വിമാനം ഇടിച്ചറക്കിയതുതന്നെ; രണ്ടാമത്തെ ബ്ലാക് ബോക്‌സിലും സ്ഥിതീകരണം
മാര്‍ച്ച് 24ന് ബാഴ്‌സലോണയില്‍ നിന്നും ഡ്യുസല്‍ഡോര്‍ഫിലേക്ക് യാത്രതിരിച്ച ജര്‍മ്മന്‍ വിങ്‌സ് വിമാനം ആല്‍പ്പ്‌സ് പര്‍വ്വത നിരകളില്‍ തകരാന്‍ കാരണമായത് സഹപൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്‌സ് ഇടിച്ചിറക്കിയതു മൂലമാണെന്ന് സ്ഥിതീകരണം. വിമാനത്തിന്റെ രണ്ടാം ബ്ലാക് ബോക്‌സില്‍ നിന്നാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
വിമാനം താഴേക്ക് പതിക്കുമ്പോള്‍ സഹപൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്‌സ് വിമാനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചിരുന്നതായി ബ്ലാക് ബോക്‌സ് പരിശോധനയില്‍ വ്യക്തമായി. പല തവണയായാണ് വിമനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗതയിലാണ് വിമാനം ആല്‍പ്‌സില്‍ പതിച്ചത്.

150 പേരാണ് ജര്‍മ്മന്‍ വിങ്‌സ് വിമാനം ആല്‍പ്പ്‌സ് പര്‍വ്വത നിരകളില്‍ തകര്‍ന്ന് മരിച്ചത്. മുഖ്യ പൈലറ്റിനെ കോക്പിറ്റില്‍ നിന്നും മാറ്റിയശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തായിരുന്നു സഹപൈലറ്റിന്റെ ആത്മഹത്യ. ആദ്യ ബ്ലാക്ക് ബോക്‌സില്‍(കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍) നിന്നും ഇതിന്റെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ആന്‍ഡ്രിയാസ് ലുബിറ്റ്‌സ് അടുത്തിടെ കാമുകി വിട്ടു പിരിഞ്ഞതിന് ശേഷം ആരോടും അധികം സംസാരിക്കാറില്ലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മാനസികമായ പിരിമുറക്കത്തില്‍ നിന്നും രക്ഷപ്പെടാനായാണ് പൈലറ്റ് ഇത്രയും യാത്രക്കാരുമായി ആത്മഹത്യ ചെയ്തത് എന്നത് ബന്ധുക്കളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications