സൗദിയില്‍ വെടിവയ്പ്; മിസൈല്‍ ആക്രമണം, 6 പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെടിവയ്പ്പും മിസൈല്‍ ആക്രമണവും. ആറ് പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജ്യം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെയാണ് മറ്റൊരു ഭാഗത്ത് സംഘര്‍ഷമുണ്ടായത്.
യമനില്‍ നിന്നുള്ള സംഘങ്ങള്‍ നേരത്തെ സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അടുത്തിടെയായി ആക്രമണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ശക്തമായ വെടിവയ്പും മിസൈല്‍ ആക്രമണവുമുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

വെടിവയ്പുണ്ടായത് ഇവിടെ
യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന അസീര്‍ മേഖലയിലാണ് വെടിവയ്പുണ്ടായത്. ആറ് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവയ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവിര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കുടുംബ കലഹം
വെടിവയ്പ്പില്‍ പരിക്കേറ്റ മൂന്ന് സൗദി സ്വദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 30നും 40നുമിടയില്‍ പ്രായമുള്ള സ്വദേശികളാണ് മരിച്ചതെന്ന് പോലീസ് വസ്താവ് ലഫ്. കേണല്‍ സെയ്ദ് മുഹമ്മദ് പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതത്രെ.

അപൂര്‍വ സംഭവം
അസീറിലെ അല്‍ അംവ പ്രദേശത്താണ് വെടിവയ്പുണ്ടായത്. കൂടുതല്‍ വിശദീകരണം പോലീസ് നല്‍കിയില്ല. ഈ സംഭവത്തില്‍ യമനിലെ ഹൂത്തികള്‍ക്ക് ബന്ധമില്ലെന്നാണ് സൂചനകള്‍. അതേസമയം, ഇത്രയും പേര്‍ കൊല്ലപ്പെടുന്ന വെടിവയ്പ്പ് അപൂര്‍വമാണ് സൗദിയില്‍.

പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്
തീവ്രവാദ സംഘങ്ങള്‍ക്ക് വെടിവയ്പ്പില്‍ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എന്താണ് തര്‍ക്ക കാരണം എന്ന് വ്യക്തമല്ല. അതിനിടെ മറ്റൊരു മേഖലയില്‍ മിസൈല്‍ ആക്രമണമുണ്ടായി.

മിസൈല്‍ ആക്രമണം ഇവിടെ
യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജസാനിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. ഇതിന് പിന്നില്‍ യമനിലെ ഹൂത്തികളാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് സ്ത്രീകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മിസൈല്‍ പതിച്ചത് ഒരു വീടിന് മുകളിലാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഒരിടവേളയ്ക്ക് ശേഷം
ഒരിടവേളയ്ക്ക് ശേഷമാണ് സൗദിയില്‍ ശക്തമായ മിസൈല്‍ ആക്രമണമുണ്ടാകുന്നത്. യമനിലെ ഹൂത്തികളുമായി സമവായ ചര്‍ച്ച ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നടന്നിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമനമായിട്ടില്ല. ഹൂത്തികളും സൗദി സഖ്യവും നിബന്ധനകള്‍ വച്ചിരുന്നു. തുടര്‍ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications