'പണത്തില്‍' കുളിച്ച യുവതിയ്ക്ക് പണികിട്ടി
മനില: പണം അധികമായപ്പോള്‍ ഫിലിപ്പീന്‍സിലെ ഒരു സുന്ദരി എന്ത് ചെയ്‌തെന്നോ പണം കൊണ്ട് കാര്യമായി ഒരു കുളി തന്നെ നടത്തി. എന്നിട്ടോ തന്റെ കുളി സീന്‍ ഫേസ് ബുക്കിലും യൂ ട്യൂബിലും പോസ്റ്റ് ചെയ്തു. നാട്ടു കാരും കൂടി അറിയട്ടെ തന്റെ ആര്‍ഭാട ജീവിതം എന്നു കരുതിയാണ് ആഡംബര കുളി ജീന്‍ നാപോള്‍സ് (23) പോസ്റ്റ് ചെയ്തത്. എന്നാല്‍ ഫിലിപ്പീന്‍സ് നോട്ടുകള്‍ കൊണ്ട് കുളി നടത്തുന്ന യുവതിയ്ക്ക് സര്‍ക്കാര്‍ കാര്യമായ പണി തന്നെ കൊടുത്തു. നികുതി വെട്ടിപ്പ് നടത്തിയതിനാണ് യുവതിയ്‌ക്കെതിരെ കേസ് എടുത്തിരിയ്ക്കുന്നത്.
ജീന്റെ അമ്മയും ആഡംബര ജീവിത്തില്‍ ഒട്ടും മോശമല്ല. തന്റെ ജീവിതവും അവര്‍ ഇത്തരത്തില്‍ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിരുന്നു. ഫിലിപ്പീന്‍സില്‍ അടുത്തിടെ നടന്ന ഒരു അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തികളില്‍ ഒരാളാണ് ജീനിന്റെ അമ്മ. ബിസിനസുകാരിയായ ഇവര്‍ തന്‍രെ മകള്‍ക്കതെിരെ റെവന്യൂ വകുപ്പ് കേസെടുത്തിരിയ്ക്കുന്നത് സര്‍ക്കാരിന്റെ പ്രേരണ മൂലമാണെന്നാണ് ആരോപിയ്ക്കുന്നത്.

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിയായ ജീന്‍ കുറച്ച് നാളുകളായി ഇന്‍റേണല്‍ റെവന്യൂ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്ന് റെവന്യൂ വകുപ്പ് മേധാവി കിം ഹെനാഴ്‌സ് പറഞ്ഞു. കോടിക്കണക്കിന് സ്വത്ത് ജീനിന്റെ പേരില്‍ ഉണ്ടെന്നും ഇതിനൊന്നും ഇവര്‍ നികുതി അടച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണക്കില്‍ കവിഞ്ഞ സ്വത്തും ഇവരുടെ പേരിലുണ്ട്.
തന്നെ റെവന്യൂ വകുപ്പ് പിടികൂടുമെന്ന ഉറപ്പായപ്പോള്‍ മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേയും അക്കൗണ്ട് പെണ്‍കുട്ടി ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു. നികുതി വെട്ടിപ്പ് നടത്തിയതിന് അമ്മയോ മകളോ ഉടന്‍ അഴിക്കുള്ളിലാകുമെന്നും കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും ഹെനാഴ്‌സ് പറഞ്ഞു.












Click it and Unblock the Notifications