ഇറാന്റെ ചുവട് വിപണിയെ ഇളക്കുന്നു; ചെങ്കടലില്‍ യുദ്ധക്കപ്പല്‍... എണ്ണ വില കുതിച്ചുയര്‍ന്നു
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ഇറാന്‍ നടത്തുന്ന പുതിയ നീക്കം ആഗോള വിപണിയെ ചൂടുപിടിപ്പിക്കുന്നു. ഇറാന്‍ യുദ്ധക്കപ്പല്‍ ചെങ്കടലില്‍ പ്രവേശിച്ച പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു. ഇറാന്റെ വരവ് മേഖലയെ കൂടുതല്‍ അസ്വസ്ഥമാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലക്കുതിപ്പ്. എന്തിനാണ് ഇറാന്‍ യുദ്ധക്കപ്പല്‍ ചെങ്കടലിലെത്തിയത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ആഗോള ചരക്കുപാതയുടെ 12 ശതമാനം ചെങ്കടലിലൂടെയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് യമനിലെ ഷിയാ വിഭാഗമായ ഹൂതികള്‍ ചെങ്കടലില്‍ ഉപരോധ നീക്കം നടത്തിയിരുന്നു. ഇസ്രായേലിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ ചരക്കു കപ്പലുകളും ആക്രമിക്കുമെന്നായിരുന്നു അവരുടെ ഭീഷണി. തൊട്ടുപിന്നാലെ നിരവധി കപ്പലുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു.

ഹൂതികളെ നേരിടാന്‍ ചെങ്കടലില്‍ അമേരിക്ക യുദ്ധക്കപ്പല്‍ ഇറക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഹൂതികളുടെ ബോട്ടുകള്‍ ആക്രമിച്ച് പത്ത് വിമതരെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തി. ഇതോടെ ഏത് സമയവും ഹൂതികളുടെ തിരിച്ചടി പ്രതീക്ഷിച്ചിരിക്കെയാണ് ഇറാന്റെ വരവ്. ഇറാന്റെ അല്‍ബോര്‍സ് യുദ്ധക്കപ്പലാണ് ബാബുല്‍ മന്തിബ് ഇടനാഴി വഴി ചെങ്കടലില്‍ പ്രവേശിച്ചത്.
അമേരിക്കന്‍ സൈന്യവും ഇറാന്റെ സൈന്യവും കടലില്‍ നേര്‍ക്കുനേള്‍ വരുന്നത് മേഖലയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നു. ഇതോടെയാണ് എണ്ണ ചരക്കുകടത്ത് വരും ദിവസങ്ങളില്‍ തടസപ്പെട്ടേക്കുമെന്ന വാര്‍ത്തകള്‍. ഇതാണ് എണ്ണവില ഉയരാന്‍ ഇടയാക്കിയത്. ബ്രെന്റ് ക്രൂഡിനും അമേരിക്കയുടെ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മിഡിയേറ്റ് ക്രൂഡിനും 2.5 ശതമാനം വില കൂടി. ബ്രെന്റ് ക്രൂഡ് ബാരലിന് ഇപ്പോള്‍ 78.97 ഡോളറും ഇന്റര്‍മീഡിയറ്റിന് 73.43 ഡോളറിലുമെത്തി വില.
എന്തിനാണ് ഇറാന്റെ കപ്പല്‍ എത്തിയത് എന്ന് വ്യക്തമല്ല. കപ്പലിന്റെ ചെങ്കടലിലെ ദൗത്യം സംബന്ധിച്ച് ഇറാന്‍ വെളിപ്പെടുത്തിയിട്ടുമില്ല. ഇതാണ് ദുരൂഹതയ്ക്ക് കാരണം. അമേരിക്കന്‍ സൈന്യം ഹൂതികളെ ആക്രമിച്ചതിന് പ്രതികാരം ചെയ്യാനാണോ ഇറാന്റെ ശ്രമം, അമേരിക്കയെ മേഖലയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണോ ലക്ഷ്യം... തുടങ്ങിയ സംശയങ്ങളാണ് ഉയരുന്നത്.
ഹൂതികളുടെ ആക്രമണത്തില്‍ ഭയന്ന് ഇസ്രായേലിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്കു കപ്പലുകള്‍ ചെങ്കടല്‍ വഴിയുള്ള യാത്ര നിര്‍ത്തിവച്ചിട്ടുണ്ട്. ആഫ്രക്കയിലൂടെ വളഞ്ഞ വഴിക്കാണ് ഈ കപ്പലുകളുടെ യാത്ര. ശേഷം ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വഴി മെഡിറ്ററേനിയന്‍ കടലില്‍ പ്രവേശിച്ച് ഇസ്രായേലിലേക്ക് വരികയാണ്. ഇതാകട്ടെ വലിയ ചെലവേറിയ യാത്രയാണ്. ഇസ്രായേലിനെ സാമ്പത്തികമായി കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ഹൂതികളുടെ നീക്കം.
ഈ സാഹചര്യത്തില്‍ തന്നെയാണ് ഇസ്രായേല്‍ ഗാസയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസയില്‍ വിന്യസിച്ചിരുന്ന കരസേനയെ പിന്‍വലിക്കുകയാണ് ഇസ്രായേല്‍. എന്താണ് പിന്മാറ്റത്തിന് കാരണം എന്ന് വ്യക്തമല്ല. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ ഇസ്രായേല്‍ സൈന്യം ലക്ഷ്യം കണ്ടിട്ടില്ല. അതേസമയം, ഗാസയില്‍ വ്യോമാക്രമണം തുടരുന്നുമുണ്ട്.












Click it and Unblock the Notifications