ചര്‍ച്ചകള്‍ തകൃതി; സമാധാനം അകലെ; ഇസ്രായേലിനെ മെരുക്കാനാകാതെ അമേരിക്ക: ആക്രമണം തുടരുന്നു
ഗാസ സമാധാന ചര്‍ച്ചകളുടെ രണ്ടാം ഘട്ടം ഉഷാറായി പുരോഗമിക്കുന്നുവെന്ന് അമേരിക്ക ആവര്‍ത്തിക്കുമ്പോഴും ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകന് ജാരെദ് കുഷ്നറും ഇസ്രായേലില്‍ ഉള്ളപ്പോഴാണ് ഗാസയില്‍ ഇസ്രായേല്‍ പ്രകോപനം തുടരുന്നത്. 24 മണിക്കൂറിനുള്ളില്‍ 10ലധികം മൃതദേഹങ്ങള്‍ എത്തിയതായി ഗാസ അധികൃതര്‍ പറയുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ പാലസ്തീനികളാണ് ഇതുവരെ മരിച്ചത്. ഇടയ്ക്കിടെ ആക്രമണം നടത്തിയ ഇസ്രായേല്‍ സേന ഏറ്റവും കടുപ്പത്തില്‍ വ്യോമാക്രമണം നടത്തിയത് 19നായിരുന്നു. രണ്ട് ഇസ്രായേല്‍ സൈനികര്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു ഇസ്രായേല്‍ വ്യോമസേനയുടെ ആക്രമണം. 153 ടണ്‍ ബോംബുകള്‍ വര്‍ഷിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലിനെ വിരട്ടാനുള്ള ലൈസന്‍സ് അല്ലെന്ന് പറഞ്ഞ നെതന്യാഹു ഇസ്രായേലിനെ ആക്രമിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു കൈയാണ് സമാധാനത്തിനായി നീട്ടിയിരിക്കുന്നതെന്നും മറുകൈയില്‍ ആയുധമുണ്ടെന്നും നെതന്യാഹു നെസെറ്റില്‍ പറഞ്ഞു. സൈനികരുടെ മരണത്തില്‍ പങ്കില്ലെന്നും ഇസ്രായേല്‍ നിയന്ത്രിത മേഖലയിലാണ് രണ്ട് സൈനികരും കൊല്ലപ്പെട്ടതെന്നും ഹമാസ് ആവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വിശദീകരണമൊന്നും നല്‍കാതെയാണ് ഇസ്രായേല്‍ ഗാസയില്‍ കടുത്ത ആക്രമണം നടത്തിയത്.
ഗാസയിലുള്‍പ്പെടെ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഹമാസ് എതിര്‍ക്കുന്നവരുടെ കണ്ണും കൈയും കെട്ടിയിരുത്തി പരസ്യമായി വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതിലൊന്നും ഉത്തരവാദിത്തം ഹമാസ് ഏറ്റെടുക്കാതിരുന്നിട്ടുമില്ല.
വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റം, ഇസ്രായേല്‍ സേനയുടെ ഭാഗികപിന്മാറ്റം, ഭക്ഷണവും മരുന്നും ഉള്‍പെടെയുള്ള അവശ്യവസ്തുക്കളുമായി എത്തുന്ന ട്രക്കുകള്‍ക്ക് പ്രവേശനാനുമതി എന്നിവയൊക്കെയായിരുന്നു കെയ്റോവില്‍ ഒപ്പിട്ട ഒന്നാം ഘട്ട സമാധാന കരാറിലെ പ്രധാന വ്യവസ്ഥകള്‍. ഇതില്‍ പ്രതിജ്ഞാബദ്ധരെന്ന് ഇസ്രായേലും ഹമാസും ആവര്‍ത്തിക്കുന്നുണ്ടെന്നും വെടിനിര്‍ത്തലിന്റെ ഭാവി തുലാസിലാണ്. സഹായ ട്രക്കുകളുടെ പോക്കുവരവിനുള്ള തടസം മാറിയിട്ടുമില്ല. ഇപ്പോഴും വടക്കന്‍ ഗാസയിലേക്കുള്ള വഴി ഇസ്രായേല്‍ തുറന്നിട്ടില്ല. ഹമാസ് ഇനിയും ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്കാനുണ്ടെന്ന് ആരോപിച്ചാണ് ഇത്. മേഖലയിലെ പട്ടിണിയും ദുരിതവും വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഗ്രൂപ്പുകളും ആവര്‍ത്തിച്ച് ഉന്നയിക്കുമ്പോഴാണ് ഇസ്രായേല്‍ കടുത്ത നടപടി തുടരുന്നുത്.
ഇതു പോരാഞ്ഞ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒലീവ് വിളവെടുപ്പിനെത്തുന്ന പാലസ്തീനികളെ സൈനികര്‍ക്കൊപ്പം ഇസ്രായേല്‍ കുടിയേറ്റക്കാരും ആക്രമിക്കുന്നുണ്ടെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. 55 കാരിയായ ഉംസലേ അബു ആലിയയെ മുഖം മറച്ചെത്തിയ ഇസ്രായേലി കുടിയേറ്റക്കാരന് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇത്. അടി കൊണ്ട് താഴെ വീണിട്ടും ഈ പാവം സ്ത്രീയെ മുഖം മറച്ചയാള്‍ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ജാസ്പെര്‍ നഥാനിയേല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പരിക്ക് പറ്റിയ ഉംസലേ ചികിത്സയിലാണ്. ഈ സീസണില്‍ മാത്രം ഒലീവ് കൃഷിയിടങ്ങളില്‍ 158 ആക്രമണങ്ങള്‍ നടന്നെന്നാണ് കോളനൈസേഷന്‍ ആന്‍ഡ് വാര് റെസിസ്റ്റന്‍സ് കമ്മീഷനെ ഉദ്ധരിച്ച് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. നിരവധി മരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
അക്രമം തുടര്‍ന്നാല്‍, ആയുധം താഴെ വെക്കാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്നാണ് അമേരിക്ക പറയുന്നത്. അതേസമയം വെടിനിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഇസ്രായേലിന് എതിരെ ഒന്നും പറയുന്നില്ല. റഫാ അതിര്‍ത്തി തുറക്കാത്തതിനെ പറ്റിയും മിണ്ടാട്ടമില്ല. എന്നാല്‍ അമേരിക്കയുടെ അടുത്ത സുഹൃത്തും ചങ്ങാതിയും പങ്കാളിയുമെന്ന് ട്രംപ് വിശേഷിപ്പിക്കുന്ന ഖത്തര്‍ അതിരൂക്ഷമായാണ് ഇസ്രായേലിനെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് വിമര്‍ശിച്ചത്. ഇസ്രായേലിന്റെ ആക്രമണം ഗാസയെ മനുഷ്യവാസ യോഗ്യമല്ലാത്ത പ്രദേശമാക്കി മാറ്റിയെന്നും രണ്ട് വര്‍ഷത്തിലേറെയായി ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുറ്റപ്പെടുത്തി.
ഇതിനിടെ വിറ്റ്കോഫിനും കുഷ്നര്‍ക്കും പിന്നാലെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഇസ്രായേലിലെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ വളരെ നന്നായി പോകുന്നുവെന്നും ഇനിയും ചെയ്യാന്‍ കൂടുതല്‍ ജോലികളുണ്ടെന്നും ജെഡി വാന്‍സ് പറയുന്നു. നിരായുധീകരണത്തിന് ഹമാസ് തയ്യാറായില്ലെങ്കില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന പ്രസിഡന്റിന്റെ ഭീഷണി വാന്‍സും ആവര്‍ത്തിച്ചു.
ശക്തമായ നടപടിയുണ്ടാകും എന്ന് പറയുമ്പോഴും ഗാസയില്‍ നേരിട്ടിറങ്ങിയുള്ള ഇടപെടലിന് അമേരിക്ക മുതിരില്ലെന്നും വാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എല്ലാ ഇസ്രയേല്‍ ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരികെ എത്തിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കില്ലെന്ന് പറഞ്ഞ വാന്‍സ് ഇത്തരം കാര്യങ്ങള്‍ക്ക് ചില പ്രയാസങ്ങളുണ്ടെന്നും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും വിശദീകരിക്കുകയും ചെയ്തു. എല്ലാം നന്നായി പോകുന്നുവെന്ന് പറയുമ്പോഴും വെടിനിര്‍ത്തല്‍ തുലാസിലാണെന്ന തിരിച്ചറിവിലാണ് വാന്‍സ് കൂടി ഇസ്രായേലിലെത്തിയതെന്ന് ഒരു വിഭാഗം നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അമേരിക്കന്‍ സംഘം ഇസ്രായേലില്‍ കൂടിക്കാഴ്ചകള്‍ തുടരുമ്പോള്‍ ഖലീല്‍ ഹയ്യയുടെ നേതൃത്വത്തില്‍ ഹമാസ് സംഘം ഈജിപ്തിലും ചര്‍ച്ചകളിലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications