സ്വര്‍ണം ഏറ്റവും വിലക്കുറവ് യുഎഇയില്‍ അല്ല; മറ്റൊരു ജിസിസി രാജ്യത്ത്, പിന്നെ അമേരിക്കയില്‍
ദുബായ്: സ്വര്‍ണവില വീണ്ടും പിടിവിട്ട് പറക്കുമെന്ന സൂചനകള്‍ വന്നതോടെ മഞ്ഞലോഹത്തിന് ആവശ്യക്കാര്‍ വന്‍തോതില്‍ കൂടി വരുന്നു. നിക്ഷേപമായും ആഭരണമായും ഉപഭോക്താക്കള്‍ വാങ്ങുന്ന ലോഹമാണ് സ്വര്‍ണം. 24 കാരറ്റിലുള്ള സ്വര്‍ണമാണ് നിക്ഷേപമായി കാണുന്നവര്‍ക്ക് നല്ലത്. അതേസമയം, ആഭരണമാക്കാന്‍ ഉചിതം 22, 18 കാരറ്റുകളിലെ സ്വര്‍ണമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആഭരണം വാങ്ങുന്നത് 22 കാരറ്റ് പരിശുദ്ധിയിലുള്ള സ്വര്‍ണമാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തിലെ വില 64400 രൂപയും ഗ്രാമിന് 8050 രൂപയുമാണ്. അതേസമയം, ഇന്ത്യയില്‍ അല്ല ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം ലഭിക്കുന്നത്. യുഎഇയിലാണ് എന്ന് ചിലര്‍ കരുതുന്നുണ്ട്. മറ്റൊരു ജിസിസി രാജ്യത്താണ് സ്വര്‍ണത്തിന് ഏറ്റവും വിലക്കുറവുള്ളത്...

24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് കുവൈത്തില്‍ നല്‍കേണ്ട വില 291.1 ദിനാര്‍ ആണ്. അതായത്, ഏകദേശം 82421 രൂപ. അതേസമയം, അമേരിക്കയില്‍ 950 ഡോളര്‍ ചെലവ് വരും. ഏകദേശം 82858 രൂപ. ധനകാര്യ വെബ്‌സൈറ്റായ ഗുഡ്‌റിട്ടേണ്‍സിലെ ഡാറ്റ ഉദ്ധരിച്ച് ന്യൂസ് 18 പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
ബഹ്‌റൈനില്‍ 359 ദിര്‍ഹമാണ് വേണ്ടത്. അതായത്, 83085 രൂപ. യുഎഇയില്‍ 3507 ദിര്‍ഹമാണ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 83292 രൂപ ചെലവ് വരും. ഒമാനില്‍ 369 റിയാല്‍ ആണ് വേണ്ടത്. അതായത്, 83296 രൂപ. മലേഷ്യയില്‍ 83516 രൂപ പത്ത് ഗ്രാം സ്വര്‍ണത്തിന് ചെലവ് വരും. സൗദിയില്‍ 83485 രൂപയും ഖത്തറില്‍ 84308 രൂപയും ചെലവ് വരും. രൂപയുടെ മൂല്യ വ്യത്യാസത്തിന് അനുസരിച്ച് സംഖ്യയില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം.
സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം
ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ നേരിയ വ്യത്യാസം വിലയിലുണ്ടാകും. 24 കാരറ്റ് 10 ഗ്രാമിന് മുംബൈയില്‍ 87820 രൂപയും ഡല്‍ഹിയില്‍ 87970 രൂപയുമാണ് വില. വില കുറഞ്ഞ രാജ്യത്ത് പോയി സ്വര്‍ണം വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്. പുരുഷന്മാര്‍ക്ക് 20 ഗ്രാമും സ്ത്രീകള്‍ക്ക് 40 ഗ്രാമും കഴിഞ്ഞുള്ള സ്വര്‍ണത്തിന് നികുതി കൊടുക്കണം.
ആറ് മാസം വിദേശത്ത് തങ്ങിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നവര്‍ക്കാണ് സ്വര്‍ണം തടസമില്ലാതെ കൊണ്ടുവരാന്‍ സാധിക്കുക. ഇങ്ങനെ കൊണ്ടുവരുന്നവരും പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന് നികുതി കൊടുക്കണം. മാസത്തില്‍ നാട്ടിലേക്ക് വരിക, ഇടയ്ക്കിടെ സ്വര്‍ണം കൊണ്ടുവരിക തുടങ്ങിയ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഡിആര്‍ഐ ഉദ്യോഗസ്ഥരും നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്യും.
കന്നഡ നടി റന്യ റാവു അടുത്തിടെ കുടുങ്ങിയത് 15 ദിവസത്തിനിടെ നാല് തവണ വിദേശ യാത്ര നടത്തിയപ്പോഴാണ്. ഇവരില്‍ നിന്ന് 14 കിലോ സ്വര്‍ണം കണ്ടെത്തി എന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം. ദുബായില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. നിലവില്‍ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് നടി റന്യ റാവു. തന്നെ ചിലര്‍ കുടുക്കിയതാണെന്നും നടി ആരോപിക്കുന്നു.












Click it and Unblock the Notifications