'ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തും; ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേലിനെ സഹായിക്കില്ല'; ജോ ബൈഡൻ
മിസൈലാക്രമണത്തിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഇസ്രായേൽ. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരിക്കും ഇസ്രായേൽ നീക്കം എന്ന അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ അത്തരം ഒരു നീക്കത്തിന് ഒരിക്കലും ഇസ്രായേലിന് പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഎസ്. അതേസമയം ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണത്തിൽ ഇസ്രായേലിനുള്ള പിന്തുണ ബൈഡൻ ആവർത്തിച്ചു. ഇറാനുമേൽ ജി7 രാജ്യങ്ങൾ ഉടൻ ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ വ്യക്തമാക്കി.
ഇറാന്റെ നടപടി അംഗീകരിക്കാനാവാത്തതാണെന്നും ഉപരോധം സംബന്ധിച്ച തുടർ നടപടികൾ ജ7 രാജ്യങ്ങളുമായി ചർച്ച ചെയ്ത് വരികയാണെന്നും ബൈഡൻ വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ശ്രമങ്ങൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കുകയേ ഉള്ളൂവെന്നും ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഉടൻ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ നേതാക്കളുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയുടെ കൊലയ്ക്ക് പിന്നാലെയാണ് ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇറാന്റെ 200 ഓളം മിസൈലുകളാണ് ഇസ്രായേൽ മണ്ണിൽ പതിച്ചത്. തങ്ങളുടെ ലക്ഷ്യം വിജയം കണ്ടെന്നും ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെയാണ് ആക്രമിച്ചതെന്നും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ ഇസ്രായേലിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒരു പലസ്തീൻ പൗരൻ കൊല്ലപ്പെട്ടതായും ഇസ്രായേൽ അറിയിച്ചിരുന്നു. എന്നാൽ ഇറാൻ മിസൈലുകളിൽ ഭൂരിഭാഗവും ആകാശത്ത് വെച്ച് തന്നെ തകർത്തുവെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്. അതേസമയം ഇറാനെതിരെ കനത്ത രീതിയിൽ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇസ്രായേൽ.
ഇറാൻ സൈനിക കേന്ദ്രങ്ങൾ അടക്കമാണ് ഇസ്രായേൽ ലക്ഷ്യം വെയ്ക്കുക. യുഎസുമായി ചർച്ച നടത്തിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തിയിരുന്നു. അതിനിടെ കര ആക്രമണത്തിനിടെ ഇസ്രായേലിന്റെ 8 സൈനികർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രായേൽ നീക്കത്തിൽ ഇത് ആദ്യമായാണ് ഇസ്രായേൽ സൈന്യത്തിൽ ആളപായം സംഭവിക്കുന്നത്.
ഇത് തുടക്കം മാത്രമാണെന്ന് ഹിസ്ബുള്ള വക്താവ് പ്രതികരിച്ചു. തിരിച്ചടിക്കാൻ പൂർണമായും തയ്യാറെടുത്തിരിക്കുകയാണെന്നും ഹിസ്ബുള്ള വ്യക്തമാക്കി.അതേസമയം സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ബെയ്റൂട്ടിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. സെൻട്രെൽ ബൈറൂട്ടിലെ ബെച്ചൗര പ്രദേശത്ത് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ഇസ്രായേൽ ആക്രമണം തുടരുകയാണ്. മേഖലയിൽ നിന്നുള്ളവർ എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. അതേസമയം കൊല്ലപ്പട്ടവരിൽ ഒരാൾ യുഎസ് പൗരനാണെന്ന് സ്ഥിരീകരണം ഉണ്ട്.












Click it and Unblock the Notifications