യുഎഇ അംബാസഡറുടെ ഇമെയില്‍ ചോര്‍ന്നു; സൗദി നേതാക്കള്‍ക്ക് പൂര തെറി, പരിഹാസവും
ചോര്‍ന്ന ഇമെയിലുകള്‍ യൂസഫ് ഉതയ്ബയുടേത് തന്നെയാണെന്ന് യുഎഇ എംബസി സ്ഥിരീകരിച്ചുവെന്ന് ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുബായ്: അമേരിക്കയിലെ യുഎഇയുടെ അംബാസഡറാണ് യൂസുഫ് അല്‍ ഉതയ്ബ. അമേരിക്കയുടെ പശ്ചമേഷ്യന്‍ കാര്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് ഇദ്ദേഹം. പക്ഷേ, കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ഇമെയിലുകള്‍ ചോര്‍ന്നു. ഇതില്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
യുഎഇയും സൗദി അറേബ്യയും ഗള്‍ഫിലെ പ്രധാന രാജ്യങ്ങളാണ്. എന്നാല്‍ സൗദി അറേബ്യന്‍ നേതാക്കളെ അധിക്ഷേപിച്ച് സംസാരിക്കുന്നതാണ് ഉതയ്ബയുടെ ഇമെയിലുകള്‍. വളരെ മോശം പദപ്രയോഗമാണ് സൗദി നേതൃത്വങ്ങളെ കുറിച്ച് ഇമെയിലുകളിലുള്ളത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്നതാണ് ആശങ്ക.

പിന്നില്‍ ഗ്ലോബല്‍ലീക്ക്‌സ്
ആഗോളതലത്തില്‍ പ്രമുഖരുടെ ഇമെയിലുകള്‍ ചോര്‍ത്തുന്ന സംഘമാണ് ഗ്ലോബല്‍ലീക്ക്‌സ്. റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണിത്. ഇവര്‍ തന്നെയാണ് ഉതയ്ബയുടെ ഇമെയിലും ചോര്‍ത്തിയത്.

മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട്
ഗ്ലോബല്‍ ലീക്ക്‌സ് ചോര്‍ത്തിയ ഇമെയില്‍ മിഡില്‍ ഈസ്റ്റ് ഐ എന്ന മാധ്യമസ്ഥാപനത്തിന് ലഭിച്ചു. ഇവരാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. സൗദി നേതാക്കളെ അധിക്ഷേപിക്കുന്നതാണ് ഇമെയിലുകള്‍.

ഭാര്യയ്ക്ക് അയച്ച ഇമെയിലുകള്‍
യൂസുഫ് ഉതയ്ബ ഭാര്യ അബീര്‍ ശുക്രിക്ക് അയച്ച ഇമെയിലുകളാണ് ചോര്‍ന്നത്. ഈജിപ്തുകാരിയാണ് അബീര്‍. സൗദി നേതാക്കളെ പച്ചക്ക് തെറിവിളിക്കുന്ന വാക്കുകളും ഇമെയിലിലുണ്ട്.

റോസ് നിരോധനത്തിന് പരിഹാസം
പ്രണയ ദിനത്തില്‍ റോസ് കൈമാറുന്നത് നിരോധിച്ച സൗദി അറേബ്യയുടെ തീരുമാനത്തെ ഇമെയിലില്‍ വിമര്‍ശിക്കുന്നുണ്ട്. സൗദി അറേബ്യന്‍ നേതാക്കള്‍ വിഡ്ഡികളാണെന്നും ഇമെയിലില്‍ കളിയാക്കുന്നു.

ചോക്ലേറ്റുകളും സൗദി നിരോധിക്കുമോ
റോസ് വില്‍പ്പന നിരോധിച്ചത് വഴി അത് കരിഞ്ചന്തയില്‍ എത്തി. അതുമൂലം റോസിന് വില കൂടി. ഹൃദയ സാദൃശ്യമുള്ള ചോക്ലേറ്റുകളും സൗദി നേതാക്കള്‍ നിരോധിക്കുമോ എന്നും ഇമെയിലില്‍ ചോദിക്കുന്നു.

മോശം ചരിത്രം
സൗദിയുമായി ചേര്‍ന്നുള്ള യുഎഇയുടെ നടപടികള്‍ മോശം ചരിത്രത്തിന്റെ ഭാഗമാണെന്ന് ഉതയ്ബ കരുതുന്നു. എന്നാല്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഉതയ്ബ പുകഴ്ത്തുന്നുണ്ട്.

സൗദി രാജകുമാരന് പിന്തുണ
സൗദിയുമായി ബന്ധം മെച്ചപ്പെടാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വം സഹായകരമാകുമെന്ന് ഉതയ്ബ കരുതുന്നു. നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റായ ടോം ഫ്രീഡ്മനെഴുതിയ കുറിപ്പില്‍ ഉതയ്ബ സൗദി രാജകുമാരന്‍ അധികാരമേറ്റെടുക്കുന്നതിന് പുകഴ്ത്തി സംസാരിച്ചിരുന്നു.

ലോകത്തെ പ്രമുഖ വ്യക്തി
അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണിന്റെ സുപ്രധാന യോഗങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് ഉതയ്ബ. ലോകത്തെ പ്രമുഖ വ്യക്തിയായാണ് ഇദ്ദേഹത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ കണക്കാക്കുന്നത്.

അമേരിക്കയുടെ വിശ്വസ്തന്‍
അമേരിക്കന്‍ നേതൃത്വങ്ങളുടെ വിശ്വസ്തനാണ് ഇദ്ദേഹമെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിനെതിരേ ഉതയ്ബ നടത്തിയ ചില നീക്കങ്ങള്‍ അടുത്തിടെ പുറത്തായിരുന്നു.

ഖത്തറിനെ കുടുക്കാനും നീക്കം
ഖത്തറിനെയും കുവൈത്തിനെയും മോശമാക്കി ചിത്രീകരിക്കാന്‍ ഇസ്രായേല്‍ സംഘടനകളുമായി ചേര്‍ന്ന് ഉതയ്ബ ചില നീക്കങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചോര്‍ന്ന ഇദ്ദേഹത്തിന്റെ ഇമെയിലുകള്‍ ഉദ്ധരിച്ച് അല്‍ജസീറ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉതയ്ബയുടേത് തന്നെ
ചോര്‍ന്ന ഇമെയിലുകള്‍ യൂസഫ് ഉതയ്ബയുടേത് തന്നെയാണെന്ന് യുഎഇ എംബസി സ്ഥിരീകരിച്ചുവെന്ന് ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഇമെയിലുകള്‍ യുഎഇ-സൗദി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications