ജി 20 ഉച്ചകോടി; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സപ്റ്റംബർ 7 ന് ഇന്ത്യയിലെത്തും
ഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി ആണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വിവരം അറിയിച്ചത്. സെപ്റ്റംബര്‍ 7 മുതല്‍ 10 വരെയാണ് ഉച്ചകോടി.
സന്ദര്‍ശനത്തിന്റെ ഭാഗമായി ബൈഡന്‍ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടില്ല. അതേസമയം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, യുക്രെയ്ൻ യുദ്ധത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതം ലഘൂകരിക്കൽ, ബഹുമുഖ വികസന ബാങ്കുകളുടെ ശേഷി വർധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള ആഗോള പ്രശ്‌നങ്ങൾ ജോ ബൈഡനും ജി 20 അംഗ രാജ്യങ്ങളുടെ നേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.

ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിന് ലോകബാങ്ക് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വികസന ബാങ്കുകളുടെ ശേഷി വർധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ ഈ ബാങ്കുകൾ മികച്ച പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും വായ്‌പാ ശക്തി 200 ബില്യൺ ഡോളർ വർധിപ്പിക്കുന്ന നിർദ്ദേശങ്ങൾ യുഎസ് ഡൽഹിയിൽ മുന്നോട്ട് വെക്കുമെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷ ഉദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. എന്നാൽ, ജി20 അംഗവും ഐഎംഎഫിലെയും ലോകബാങ്കിലെയും പ്രധാന പങ്കാളിയെന്ന നിലയിലും ചൈനയുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകുമെന്നും സള്ളിവൻ വ്യക്തമാക്കി. അതുകൊണ്ട് തന്നെ തങ്ങളുടെ പിന്തുണ എന്നത് ഒരിക്കലും ചൈനയ്ക്ക് എതിരാകില്ലെന്നും സള്ളിവൻ പറഞ്ഞു.












Click it and Unblock the Notifications