ആഗോള സംഘർഷങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി ബാധിക്കുന്നത് ഗ്ലോബൽ സൗത്തിനെ; പ്രധാമന്ത്രി
ആഗോള സംഘർഷങ്ങൾ മൂലമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന, വള പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ട് തന്നെ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളും മുൻഗണനകളും അടിസ്ഥാനപ്പെടുത്തിയ ചർച്ചകളെ വിജയം കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.
ന്യൂഡൽഹി ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരമായ ജി 20 അംഗത്വം ഉറപ്പാക്കിയത് പോലെ ആഗോള ഭരണ സ്ഥാപനങ്ങളേയും ഞങ്ങൾ മാറ്റും. ഡൽഹിയിൽ വെച്ച് നടന്ന ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എസ്ഡിജി ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകിയ വലിയ സംതൃപ്തി നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യത്തിന് വേണ്ടിയുടെ ബ്രസീലിന്റെ ശ്രമങ്ങൾ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകാൻ ഞങ്ങൾക്ക് സാധിച്ചുവെന്നത് സംതൃപ്തി നൽകുന്നുണ്ട്. യുവാക്കളേയും സ്ത്രീകളേയും ഉൾപ്പെടുത്തിയുള്ള വികസന നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരക്കുന്നത് ഗ്ലോബൽ സൗത്തിന്റെ പ്രതീക്ഷകൾക്ക് ചിറക് നൽകുമെന്നും മോദി പറഞ്ഞു.
ഉച്ചകോടിയിൽ വെച്ച് യുഎസ് പ്രസിഡന്റഅ ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങൾ മോദി എക്സിൽ പങ്കുവെച്ചു. ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച എല്ലായപ്പോഴും സന്തോഷമാണെന്നും അദ്ദേഹം ചിത്രത്തിനൊപ്പെം കുറിച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും മോദി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാന് ബ്രസീലിൽ എത്തിയ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് രാജ്യത്തെ ഇന്ത്യൻ സമൂഹം നൽകിയത്. തനിക്ക് ലഭിച്ച ഉജ്വല സ്വീകരണത്തെ കുറിച്ച് മോദി എക്സിൽ പങ്കുവെച്ചിട്ടുണ്ട്. 'ബ്രസീലിലെ ഇന്ത്യക്കാരിൽ നിന്ന് ലഭിച്ച ഊഷ്മള സ്വീകരണം തന്നെ ആഴത്തിൽ സ്പർശിച്ചു. ഭൂഖണ്ഡങ്ങൾക്കപ്പുറവും നമ്മളെ ബന്ധിക്കുന്ന സ്നേഹം പ്രതിഫലിക്കുന്നതാണ് അവരുടെ ഊർജം', ചിത്രങ്ങൾക്കൊപ്പം മോദി എക്സിൽ കുറിച്ചു. നൈജീരിയ സന്ദര്‍ശിച്ച ശേഷമാണ് നരേന്ദ്രമോദി റിയോയിലെത്തിയത്. ഉച്ചകോടിക്ക് ശേഷം മോദി ഗയാനയും സന്ദർശിക്കും.












Click it and Unblock the Notifications