ദുബായ് സ്വർണം ഇനി അടിച്ചുകയറും, ഇന്ത്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, നടപടിയില്ലെങ്കിൽ..
ട്രംപിന്റെ പകരം ചുങ്ക നടപടിയിൽ കനത്ത തിരിച്ചടിയേറ്റ് ഇന്ത്യയിലെ സ്വർണാഭരണ മേഖല. ആഭരണങ്ങൾക്ക് 27 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ നടപടിയാണ് വിനയായത്. പുതിയ തീരുമാനം ആഭരണ നിർമ്മാണ മേഖലയിൽ ജോലി നഷ്ടമടക്കം രൂക്ഷമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇന്ത്യയുടെ ആകെ സ്വർണാഭരണ കയറ്റുമതിയുടെ 23 ശതമാനവും യുഎസിലേക്കാണ്. നിലവിൽ 7 ശതമാനമാണ് ആഭരണങ്ങൾക്കുള്ള ഇറക്കുമതി തീരുവ. ഇതാണ് 27 ശതമാനമാക്കി ഉയർത്തിയിരിക്കുന്നത്. സ്വർണ-ഡയമണ്ട് നിർമ്മാണ മേഖലയ്ക്ക് ഇത് കനത്ത ക്ഷീണം നൽകുമെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്.

2024 ൽ സാമ്പത്തിക വർഷത്തിൽ 33 ബില്യൺ ഡോളറിന്റെ രത്ന-ആഭരണ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇതിൽ ഏകദേശം 10 ബില്യൺ ഡോളറിന്റെ കയറ്റുമതി യുഎസിലേക്കായിരുന്നു. ഇന്ത്യയുടെ രത്ന, ആഭരണ മേഖലയ്ക്ക് ഗുണം ചെയ്യുന്ന ഒരു വ്യാപാര കരാർ ഇന്ത്യയും യുഎസും ഉണ്ടാക്കിയില്ലെങ്കിൽ യുഎസിലേക്കുള്ള കയറ്റുമതി 30 ശതമാനം മുതൽ 50 ശതമാനം വരെ കുറയുമെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടി.
'10 മുതൽ 15 ശതമാനം വരെ താരിഫ് വർധന ഞങ്ങൾ പ്രതീക്ഷിച്ചതാണ്. എന്നാൽ 27 ശതമാനം എന്നത് വളരെ ഉയർന്നതാണ്. സ്വാഭാവികമായും യുഎസിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ വില ഉയരാൻ ഇത് കാരണമാകും. ഇന്ത്യൻ രത്നങ്ങൾക്കും ആഭരണങ്ങൾക്കുമുള്ള ഡിമാന്റ് ഇത് കുറക്കുകയും ചെയ്യും', കാമ ജ്വല്ലറിയുടെ സ്ഥാപകനും എംഡിയുമായ കോളിൻ ഷാ പറഞ്ഞു.
'കുതിച്ചുയരുന്ന സ്വർണ്ണ വില, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പോളിഷിംഗിലെ വർദ്ധിച്ചുവരുന്ന മത്സരം ,വ്യത്യസ്ത ഉപഭോക്തൃ മുൻഗണനകൾ, നോട്ട് പിൻവലിക്കൽ തുടങ്ങിയ നടപടികൾ ഇതിനോടകം തന്നെ രത്ന-ആഭരണ മേഖലയിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. യുഎസ് താരിഫ് വർദ്ധനവ് സ്ഥിതി കൂടുതൽ വഷളാക്കും, ഇത് തൊഴിൽ നഷ്ടത്തിനും കാരണമാക്കും'മേഖലയുടെ ആകെ കയറ്റുമതിയുടെ 11.5% യുഎസിലേക്ക് ആയതിനാൽ പുതിയ തീരുവ ഏർപ്പെടുത്തിയ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും', വിദഗ്ധർ ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യക്കേറ്റ തിരിച്ചടി യുഎസിലേക്ക് സ്വർണം കൂടുതലായി ഇറക്കുമതി ചെയ്യുന്ന യുഎഇക്ക് ഗുണകരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. യുഎഇക്ക് യഎസ് ഈടാക്കുന്നത് വെറും 10 ശതമാനം തീരുവയാണ്. ഇതോടെ ദുബായ് വഴിയുള്ള സ്വർണാഭരണ ഇറക്കുമതി വർധിക്കും. കൂടുതൽ സ്വർണാഭരണ ഫാക്ടറികൾ ദുബായ് പോലുള്ള സ്ഥലങ്ങളിൽ കുടൂതലായി ആരംഭിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.












Click it and Unblock the Notifications