സ്വര്‍ണം ഇഷ്ടംപോലെ ഉണ്ട്; സംസ്‌കരിക്കാന്‍ സൗകര്യമില്ല, ഇന്ത്യ ഗോള്‍ഡന്‍ കപ്പ് എടുക്കുമോ, ക്ഷണം കിട്ടി
കാബൂള്‍: യഥേഷ്ടം സ്വര്‍ണം ഭൂമിക്കടിയിലുള്ള രാജ്യമാണ് അഫ്ഗാനിസ്താന്‍. സമാധാനം കൈവരിച്ച് ഏതാനും വര്‍ഷങ്ങള്‍ മാത്രം പിന്നിടുന്ന ഈ രാജ്യം സ്വര്‍ണ ഖനനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവ സംസ്‌കരിച്ച് ഉപയോഗപ്രദമാക്കാനുള്ള സൗകര്യം അഫ്ഗാനില്‍ ഇല്ല. അടുത്തിടെ കുഴിച്ചെടുത്ത 20 കിലോ സ്വര്‍ണം ഉസ്‌ബെക്കിസ്താനിലേക്ക് അയച്ചിരിക്കുകയാണിവര്‍.
20 കിലോ അസംസ്‌കൃത സ്വര്‍ണമാണ് അഫ്ഗാനിസ്താന്‍ ഉസ്‌ബെക്കിസ്താനിലെ സുര്‍ഖദര്യ മേഖലയിലെ സാമ്പത്തിക സോണിലേക്ക് അയച്ചത്. ടെര്‍മിസ് ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററില്‍ ഇതിനുള്ള വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് സംസ്‌കരിച്ച് സ്വര്‍ണം അഫ്ഗാനിസ്താന് തന്നെ തിരിച്ചുകൊടുക്കും. അല്ലെങ്കില്‍ മൂല്യം കണക്കാക്കി പണം കൈമാറും. ഏകദേശം 30 ലക്ഷം ഡോളറിന്റെ സ്വര്‍ണമാണ് അയച്ചിട്ടുള്ളത് എന്ന് കസാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്താനിലെ സ്വര്‍ണ നിക്ഷേപത്തെ പ്രധാനമായും രണ്ടായി തിരിക്കാം. ഭൂമിക്കടിയില്‍ ഖനനം ചെയ്യാന്‍ പര്യാപ്തമായതും അഫ്ഗാന്‍ കേന്ദ്ര ബാങ്ക് കൈവശം സൂക്ഷിക്കുന്നതുമാണിവ. അഫ്ഗാനിസ്താന്റെ മണ്ണില്‍ ഏകദേശം 300 മുതല്‍ 500 മെട്രിക് ടണ്‍ വരെ സ്വര്‍ണ നിക്ഷേപം ഉണ്ടാകാം എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ കൈവശം ഏകദേശം 21.87 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരമായി ഉണ്ടെന്നാണ് കണക്ക്.
അഫ്ഗാനിസ്താനിലെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലുമാണ് പ്രധാനമായും സ്വര്‍ണ നിക്ഷേപം കാണപ്പെടുന്നത്. ഏറ്റവും കൂടുതല്‍ സ്വര്‍ണ ഖനികളുള്ളത് ബദക്ഷാന്‍ പ്രവിശ്യയിലാണ്. തഖാര്‍ പ്രവിശ്യയിലെ നദികളില്‍ നിന്ന് സ്വര്‍ണം വേര്‍ത്തിരിച്ചെടുക്കുന്നുമുണ്ട്. ഘസ്‌നി, സാബൂള്‍, കാണ്ഡഹാര്‍ എന്നീ പ്രവിശ്യകളിലും സ്വര്‍ണ നിക്ഷേപമുണ്ട് എന്നാണ് കരുതുന്നത്.
ഇന്ത്യയെ ക്ഷണിച്ച് അഫ്ഗാന്‍, വമ്പന്‍ ഇളവും പ്രഖ്യാപിച്ചു
നിലവില്‍ ഭൂരിഭാഗം ഖനനവും നടക്കുന്നത് പരമ്പരാഗത രീതികളിലൂടെയാണ്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള ഖനനം സാധ്യമായിട്ടില്ല. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളെ ഖനന മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ അഫ്ഗാന്‍ ശ്രമിക്കുന്നുണ്ട്. ഖനനത്തില്‍ നിക്ഷേപിക്കുന്ന വിദേശ രാജ്യങ്ങള്‍ക്ക് 5 വര്‍ഷത്തെ നികുതി ഇളവ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ അഫ്ഗാന്‍ നല്‍കുന്നു.
നിലവില്‍ ഇന്ത്യ അഫ്ഗാനിസ്താനില്‍ സ്വര്‍ണ ഖനനം നടത്തുന്നില്ല. അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച അഫ്ഗാന്‍ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി, സ്വര്‍ണ ഖനന മേഖലയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് 5 വര്‍ഷത്തെ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിന് വെറും 1% കസ്റ്റംസ് ഡ്യൂട്ടി മാത്രമേ ഈടാക്കൂ എന്നും അറിയിച്ചു.
ഖനനം തുടങ്ങുന്നതിന് മുമ്പ് കൃത്യമായ ജിയോളജിക്കല്‍ സര്‍വേകള്‍ നടത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ലിഥിയം, ചെമ്പ്, ഇരുമ്പ് തുടങ്ങിയവയുടെ ഖനനത്തിലും ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാണ്ഡഹാര്‍, ബമ്യാന്‍ തുടങ്ങിയ മേഖലകളിലെ ഇരുമ്പ് ഖനനത്തിനായി ഇന്ത്യന്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യം ശ്രമം നടത്തിയിരുന്നു. ഖനനം ചെയ്യുന്ന സ്വര്‍ണ്ണം അവിടെത്തന്നെ സംസ്‌കരിക്കണം എന്ന നിബന്ധന അഫ്ഗാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.












Click it and Unblock the Notifications