സ്വര്‍ണം കുറഞ്ഞ വിലയില്‍ വേണോ? ഈ പട്ടിക നോക്കൂ, യുഎഇ മാത്രമല്ല, വേറെയും രാജ്യങ്ങളുണ്ട്
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. വിവാഹ ആവശ്യം ഉള്‍പ്പെടെയുള്ളവരെ ആശങ്കയിലാക്കിയാണ് സ്വര്‍ണവിലയുടെ കുതിപ്പ്. എവിടെ നിന്നാണ് കുറഞ്ഞ വിലയില്‍ സ്വര്‍ണം കിട്ടുക എന്ന് അന്വേഷിക്കുന്നവരും നിരവധിയാണ്. ഗുണമേന്മ, മാന്യമായ വില, വ്യത്യസ്തമായ ഡിസൈന്‍ എന്നിവ പരിശോധിച്ചാല്‍ നല്ല സ്വര്‍ണം ലഭിക്കുന്ന രാജ്യങ്ങളുണ്ട്.
കേരളത്തില്‍ ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9000 പിന്നിട്ടു. 22 കാരറ്റ് ഗ്രാമിന് 8250 രൂപയായി. 18 കാരറ്റ് ഗ്രാമിന് 6790 രൂപയുമായി. കുറഞ്ഞ അളവില്‍ മാത്രം സ്വര്‍ണം വാങ്ങാന്‍ വിദേശത്ത് പോകുന്നത് നഷ്ടമായിരിക്കും. എന്നാല്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി നാട്ടിലേക്ക് വരുന്നതിന് നികുതി ഒടുക്കുകയും വേണം. ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമേ സ്വര്‍ണം വാങ്ങാന്‍ പുറപ്പെടാവൂ.

ഇന്ത്യയിലേക്കാള്‍ സ്വര്‍ണവില കുറവാണ് അമേരിക്കയില്‍. ഇന്ത്യന്‍ പ്രവാസികള്‍ എമ്പാടുമുള്ള രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അമേരിക്കയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ 12.5 ശതമാനം കുറവില്‍ ലഭിക്കുമെന്ന് ജാഗരണ്‍ ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ കസ്റ്റംസ് നികുതിയാണ് അമേരിക്കയിലേക്കാള്‍ സ്വര്‍ണവില ഉയരാന്‍ കാരണം.
സുതാര്യമായ വ്യാപാരത്തിന് പേരുകേട്ട രാജ്യമാണ് സിംഗപ്പൂര്‍. ഡിജിറ്റല്‍ വ്യാപാരമാണ് സിംഗപ്പൂരിന്റെ പ്രത്യേകത. ഗുണമേന്മയിലും സിംഗപ്പൂര്‍ സര്‍ക്കാര്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. ലിറ്റില്‍ ഇന്ത്യ പോലുള്ള സിംഗപ്പൂരിലെ സ്ഥലങ്ങളില്‍ നിന്ന് പ്രവാസികള്‍ക്ക് സ്വര്‍ണാഭരണം വാങ്ങാം. ഏറ്റവും ഗുണമേന്മയുള്ള സ്വര്‍ണം കിട്ടുന്ന രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്റ്. പണിക്കൂലി കൂടുതലായതിനാല്‍ ഇവിടെ സ്വര്‍ണവില അല്‍പ്പം ഉയരും.
തുര്‍ക്കി, യുഎഇ, ഹോങ്കോങ്
തുര്‍ക്കിയിലെ ഇസ്താംബൂള്‍ ഗ്രാന്റ് ബസാര്‍ സ്വര്‍ണം വാങ്ങാന്‍ നല്ല സ്ഥലമാണ്. വ്യത്യസ്തമായ ഡിസൈനില്‍ ആഭരണം ലഭിക്കുന്ന സ്ഥലം. ഹോങ്കോങിലും നല്ല മേന്മയുള്ള സ്വര്‍ണം കിട്ടും. ഇന്ത്യന്‍ ഡിസൈനുകള്‍ക്ക് ഇവിടെ ഡിമാന്റ് കൂടുതലാണ്. നികുതി രഹിതമായ വിപണിയായതിനാല്‍ യുഎഇയിലെ ദുബായിലുള്ള സ്വര്‍ണ മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക് ആഭരണം കിട്ടും.
ഇന്ത്യയേക്കാള്‍ പണിക്കൂലി കുറവുള്ള രാജ്യമാണ് തായ്‌ലാന്റ്. 23, 24 കാരറ്റിലുള്ള സ്വര്‍ണത്തോടാണ് ഇവിടെയുള്ളവര്‍ക്ക് പ്രിയം. മലേഷ്യയിലെ ക്വാലാലംപൂര്‍, പെനാങ് എന്നിവിടങ്ങളിലും നല്ല സ്വര്‍ണം കിട്ടും. വിലയിലും ഇളവുണ്ടാകും. ഇന്ത്യയിലേക്കാള്‍ പണിക്കൂലിയിലെ കുറവാണ് സ്വര്‍ണവില ഇവിടെ താഴ്ന്ന് നില്‍ക്കാന്‍ കാരണം.
നികുതി രഹിതമായതിനാല്‍ സൗദിയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ കിട്ടും. റിയാദിലെയും ജിദ്ദയിലെയും സ്വര്‍ണ വിപണി ഇക്കാര്യത്തില്‍ പ്രശസ്തവുമാണ്. വിവാഹ ആവശ്യങ്ങള്‍ക്കുള്ള ആഭരണം വാങ്ങാന്‍ പറ്റിയ വിപണിയാണ് ഖത്തര്‍. എവിടെ നിന്ന് സ്വര്‍ണം വാങ്ങുമ്പോഴും വില, പരിശുദ്ധി, ഇന്ത്യയിലേക്ക് നികുതി കൊടുക്കാതെ എത്ര അളവില്‍ കൊണ്ടുവരാം, പണിക്കൂലി എന്നിവ വ്യക്തമായി ചോദിച്ചറിയണം.
അമേരിക്കയില്‍ ഇന്ന് 24 കാരറ്റ് ഗ്രാമിന് 8369 രൂപയും 22 കാരറ്റ് ഗ്രാമിന് 7892 രൂപയുമാണ് വില. സിംഗപ്പൂരില്‍ 8957, 8130 രൂപയാണ് വില. സ്വിറ്റ്‌സര്‍ലാന്റില്‍ 8994, 8246 എന്നിങ്ങനെയാണ് വില. ദുബായില്‍ 8501, 7911 എന്നിങ്ങനെയാണ് രണ്ട് കാരറ്റിലെ വില. തായ്‌ലാന്റില്‍ 8810, 8070 എന്നിങ്ങനെയാണ് വില. മലേഷ്യയില്‍ 8566, 8234 എന്നിവയാണ് വില. സൗദി അറേബ്യയില്‍ 8556, 7909 എന്നിങ്ങനെയാണ് 24, 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില. ഖത്തറില്‍ 8613, 8042 എന്നിവയാണ് ഇന്നത്തെ വില എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ വിലയില്‍ നേരിയ വ്യത്യാസം പ്രതീക്ഷിക്കാം.












Click it and Unblock the Notifications