'ഇത് ധാര്‍മ്മികമായ അനിവാര്യത'; ജൂണില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
പാരീസ്: പലസ്തീനെ ജൂണില്‍ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്രായേലുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സഹകരണം ശക്തമാക്കുമ്പോഴാണ് യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സ് പലസ്തീനെ പിന്തുണയ്ക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. ഫ്രാന്‍സ് 5 ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ വാഗ്ദാനം. അതോടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് ഇസ്രായേലിനെ അംഗീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നമ്മള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍, ഞങ്ങള്‍ അത് ചെയ്യും. ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല ഇങ്ങനെ ചെയ്യുന്നത്' - മാക്രോണ്‍ പറഞ്ഞു.
150 രാജ്യങ്ങള്‍ പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയുള്‍പ്പെടെ മിക്ക പാശ്ചാത്യ ശക്തികളും അംഗീകരിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് ഫ്രാന്‍സിന്റെ സുപ്രധാന നീക്കമുണ്ടാകുന്നത്.

ഐക്യരാഷ്ട്ര സഭയിലെ 193 അംഗ രാജ്യങ്ങളില്‍ നിലവില്‍ 147 എണ്ണം പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ട്. കഴിഞ്ഞ മെയില്‍ സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നിവ പട്ടികയില്‍ ചേര്‍ന്നതോടെ അംഗീകാരം നല്‍കുന്ന മൊത്തം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ എണ്ണം 10 ആയി. ബള്‍ഗേറിയ, സൈപ്രസ്, മാള്‍ട്ട, ഹംഗറി, പോളണ്ട്, സ്വീഡന്‍, റൊമാനിയ എന്നിവയാണ് മറ്റുള്ളവ.
യുക്രൈന്‍, അല്‍ബേനിയ, സെര്‍ബിയ, മോണ്ടിനെഗ്രോ, ബെലാറസ് എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുന്നുണ്ട്. അതേസമയം, സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നിവ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍
ഇസ്രായേലിനെയും അംഗീകരിച്ചിട്ടില്ല.
പലസ്തീന്‍ വിഷയത്തില്‍ ജൂണില്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് ഒരു സമ്മേളനം നടത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മാക്രോണ്‍ വെളിപ്പെടുത്തി. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഒരു ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ ഉണ്ടാകും. അവിടെ നിരവധി രാജ്യങ്ങള്‍ ഇസ്രായേലിനെയും പലസ്തീനെയും അംഗീകരിക്കുന്ന നടപടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും.
2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രായേല്‍-ഗാസ സംഘര്‍ഷം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. 60,000-ത്തിലധികം ആളുകള്‍ യുദ്ധത്തില്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഗാസയില്‍ മാത്രം 50000 ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഈ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നുള്ള ആഹ്വാനങ്ങള്‍ രാജ്യാന്തര തലത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ നിര്‍ണായക നീക്കമെന്നത് ശ്രദ്ധേയമാണ്. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ധാര്‍മ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ ചൂണ്ടിക്കാട്ടി.
വളരെക്കാലമായി അഭിലാഷങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ട പലസ്തീനികളോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യപ്പെടുന്നു. അതുപോലെ നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ യഹൂദ കൂട്ടക്കൊല നേരിട്ട ഇസ്രായേലികളോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യപ്പെടുന്നു.
അതേസമയം, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിന് ഒരു പ്രോത്സാഹനമായിരിക്കും എന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍ ഫ്രാന്‍സിന്റെ നീക്കത്തോട് പ്രതികരിച്ചത്.












Click it and Unblock the Notifications