റഷ്യയ്‌ക്കെതിരെ പോരാടാന്‍ സൗന്ദര്യറാണിയും; തോക്കുമേന്തി മുന്‍ മിസ് യുക്രെയിന്‍, വൈറലായി ചിത്രങ്ങള്‍
കീവ് : യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ശക്തമായി തുടരുകയാണ്. കുട്ടികള്‍ ഉള്‍പ്പടെ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. സാധാരണക്കാര്‍ക്ക് ഉള്‍പ്പടെ ആയുധം നല്‍കുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ നിരവധി പേര്‍ റഷ്യക്കെതിരെ പോരാടുമെന്ന് അറിയിച്ച് രംഗത്തെത്തി . വിവാഹം കഴിഞ്ഞ നവദമ്പതികള്‍ അടക്കം റഷ്യയ്‌ക്കെതിരെ പോരാടാന്‍ ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു .
പിന്നാലെ യുക്രെയിനില്‍ നിന്നുള്ള വനിത എം പി കിറ റുദിക് തോക്കുമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ യുക്രെയിനില്‍ നിന്നുള്ള സൗന്ദര്യ റാണിയും തോക്കുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് . മുന്‍ മിസ് ഗ്രാന്‍ഡ് യുക്രെയ്ന്‍ അനസ്താസിയ ലെന്ന ഇന്‍സ്റ്റാഗ്രാമില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം പങ്കിട്ടത് . റഷ്യന്‍ അധിനിവേശത്തിനെതിരെ തന്റെ രാജ്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് ചിത്രം പങ്കുവച്ചത്. അധിനിവേശം ലക്ഷ്യമിട്ട് യുക്രേനിയന്‍ അതിര്‍ത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടുമെന്ന് താരം പറയുന്നു.

2015 ലെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യമത്സരത്തിലാണ് ലെന്ന യുക്രെയ്‌നെ പ്രതിനിധീകരിച്ചത്. ഇന്‍സ്റ്റാഗ്രാമിലെ മറ്റൊരു പോസ്റ്റിലാണ് മോഡല്‍ ആയുധവുമായി പോസ് ചെയ്യുന്നത്. നേരത്തെ യുക്രേനിയന്‍ പാര്‍ലമെന്റ് അംഗം കിരാ റൂഡിക് തോക്കുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പോലും യുദ്ധത്തില്‍ പങ്കെടുക്കുന്നതായി പറയപ്പെടുന്നുണ്ട്.
അതേസമയം, റഷ്യ യുക്രെയിനിലുള്ള ആക്രമണം ശക്തമാക്കുകയാണ്. നിരവധി പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ റഷ്യയെ നേരിടാന്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ യൂറേപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ യുക്രൈന് നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നയരൂപീകരണ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു. യുദ്ധരംഗത്ത് ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ യൂക്രൈന് നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്കെതിരായ നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് യുക്രൈനെ സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. 27 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍ റഷ്യയുടെ വിമാനങ്ങള്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, റഷ്യയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. എന്നാല്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നത് ആദ്യമായിട്ടാണ് .












Click it and Unblock the Notifications