ജര്‍മനിയില്‍ ഭരണമാറ്റം... മുന്നേറ്റമുണ്ടാക്കി മെര്‍സിന്റെ സിഡിയു; കരുത്തുകാട്ടി എഎഫ്ഡി
മ്യൂണിക്ക്: ജര്‍മന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫ്രെഡറിക് മെര്‍സിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) മുന്നേറ്റം. നിലവില്‍ അധികാരത്തിലുള്ള ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 630 സീറ്റാണ് ജര്‍മന്‍ പാര്‍ലമെന്റില്‍ ഉള്ളത്. കേവലഭൂരിപക്ഷത്തിന് 316 സീറ്റാണ് വേണ്ടത്. ഈ സീറ്റ് നിലയിലേക്ക് എത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
പബ്ലിക് ബ്രോഡ്കാസ്റ്റര്‍ പ്രസിദ്ധീകരിച്ച എക്‌സിറ്റ് പോളുകള്‍ പ്രകാരം പ്രതിപക്ഷ യാഥാസ്ഥിതിക സിഡിയു ബ്ലോക്ക് 28.5 ശതമാനം വോട്ടും 208 സീറ്റുമാണ് നേടിയിരിക്കുന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) 20 ശതമാനം വോട്ടുമായി (151 സീറ്റ്) രണ്ടാം സ്ഥാനത്തെത്തി. ഷോള്‍സിന്റെ എസ്പിഡിയ്ക്ക് 16.5 ശതമാനം വോട്ടും 121 സീറ്റും ലഭിച്ചു.

ഗ്രീന്‍സിന് 12 ശതമാനം വോട്ടുകളും 85 സീറ്റും തീവ്ര ഇടതുപക്ഷമായ ഡൈ ലിങ്കെ പാര്‍ട്ടി 9 ശതമാനം വോട്ടുകളും 64 സീറ്റും നേടി, അതേസമയം സഹ്ര വാഗെന്‍ക്‌നെക്റ്റിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ട്ടിയായ ബിഎസ്ഡബ്ല്യു 5 ശതമാനം വോട്ട് നേടിയെങ്കിലും സീറ്റൊന്നും ലഭിച്ചില്ല. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തന്റെ പാര്‍ട്ടിയുടെ പരാജയം അംഗീകരിക്കുകയും ഫ്രെഡറിക് മെര്‍സിനെ അഭിനന്ദിക്കുകയും ചെയ്തു.
'സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത് ഒരു കയ്‌പേറിയ തിരഞ്ഞെടുപ്പ് ഫലമാണ്, ഇത് ഒരു തിരഞ്ഞെടുപ്പ് പരാജയം കൂടിയാണ്. മെര്‍സിന് അഭിനന്ദനങ്ങള്‍,' വോട്ടെടുപ്പിന് ശേഷമുള്ള തന്റെ ആദ്യ പ്രസ്താവനയില്‍ ഷോള്‍സ് പറഞ്ഞു. അതേസമയം കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സിഡിയു ചെറിയ പാര്‍ട്ടികളുമായി സഖ്യത്തില്‍ എത്തിയേക്കും. മെര്‍സാകും അടുത്ത ചാന്‍സലര്‍.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുമായി എന്തായാലും സഖ്യത്തിനില്ലെന്ന് മെര്‍സ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പ്രധാന എതിരാളിയായ എസ്പിഡിയെ മെര്‍സ് കൂട്ടുപിടിക്കുമോ അതോ മറ്റു ചെറു പാര്‍ട്ടികളെ ആശ്രിയിക്കുമോ എന്നതിലാണ് ആകാംക്ഷ. ബജറ്റ് ചെലവുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് നവംബറില്‍ ഷോള്‍സ് സഖ്യം തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
കുടിയേറ്റം, സുരക്ഷ, സാമ്പത്തിക നയങ്ങള്‍ എന്നിവയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ഉള്‍പ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ പ്രമുഖര്‍ ഈ തിരഞ്ഞെടുപ്പില്‍ എഎഫ്ഡിക്ക് പിന്തുണ പ്രകടിപ്പിച്ചത് യൂറോപ്യന്‍ നേതാക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എഎഫ്ഡി മുഖ്യപ്രതിപക്ഷമാകുന്നത് ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കും എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications