റഷ്യയിൽ അട്ടിമറിക്ക് ശ്രമിച്ച വാഗ്നർ ഗ്രൂപ്പ് തലവൻ കൊല്ലപ്പെട്ടു? സംശയമുന്നയിച്ച് മുൻ യുഎസ് ജനറൽ
ബെര്‍ലിന്‍: റഷ്യയില്‍ അട്ടിമറി നീക്കം നടത്തിയ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യത ഉണ്ടെന്ന് അമേരിക്കന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനായ റോബര്‍ട്ട് എബ്രാംസ്. റഷ്യയിലെ സൈനിക നേതൃത്വത്തിന് എതിരെ നടത്തിയ കലാപം പരാജയപ്പെട്ടതിന് പിന്നാലെ പ്രിഗോഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കാമെന്ന് റോബര്‍ട്ട് എബ്രാംസ് പറഞ്ഞു.
ബെലാറൂസ് പ്രസിഡണ്ട് നടത്തിയ മധ്യസ്ഥ നീക്കത്തിനൊടുവിലാണ് പട്ടാള അട്ടിമറി നീക്കത്തില്‍ നിന്ന് വാഗ്നര്‍ ഗ്രൂപ്പ് പിന്മാറിയത്. പ്രിഗോഷിനും വാഗ്നര്‍ സംഘത്തിലെ സൈനികരും ബെലാറൂസിലേക്ക് പോകും എന്നതായിരുന്നു ധാരണ. എന്നാല്‍ ഇത് നടന്നിട്ടില്ല. മാത്രമല്ല പ്രിഗോഷിന്‍ റഷ്യയിലേക്ക് തിരിച്ച് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കലാപനീക്കം നടത്തി അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിനും പ്രിഗോഷിനും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചയും ഒരു നാടകമായിരിക്കാനാണ് സാധ്യത എന്നാണ് മുന്‍ യുഎസ് ജനറല്‍ കൂടിയായ റോബര്‍ട്ട് എബ്രാംസ് എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
കലാപ നീക്കത്തില്‍ നിന്ന് പിന്മാറിയ ശേഷം പ്രിഗോഷിന്‍ പരസ്യമായി എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. പ്രിഗോഷിനെ നമ്മളാരെങ്കിലും ഇനി പൊതുമധ്യത്തില്‍ കാണുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒന്നുകില്‍ അദ്ദേഹത്തെ എവിടെയോ ഒളിപ്പിച്ചിരിക്കുന്നു, അല്ലെങ്കില്‍ തടവിലാക്കിയിരിക്കുന്നു, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. എനിക്ക് തോന്നുന്നില്ല നമ്മള്‍ അദ്ദേഹത്തെ ഇനി കാണുമെന്ന്, എബ്രാംസ് പറഞ്ഞു.
തനിക്ക് വ്യക്തിപരമായി തോന്നുന്നത് പ്രിഗോഷിന്‍ ജീവനോടെയില്ലെന്നാണെന്നും ഇനി ഉണ്ടെങ്കില്‍ ജയിലില്‍ ആയിരിക്കുമെന്നും എബ്രാംസ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 29ന് പ്രിഗോഷിനും വാഗ്നര്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍മാരും പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് റഷ്യന്‍ സര്‍ക്കാര്‍ വക്താവായ ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ കൂടിക്കാഴ്ച 3 മണിക്കൂര്‍ നീണ്ടുവെന്നും പ്രിഗോഷിന്‍ അടക്കമുളളവര്‍ പുടിന്‍ സര്‍ക്കാരിനോട് കൂറ് പുലര്‍ത്തുമെന്ന് പറഞ്ഞതായും പെസ്‌കോവ് വ്യക്തമാക്കി.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് കമാന്‍ഡര്‍മാര്‍ പുടിനോട് വിശദീകരിച്ചു. മാത്രമല്ല തങ്ങള്‍ രാജ്യത്തേയും കമാന്‍ഡര്‍ ഇന്‍ ചീഫിനേയും പിന്തുണയ്ക്കുന്നതായും അവര്‍ അടിവരയിട്ടു. രാജ്യത്തിന് വേണ്ടിയുളള പോരാട്ടം തുടരാന്‍ തയ്യാറാണെന്നും അവര്‍ പുടിനോട് പറഞ്ഞു എന്നാണ് പെസ്‌കോവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കലാപനീക്കം നടത്തിയ പ്രിഗോഷിനെ രാജ്യദ്രോഹി എന്ന് ആയിരുന്നു പുടിന്‍ നേരത്തെ വിളിച്ചത്. മാത്രമല്ല പ്രിഗോഷിന് എതിരെ ക്രിമിനല്‍ കേസുമെടുത്തിരുന്നു.












Click it and Unblock the Notifications