യെവ്ഗനി പ്രിഗോഷിന്‍: പുടിന്റെ വിശ്വസ്തന്‍, പിന്നീട് വിമതന്‍, ഒടുവില്‍ ദുരൂഹ മരണം
മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗനി പ്രഗോഷിന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ വിമത നീക്കം നടത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ മരണം സംഭവിച്ചിരിക്കുന്നത്. വളരെ നാടകീയമാണ് ഈ അന്ത്യം എന്ന് പറയാം. പുടിന്റെ വിശ്വസ്തനായും, അറവുകാരനായുമെല്ലാം അറിയപ്പെട്ടിരുന്നയാളാണ് പ്രിഗോഷിന്‍. വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ തലപ്പത്ത് എത്തിയതോടെയാണ് പ്രിഗോഷിന്‍ ശ്രദ്ധിക്കപ്പെട്ടത്.
തന്റെ ചെറുപ്പക്കാലം മുഴുവന്‍ ജയിലിലായിരുന്നു അദ്ദേഹം. പിന്നീടാണ് വളരെ അടുപ്പമുണ്ടാവുന്നത്. പുടിന്റെ ഷെഫ് എന്ന അപര നാമവും പ്രിഗോഷിനുണ്ടായിരുന്നു. ലോകത്തെമ്പാടും പ്രിഗോഷിന് ശത്രുക്കളുണ്ടായത് വാഗ്നര്‍ ഗ്രൂപ്പിനെ നയിക്കാന്‍ തുടങ്ങിയപ്പോഴാണ്. ഒപ്പം യുക്രൈനിലെ അധിനിവേശം കൂടിയായപ്പോള്‍ വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ടിരുന്നു.

1961ല്‍ ലെനിന്‍ഗ്രാഡിലാണ് അദ്ദേഹത്തിന്റെ ജനനം. ഇന്നത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗാണ്. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനെ അദ്ദേഹത്തിന് നഷ്ടമായത്. ജീവിതം വലിയ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. അതോടെ കുറ്റകൃത്യത്തിലേക്ക് തിരിയാന്‍ തുടങ്ങി. മോഷണത്തിലായിരുന്നു തുടക്കം. പിന്നീടത് ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചു. ഇരുപതാം വയസ്സില്‍ പ്രിഗോഷിനെ സോവിയറ്റ് യൂണിയന്‍ സര്‍ക്കാര്‍ 12 വര്‍ഷത്തെ തടവിന് വിധിച്ചു.
1981ലായിരുന്നു ഇത്. മോഷണത്തിനും, തട്ടിപ്പിനുമായിരുന്നു ശിക്ഷ. ഒരു സ്ത്രീയെ ക്രൂരമായി ആക്രമിച്ചതിന് പ്രിഗോഷിന്‍ ശിക്ഷിക്കപ്പെട്ടിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 1988ല്‍ പ്രിഗോഷിന് പൊതുമാപ്പ് നല്‍കി. 1990ലാണ് ജയില്‍ മോചിതനായത്. 1990ന് ശേഷം പ്രിഗോഷിന് അമ്മയും, പിതാവിനുമൊപ്പം ഹോട്ട് ഡോഗ് വില്‍ക്കുന്ന ജോലിയാണ് ചെയ്തത്. കമ്മ്യൂണിസ്റ്റ് ഭരണത്തിന് ശേഷമാണ് പ്രിഗോഷിന്‍ ജയില്‍ വിട്ടത്.
പ്രിഗോഷിന്‍ പിന്നീട് നിരവധി ബിസിനസുകളുടെ ഭാഗമായി. 2000ത്തിന്റെ തുടക്കത്തിലാണ് പുടിനുമായി അദ്ദേഹം അടുപ്പത്തിലാവുന്നത്. പിന്നീട് ഹോട് ഡോഗ് വില്‍പ്പനക്കാരനില്‍ നിന്ന് റെസ്റ്റോറന്റ് ഉടമയായും, അവിടെ നിന്ന് റഷ്യന്‍ അധികാര കേന്ദ്രങ്ങളിലേക്കും അദ്ദേഹം എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കമ്പനികള്‍ക്ക് അതിവേഗം സര്‍ക്കാര്‍ കരാറുകള്‍ കിട്ടി തുടങ്ങിയിരുന്നു. ഇത്തരത്തില്‍ കോടികളാണ് പ്രിഗോഷിന്‍ സമ്പാദിച്ചത്. പ്രിഗോഷിന്റെ കാറ്ററിഗന്‍ വര്‍ക്കുകളാണ് പുടിന്റെ ഷെഫ് എന്ന് പേരുവരാന്‍ കാരണമായത്. പിന്നീട് ഇത് പുടിന്റെ അറവുകാരനെന്നായി മാറുകയായിരുന്നു.
വാഗ്നര്‍ ഗ്രൂപ്പിന്റെ രൂപീകരിക്കപ്പെട്ടതും, അതില്‍ പ്രിഗോഷിന്റെ റോളും അങ്ങേയറ്റം രഹസ്യമായിരുന്നു. കൂലിപ്പട്ടാളം എന്ത് ചെയ്താലും അതില്‍ റഷ്യക്ക് പങ്കില്ലെന്ന് അവകാശവാദമുന്നയിക്കാനും ഇതോടെ സാധിച്ചിരുന്നു. യുക്രൈനിലും, സിറിയയിലും റഷ്യയുടെ സൈനിക ഇടപെടലുകളില്‍ വാഗ്നര്‍ ഗ്രൂപ്പ് നിര്‍ണായക ശക്തിയായിരുന്നു. റഷ്യന്‍ സൈന്യവുമായും, ഇന്റലിജന്‍സ് കേന്ദ്രങ്ങളുമായി ചേര്‍ന്ന് രഹസ്യമായിട്ടാണ് വാഗ്നര്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. വാഗ്നറുമായി യാതൊരു ബന്ധവുമില്ലെന്നും, സ്വകാര്യ സൈന്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.
2014ല്‍ ഡോണ്‍ബാസിലെ സംഘര്‍ഷത്തിലൂടെയാണ് വാഗ്നര്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അവിടെ റഷ്യന്‍ വിഘടനവാദികളെ ഇവര്‍പിന്തുണച്ചു. വലിയ അട്ടിമറിയും നടന്നിരുന്നു. ആഫ്രിക്കയിലെ മാലി, മൊസാംബിക്, സുഡാന്‍, പോലുള്ള രാജ്യങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജിച്ചതും ഇവിടെ വെച്ചാണ്. തനിക്ക് വാഗ്നര്‍ ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പ്രിഗോഷിന്‍ മുമ്പ് പറഞ്ഞത്. മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസും അദ്ദേഹം നല്‍കിയിരുന്നു.
എന്നാല്‍ യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടെ പ്രിഗോഷിന്‍ വാഗ്നറിന്റെ ഭാഗമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 2014ല്‍ താനാണ് ഈ സംഘത്തെ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് തടവുപുള്ളികളെയാണ് കൂലിപ്പട്ടാളത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. 50000 പേരോളം ഈ സംഘത്തില്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ക്രെംലിനായുമായി അദ്ദേഹം ഇടഞ്ഞു. യുക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് പറഞ്ഞു. പ്രതിരോധ മന്ത്രിയുമായി അദ്ദേഹത്തിന് പ്രശ്‌നങ്ങളുണ്ടായി. ജൂണ്‍ 23ന് അദ്ദേഹം വിമത നീക്കം നടത്തുകയായിരുന്നു. ഒടുവില്‍ ബെലാറൂസ് പ്രസിഡന്റ് ഇടപെട്ടാണ് ഇത് അവസാനിപ്പിച്ചത്. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് ദുരൂഹ സാഹചര്യത്തില്‍ പ്രിഗോഷിന്‍ മരിച്ചത്.












Click it and Unblock the Notifications