സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കി; ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ ആശങ്ക
അഞ്ഞൂറോളം ചരക്ക് കപ്പലുകളാണ് കനാലിന്റെ ഇരു വശത്തുമായി കുടുങ്ങി കിടക്കുന്നത്
കയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ നീക്കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങളോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കപ്പൽ വലിച്ചു നീക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. അതേസമയം കപ്പൽ നീക്കിയെങ്കിലും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പാതയിൽ എപ്പോൾ മുതൽ ഗതാഗതം പുനഃരാരംഭിക്കാൻ പറ്റുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

അഞ്ഞൂറോളം ചരക്ക് കപ്പലുകളാണ് കനാലിന്റെ ഇരു വശത്തുമായി കുടുങ്ങി കിടക്കുന്നത്. ഇത് യൂറോപ്പിന്റെ സമ്പദ് ഘടനയെ തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് ചരക്ക് നീക്കം പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആഗോള വ്യാപനത്തിന്റെ 12 ശതമാനത്തോളം നടക്കുന്നത് സൂയസ് കനാൽ വഴിയാണ്.
ഇതിനിടെ, കപ്പൽ കുടുങ്ങിയതിനു പിന്നിൽ കാറ്റു മാത്രമല്ലെന്നും മാനുഷിക പിഴവുകളും സാങ്കേതികപ്രശ്നങ്ങളും ഉണ്ടാകാമെന്നും സൂയസ് കനാൽ അതോറിറ്റി ചീഫ് ഒസാമ റാബി പറഞ്ഞു. 74 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയതിനെ തുടർന്ന് കപ്പൽ കനാലിനു കുറുകെ കുടുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്. കാറ്റാണു കാരണമെങ്കിൽ അതേദിവസം 12 കപ്പലുകൾ തെക്കു നിന്നും 30 കപ്പലുകൾ വടക്കുനിന്നും ഇതേ കനാലിലൂടെ കുഴപ്പമില്ലാതെ കടന്നുപോയതെങ്ങനെയെന്ന് ഒസാമ റാബി ചോദിച്ചു.
എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പലാണ് കനാലിൽ കുടുങ്ങുകയും ചരക്ക് നീക്കം സ്തംഭിപ്പിക്കുകയും ചെയ്തത്. ശക്തമായ കാറ്റിൽ കപ്പൽ കനാലിന് കുറുകെയായി വരുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ ഈജിപ്തിന്റെ അധീനതയിലാണ്. പ്രത്യേക സാങ്കേതി വിദ്യ ഉപയോഗിച്ചാണ് കടലിനെയും കായലിനെയും ബന്ധിപ്പിക്കുന്ന കനാൽ പ്രവർത്തിക്കുന്നത്. ദിനംപ്രതി നിരവധി കപ്പലുകലാണ് ഇതുവഴി യാത്ര ചെയ്യുന്നത്. സമയ-പണ ലാഭമാണ് ഇതിന്റെ പ്രധാന കാരണം. കോവിഡ് മൂലമുള്ള വ്യാപാരതകർച്ചയ്ക്കു പിന്നാലെയാണ് ഈ പ്രതിസന്ധി. തടസ്സം വൈകിയാൽ ചില കപ്പലുകൾ ആഫ്രിക്ക വഴി തിരിച്ചുവിടാനും അലോചിക്കുന്നുണ്ട്. ഇത് ഒരാഴ്ചത്തെ അധിക യാത്രയാണ്.












Click it and Unblock the Notifications