മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ അന്തരിച്ചു: സാമ്പത്തിക പരിഷ്‌കരണ വാദിയായ നേതാവ്
ബീജിങ്: മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. സാമ്പത്തിക പരിഷ്‌കരണങ്ങളെ പിന്തുണച്ച ജിയാങ് സെമിൻ ടിയാനൻമെൻ സ്‌ക്വയറിലെ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്തിയ നേതാവ് കൂടിയാണ്. ലുക്കീമിയയും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചത് മൂലം ഇന്ന് ഉച്ചയ്ക്ക് 12:13 ന് ഷാങ്ഹായിൽ വെച്ചായിരുന്നു മുന്‍ പ്രസിഡന്റിന്റെ അന്ത്യം.
ജിയാങ് സെമിന്റെ മരണത്തെ തുടർന്ന് രാജ്യത്തെ പ്രധാന സർക്കാർ കെട്ടിടങ്ങളിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസുകളിലും പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് ദേശീയ മാധ്യമങ്ങൾ അറിയിച്ചു. ജിയാങ് സെമിന്റെ ശവസംസ്‌കാര ക്രമീകരണവും ശവസംസ്‌കാര തീയതിയും അടങ്ങുന്ന ഉത്തരവ് പിന്നീട് പ്രഖ്യാപിക്കുമെന്നും ചൈന അറിയിച്ചു.

1989-ലെ ടിയാനൻമെൻ അടിച്ചമർത്തലിനുശേഷം വിഭജിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ച ജിയാങ് സെമിൻ ചൈനയെ ചരിത്രപരമായ മാറ്റങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോവുന്നതാണ് പിന്നീട് കണ്ടത്. വിപണിയെ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങളുടെ പുനരുജ്ജീവനവും 1997-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഹോങ്കോങ്ങിന്റെ തിരിച്ചുവരവും 2001-ൽ ലോക വ്യാപാര സംഘടനയിലേക്കുള്ള ബീജിംഗിന്റെ പ്രവേശനവും ഈ മാറ്റങ്ങളിൽ പ്രധാനമാണ്.
പാർട്ടിയുടെയും രാജ്യത്തിന്റെയും നേതാവെന്ന നിലയിൽ, ജിയാങ് സെമിന്റെ സർക്കാർ രാജ്യത്തിനുള്ളിലെ വിയോജിപ്പുകളെ ശക്തമായി ഇല്ലാതാക്കി. നിരവധി മനുഷ്യാവകാശ പ്രവർത്തകരേയും ജനാധിപത്യ അനുകൂല പ്രവർത്തകരെയും അദ്ദേഹം ജയിലിലടച്ചു. ഫലുൻ ഗോങ് ആത്മീയ പ്രസ്ഥാനത്തെയും ജിയാങ് സെമിന്റെ സർക്കാർ നിരോധിച്ചു. 2004-ൽ ജിയാങ് സെമിൻ തന്റെ ഔദ്യോഗിക പദവി ഉപേക്ഷിച്ചെങ്കിലും 2012-ൽ അധികാരമേറ്റ നിലവിലെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഉയർച്ചയിലേക്ക് നയിച്ച തർക്കത്തിൽ തിരശ്ശീലയ്ക്ക് പിന്നിലെ ശക്തിയായി അദ്ദേഹം തുടർന്നിരുന്നു.
ജിയാങ്ങിന്റെ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെയും കർശനമായ രാഷ്ട്രീയ നിയന്ത്രണങ്ങളേയും ഷി ജിൻപിംഗും പിന്തുണച്ചു. 13 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു ജിയാങ് സെമിൻ. മുതലാളിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി എന്ന നിലയിൽ ജിയാങ് സെമിൻ ചൈനയുടെ ആഗോള സാമ്പത്തിക ശക്തിയിലേക്കുള്ള ഉയർച്ചയെ നയിച്ചു.












Click it and Unblock the Notifications