ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടം
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് വന്‍ തിരിച്ചടി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പാര്‍ലമെന്റിലെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. പുതുതായി രൂപീകരിച്ച ഇടതുപക്ഷ സഖ്യം മികച്ച പ്രകടനം പൊതുതിരഞ്ഞെടുപ്പില്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വലിയ തിരിച്ചടി നേരിട്ടത്. തീവ്ര വലത് കക്ഷിയും മികച്ച മുന്നേറ്റം നടത്തിയിരുന്നു. രണ്ടാം വട്ടം അധികാരത്തിലെത്തിയ മാക്രോണിന് ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക ഇതേ ബുദ്ധിമുട്ടായി തീരും. പാര്‍ലമെന്റില്‍ ഇനി ഇടതുപക്ഷ സഖ്യത്തിന്റെ ആധിപത്യവും പ്രകടമാകും. ഫ്രഞ്ച് രാഷ്ട്രീയത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ ഫലം. ഭരണം ഇഴഞ്ഞ് നീങ്ങുന്നതായിരിക്കുമെന്ന ഭയം ഇതിനോടകം ശക്തമായിരിക്കുകയാണ്.

സഖ്യ സര്‍ക്കാര്‍ വരുന്നതോടെ ഭരണം തന്നെ പ്രതിസന്ധിയാവും. മാക്രോണ്‍ പുതിയ സഖ്യകക്ഷികളുടെ സഹായം തേടേണ്ടി വരും. അതേസമയം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഫോക്കസ് ചെയ്യുന്ന മാക്രോണിന് ആഭ്യന്തര കാര്യങ്ങളിലേക്ക് മടങ്ങേണ്ട അവസ്ഥയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനായിരുന്നു മാക്രോണിന്റെ പ്ലാന്‍. അതിലൂടെ ആഗോള ഇമേജ് വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. മാക്രോണിന്റെ സഖ്യം പാര്‍ലമെന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായിരിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ 234 സീറ്റ് അവര്‍ക്കുണ്ട്.
പക്ഷേ കണക്കുകള്‍ നോക്കുമ്പോള്‍ ഒട്ടും അനുകൂലമല്ല കാര്യങ്ങള്‍. 97 ശതമാനം വോട്ടും എണ്ണി കഴിഞ്ഞതാണ്. പക്ഷേ 289 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ ഇനിയും ദൂരമുണ്ട്. അതിനി എത്താനും സാധിക്കില്ല. 577 അംഗ സഭയാണ് ഫ്രാന്‍സിലുള്ളത്. ഈ സാഹചര്യം രാജ്യത്തിന് വലിയൊരു റിസ്‌കാണ് സമ്മാനിച്ചിരിക്കുന്നത്. ഒരുപാട് വെല്ലുവിളികളെ ഞങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പറഞ്ഞു. ഒരു ഭൂരിപക്ഷത്തിനായി ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ നേടിയ മാക്രോണിന്റെ ഇമേജ് ആകെ തകര്‍ന്നിരിക്കുകയാണ്.
രണ്ട് ദശാബ്ദത്തിനിടെ തുടര്‍ ഭരണം കിട്ടുന്ന ആദ്യ നേതാവെന്ന നേട്ടം മാക്രോണ്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. അപരാജിതനെന്ന മാക്രോണിന്റെ ഇമേജാണ് തകര്‍ന്നിരിക്കുന്നത്. ഇടതുപക്ഷ സഖ്യം 124 സീറ്റുകളാണ് നേടിയത്. സോഷ്യല്‍ലിസ്റ്റുകള്‍, തീവ്ര ഇടതുപക്ഷം, കമ്മ്യൂണിസ്റ്റുകള്‍, ഗ്രീന്‍സ് എന്നിവരെയെല്ലാം ചേര്‍ത്താണ് ഇടതുസഖ്യം രൂപീകരിച്ചത്. ഴാങ് ലുക്ക് മെലഞ്ചോണാണ് ഇതിനെ നയിച്ചിരിക്കുന്നത്. ഈ ഫലം മാക്രോണിന്റെ തിരഞ്ഞെടുപ്പ് തോല്‍വിയാണെന്ന് മെലഞ്ചോണ്‍ പറഞ്ഞു. വല്ലാത്ത തോല്‍വിയാണ് അദ്ദേഹം നേരിട്ടത്. ഭൂരിപക്ഷവും കിട്ടിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
വിരമിക്കല്‍ പ്രായം 65 ആക്കാനുള്ള മാക്രോണിന്റെ പ്ലാനും ഇതോടെ പൊളിഞ്ഞെന്ന് മെലഞ്ചോണിന്റെ പാര്‍ട്ടിയിലെ പ്രമുഖ എംപി അലക്‌സിസ് കോര്‍ബിയെറി പറഞ്ഞു. തീവ്ര കക്ഷി നേതാവ് മരീന്‍ ലീ പെന്നിന്റെ നാഷണല്‍ റാലി പാര്‍ട്ടിയും വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. പാര്‍ലമെന്റിലേക്ക് 89 എംപിമാരെ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഭാഗികമായ ഫലം മാത്രമാണ്. ഇനിയും കൂടിയേക്കാം. പരമ്പരാഗത റിപബ്ലിക്കന്‍മാരേക്കാള്‍ വലിയ വലതുപക്ഷ കക്ഷിയായി ഇതോടെ നാഷണല്‍ റാലി മാറി. നികുതിയിളവ്, ക്ഷേമ പദ്ധതികള്‍, അടക്കമുള്ളവ മാക്രോണിന്റെ മുന്നിലുണ്ടായിരുന്നു. അതെല്ലാം ഇനി അവതാളത്തിലാവും.












Click it and Unblock the Notifications