അഞ്ച് പേര്‍ക്ക് കൊവിഡ്; ആദ്യമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ടോംഗ
അഞ്ച് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആദ്യമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ടോംഗ. ചൊവ്വാഴ്ച രാജ്യ തലസ്ഥാനമായ നുകുഅലോഫയില്‍ രണ്ട് തുറമുഖ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് പ്രധാനമന്ത്രി സിയോസി സോവലേനി പറഞ്ഞു. പിന്നീട് ഇവരുടെ കുടുംബാംഗങ്ങളായ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യം ലോക്ഡൗണിലേക്ക് കടന്നത്. ബുധനാഴ്ച പുലര്‍ച്ചെ മുതലാണ് ടോംഗയില്‍ ലോക്ഡൗണ്‍ ആരംഭിച്ചത്. പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍ അടുത്തിടെ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത നഷ്ടങ്ങള്‍ രാജ്യത്തുണ്ടായിരുന്നു.
രാജ്യത്തിന് സഹായവുമായി തുറമുഖത്തെത്തിയ ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യൂസിലന്‍ഡില്‍നിന്നും മടങ്ങിയെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് രാജ്യത്ത് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇത് സാമൂഹ്യവ്യാപനത്തിന് കാരണമായിരുന്നില്ല. കൊവിഡ് തുടങ്ങിയ 2020 ന്റെ ആരംഭത്തില്‍ തന്നെ പുറം ലോകവുമായുള്ള അതിര്‍ത്തികള്‍ അടച്ചുകൊണ്ട് ടോംഗ രോഗ വ്യാപനത്തിനുള്ള സാധ്യത ഒഴിവാക്കിയിരുന്നു.

എന്നാല്‍ അഗ്നിപര്‍വത സ്‌ഫോടനത്തിന് ശേഷം, ശുദ്ധജലം, ഷെല്‍ട്ടര്‍ കിറ്റുകള്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ എന്നിവയുടെ വിതരണത്തിന് വിദേശ സഹായത്തെ വളരെയധികം ആശ്രയിക്കേണ്ടി വന്നു. ഇതാണ് രാജ്യത്തെ ആദ്യമായി ലോക്ഡൗണിലേക്ക് നയിച്ചത്. ഇതുവരെ, വിദേശത്ത് നിന്ന് വൈറസ് പടരുന്നത് തടയാന്‍ കോണ്‍ടാക്റ്റ്‌ലെസ് പ്രോട്ടോക്കോളുകള്‍ ഉപയോഗിച്ചാണ് വിദേശ സഹായ വിതരണങ്ങള്‍ കൈകാര്യം ചെയ്തത്.ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, അമേരിക്ക, ചൈന, ഫ്രാന്‍സ്, ഫിജി, യുകെ എന്നീ രാജ്യങ്ങളെല്ലാം കപ്പലുകള്‍ സാധനങ്ങളുമായി ടോംഗയിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച, ടോംഗയിലേക്ക് പുറപ്പെട്ട ഓസ്ട്രേലിയന്‍ ദുരിതാശ്വാസ കപ്പലായ എച്ച് എം എ എസ് അഡ്ലെയ്ഡില്‍ ക്രൂ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ പലരും കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണ്. കൊവിഡ് മൂലം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഡെന്മാര്‍ക്ക് ഒഴിവാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്സന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മാസ്‌കും സാമൂഹിക അകലവുമടക്കം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് പൂര്‍ണമായി നീക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളയുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. ഇംഗ്ലണ്ട്, അയര്‍ലന്റ്, നെതര്‍ലാന്റ്, ഫിന്‍ലന്‍ഡ്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications