടുകള്‍ക്കെതിരേ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ക്കും ട്രംപ് ഭരണകൂടം വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോഴാണ് പുരസ്‌കാര പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications