വിവാദ പരാമര്‍ശം; ജര്‍മന്‍ നാവിക സേനാ മേധാവി രാജിവെച്ചു
ജര്‍മന്‍ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ കേ അഷിം ഷോന്‍ബാച്ച് രാജിവെച്ചു. ഇന്ത്യയില്‍ വെച്ച് നടത്തിയ വിവാദമായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് രാജി. ഉക്രെയ്‌നില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയന്‍ പ്രദേശം നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ഇനി തിരിച്ചെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉക്രൈനിനെ ആക്രമിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഉക്രൈന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജര്‍മനിയും നാവിക സേനാ മേധാവിയുടെ പരാമര്‍ശത്തെ അനുകൂലിച്ചിരുന്നില്ല.

ഇതോടെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കേ അഷിം ഷോന്‍ബാച്ച് രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ എന്റെ മോശം പരാമര്‍ശങ്ങള്‍... എന്റെ ഓഫീസില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു... ജര്‍മ്മന്‍ നാവികസേനയ്ക്കും ജര്‍മ്മന്‍ സേനയ്ക്കും പ്രത്യേകിച്ച് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിക്കും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ നടപടി (രാജി) അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നുവെന്ന് ഷോന്‍ബാച്ച് പ്രസ്താവനയില്‍ പറഞ്ഞു.
ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ എന്നെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഞാന്‍ പ്രതിരോധ മന്ത്രി ക്രിസ്റ്റീന്‍ ലാംബ്രെച്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, മന്ത്രി തന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതു നിമിഷവും റഷ്യന്‍ കടന്നുകയറ്റം ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ഉക്രൈന്‍. ബ്രിട്ടന്‍ അത്യാധുനിക ആയുധങ്ങളോടെ പട്ടാളത്തെ ഉക്രൈനിലേക്ക് അയച്ചിരിയ്ക്കയാണ്. അമേരിക്കന്‍ സേനയും പുറപ്പെടാനുള്ള തയാറെടുപ്പിലാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച റഷ്യന്‍ ജര്‍മന്‍ വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജര്‍മനിയുടെ വിദേശകാര്യമന്ത്രി അന്നലീനെ ബയര്‍ബോക്ക് സംഘര്‍ഷത്തിന് അയവുവരുത്താനുള്ള ഉപാധികളുമായിട്ടാണ് സെര്‍ജി ലാപ്രോവുമായി ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ റഷ്യന്‍ സഹകരണം ഉദ്ദേശിച്ച രീതിയില്‍ ലഭിച്ചില്ലന്ന് മന്ത്രി ബെയര്‍ബോക്ക് പറഞ്ഞു.
ഉക്രൈന്‍ അതിര്‍ത്തിയില്‍ ഏകദേശം ഒരു ലക്ഷത്തോളം സൈനികരേയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. ഉക്രൈന്‍ നിലവില്‍ നാറ്റോ സഖ്യത്തിലെ അംഗമല്ലെങ്കിലും യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സഖ്യകക്ഷികള്‍ രക്ഷകരായി നില്‍ക്കുമെന്നാണ് പ്രഖ്യാപനം. കിഴക്കന്‍ യൂറോപ്പിന്റെ ഭൂപടം മാറ്റി വരയ്ക്കുവാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ശ്രമം.
ഉക്രൈയിനിന്റെ ഭാഗമാണെന്ന് അവര്‍ പറയുന്ന ക്രൈമിയ പ്രദേശം 2014 ലാണ് റഷ്യന്‍ അനുകൂലികള്‍ പിടിച്ചെടുത്തിരുന്നു. റഷ്യന്‍ സൈന്യം യൂണിഫോം ഇടാതെ വന്ന് പ്രദേശം പിടിച്ചെടുത്തുവെന്നാണ് ഉക്രൈയിനും നാറ്റോ കക്ഷികളും യു എസും ആരോപിക്കുന്നത്. എന്നാല്‍, നാറ്റോയാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് റഷ്യ പറയുന്നത്.












Click it and Unblock the Notifications