ഗള്‍ഫില്‍ പുതിയ പാത!! യുഎഇ, സൗദി അറേബ്യ വഴി... വന്‍ പദ്ധതി ഒരുക്കി ഇസ്രായേല്‍
ദുബായ്: കടല്‍ പാതകളില്‍ വെല്ലുവിളി നിറയുമ്പോള്‍ കരയിലൂടെയുള്ള പുതിയ പാത ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരുക്കുന്നു. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് കടലിലൂടെയും പിന്നീട് കരയിലൂടെയുമാണ് പാത. ചരക്കുകള്‍ ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്കും തുടര്‍ന്ന് യൂറോപ്പിലേക്കുമെത്തും. ചെങ്കടലിലൂടെയുള്ള ചരക്കു കടത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെയാണ് പുതിയ നീക്കം.
ലോക ചരക്കു കടത്തിന്റെ 12 ശതമാനം ചെങ്കടലിലൂടെയാണ്. ഇസ്രായേലിനെതിരായ നീക്കത്തിന്റെ ഭാഗമായി യമനിലെ ഹൂതികള്‍ ഈ വഴി ഉപരോധിക്കുകയാണ്. ഇസ്രായേലിലേക്കും തിരിച്ചുമുള്ള ചരക്കു കപ്പലുകള്‍ ആക്രമിക്കുകയാണ് അവര്‍. ഇസ്രായേലിനെ രക്ഷിക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നാവിക കപ്പലുകള്‍ യമനില്‍ ആക്രമണം നടത്തുന്നുണ്ട്. ഇതിനിടെയാണ് പുതിയ പാത ഒരുങ്ങുന്നത്.

ചെങ്കടല്‍ പാതയില്‍ പ്രതിസന്ധിയുണ്ടായതിന് പ്രധാന കാരണം ഇസ്രായേലിന്റെ ഗാസ ആക്രമണമാണ്. ഗാസയില്‍ ആക്രമണം നിര്‍ത്തുന്നത് വരെ ഇസ്രായേലിലേക്കുള്ള ചരക്കു കപ്പലുകള്‍ തടയുമെന്ന് ഹൂതികള്‍ പറയുന്നു. ഇവര്‍ നിരവധി കപ്പലുകള്‍ ആക്രമിക്കുകയും ചെയ്തു. ഇതോടെ ചരക്കുമായി പോകുന്ന കപ്പലുകളുടെ കമ്പനികളും മറ്റു വ്യവസായ ഗ്രൂപ്പുകളും പിന്മാറി.
ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ചെലവ് കുറഞ്ഞ വഴിയാണ് ചെങ്കടലിലൂടെയുള്ളത്. ബാബുല്‍ മന്തിബ് വഴി ചെങ്കടലില്‍ പ്രവേശിച്ചാല്‍ സൂയസ് കനാലിലേക്കും മെഡിറ്ററേനിയന്‍ കടലിലേക്കും യൂറോപ്പിലേക്കും വഴിയുണ്ട്. ബാബുല്‍ മന്തിബിലാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. ഇതോടെ കപ്പല്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി. നിരവധി കമ്പനികള്‍ സര്‍വീസ് നിര്‍ത്തി. പല വാഹന നിര്‍മാതാക്കളും നിര്‍മാണം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഹൂതികളുടെ നടപടി യൂറോപ്പിനും ഇസ്രായേലിനും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹൂതികളെ പൂര്‍ണമായി ഇല്ലാതാക്കുക സാധ്യവുമില്ല. ഈ സാഹചര്യത്തില്‍ ഇസ്രായേലിലെ കമ്പനികളാണ് പുതിയ പാത സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയില്‍ നിന്ന് ഹൂതികളെ ഭയക്കാതെ യൂറോപ്പിലേക്ക് പോകാന്‍ സാധിക്കുന്നതാണ് കടലിലിലൂടെയും കരയിലൂടെയുമുള്ള പുതിയ പാത.
യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തുറമുഖങ്ങളില്‍ നിന്ന് ചരക്കുകള്‍ സൗദി അറേബ്യയിലെ തുറമുഖത്ത് എത്തിക്കുക എന്നതാണ് പാതയുടെ തുടക്കം. ശേഷം സൗദി അറേബ്യയില്‍ നിന്ന് കരമാര്‍ഗം ജോര്‍ദാനിലൂടെ ഇസ്രായേലിലേക്ക് എത്തിക്കും. ഇവിടെ നിന്ന് യൂറോപ്പിലേക്കും. ഇതാണ് തങ്ങളുടെ പുതിയ പാത എന്ന് ട്രക്‌നെറ്റ് എന്റര്‍പ്രൈസ് ലിമിറ്റഡ് സിഇഒ ഹനന്‍ ഫ്രിഡ്മാന്‍ പറഞ്ഞു.
യുഎഇയിലെ ജബല്‍ അലി തുറമുഖത്ത് നിന്ന് സൗദിയിലെ ജിദ്ദയിലേക്കാണ് ചരക്കുകള്‍ ആദ്യം എത്തിക്കുന്നത്. ജബല്‍ അലിയില്‍ നിന്ന് ജോര്‍ദാനിലേക്ക് ചരക്കെത്തിക്കുന്ന വഴിയും ഒരുക്കിയിട്ടുണ്ട്. ഈ പാതകള്‍ നേരത്തെ ചര്‍ച്ചയിലുണ്ടെങ്കിലും ഇസ്രായേലും അറബ് രാജ്യങ്ങളും നയതന്ത്ര ബന്ധമില്ലാത്തതിനാല്‍ സാധ്യമായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയ സാഹചര്യം മാറിയതോടെയാണ് വീണ്ടും ഈ പാത ചര്‍ച്ചയായതും ചരക്കു കടത്ത് ആരംഭിച്ചിരിക്കുന്നതും.
താല്‍ക്കാലികമായി ഉപയോഗിക്കാന്‍ പറ്റുന്ന പാതയാണ്. വലിയ തോതിലുള്ള ചരക്കുകടത്ത് ഇതുവഴി സാധ്യമല്ല. ചെങ്കടല്‍ പാതയ്ക്ക് പകരം ആഫ്രിക്ക വഴിയുള്ള ഒരു പാതയാണ് കപ്പല്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ ചരക്കുകള്‍ ഇസ്രായേലിലെയും യൂറോപ്പിലും എത്തണമെങ്കില്‍ 12 ദിവസമാകും. അതിനേക്കാള്‍ കുറഞ്ഞ ദിവസം മതി യുഎഇ-സൗദി-ജോര്‍ദാന്‍ വഴി ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്കുള്ള പുതിയ പാതയ്ക്ക്.












Click it and Unblock the Notifications