ഉത്തര്‍പ്രദേശില്‍ നിന്ന് ആപ്പിളിന്റെ തലപ്പത്തേക്ക്; ആരാണ് പുതിയ സിഒഒ സാബിഹ് ഖാന്‍ ?
കാലിഫോര്‍ണിയ: മുപ്പത് വര്‍ഷത്തെ സേവനത്തിനുള്ള അംഗീകാരമായി ഇന്ത്യന്‍ വംശജനെ നേതൃപദവിയില്‍ നിയമിച്ച് ആപ്പിള്‍ കമ്പനി. ഉത്തര്‍പ്രദേശില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ സാബിഹ് ഖാനെയാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സിഒഒ) പദവിയില്‍ നിയമിച്ചത്.
1995ലാണ് സാബിഹ് ഖാന്‍ ആപ്പിളില്‍ ചേരുന്നത്. ആപ്പിളിന്റെ ഓരോ നൂതനമായ ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നതിലും അത് മാര്‍ക്കറ്റ് ചെയ്യുന്നതിലും സാബിഹ് നിര്‍ണായക പങ്കുവെച്ചതായി നിയമനം സംബന്ധിച്ച ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നു. നിലവില്‍ ആപ്പിള്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ആണ് ഇദ്ദേഹം.

ആപ്പിളിന്റെ ആഗോള തലത്തിലുള്ള വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ജെഫ് വില്യംസ് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് 59 കാരനായ സാബിഹ് സ്ഥാനമേല്‍ക്കുന്നത്. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന സുപ്രധാന പദവിയിലേക്കാണ് ഇന്ത്യന്‍ വംശജനായ സാബിഹ് ചുമതല ഏല്‍ക്കുന്നത്. ആപ്പിള്‍ സിഇഒ ടീം കുക്കിംഗ് കീഴിലാണ് ഇദ്ദേഹത്തിന്റെ നിയമനം.
ആപ്പിള്‍ സിഇഒ ടിം കുക്ക് സാബിഹ് ഖാനെ അഭിനന്ദിച്ചു. സാബിഹ് ഖാന്‍ ബുദ്ധിമാനായ തന്ത്രജ്ഞനും ആപ്പിളിന്റെ വിതരണ ശൃംഖലയുടെ കേന്ദ്ര ശില്‍പികളില്‍ ഒരാളുമാണെന്ന് ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ടിം കുക്ക് വിശേഷിപ്പിച്ചു.
1966 ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സാബിഹ് ഖാന്‍ ജനിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കുടുംബത്തോടൊപ്പം സിംഗപ്പൂരിലേക്ക് താമസം മാറിയത്. തുടര്‍ന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ടഫ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദവും റെന്‍സെലേര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടി.
ആപ്പിളില്‍ ചേരുന്നതിന് മുമ്പ് സാബിഹ് ഖാന്‍ അമേരിക്കന്‍ കമ്പനിയായ ജിഇ പ്ലാസ്റ്റിക്‌സ് എന്ന കമ്പനിയില്‍ ആയിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. അവിടെ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് എന്‍ജിനീയറായും കീ അക്കൗണ്ട് ടെക്‌നിക്കല്‍ ലീഡറായും സേവനമനുഷ്ഠിച്ചു. ആപ്പിളിന്റെ കാര്‍ബണ്‍ പുറന്തള്ളല്‍ 60 ശതമാനത്തിലധികം കുറച്ച് പരിസ്ഥിതി സൗഹദൃമാക്കുന്നതില്‍ ഉള്‍പ്പെടെ സാബിഹ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications