'ചത്താലും എന്റെ പൊന്ന് ആർക്കും തരില്ല': അപ്പൂപ്പന്‍ ചുമരിനുള്ളില്‍ സൂക്ഷിച്ചത് 33 കോടിയുടെ സ്വർണ്ണം
നമ്മുടെ വീട്ടിലെ അപ്പൂപ്പന്മാരും മുത്തശ്ശിമാരുക്കെ അവരുടെ ചെറിയ സമ്പാദ്യങ്ങള്‍ മറ്റുള്ളവർ അറിയാതെ വല്ല പെട്ടിയിലോ തുണികള്‍ക്ക് ഇടയിലോ സ്വരുക്കൂട്ടി വെക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ പണം സ്വരൂക്കൂട്ടിവെച്ച ഒരു മുത്തശ്ശിയുടെ വീഡിയോ നോട്ട് നിരോധനകാലത്ത് വൈറലായിരുന്നു. പലപ്പോഴും ഇവർ മരിച്ചതിന് ശേഷമായിരിക്കും ഇങ്ങനെയുരെ സമ്പാദ്യത്തെക്കുറിച്ച് ആളുകള്‍ അറിയുന്നത്.
ഇത്തരത്തില്‍ സ്വത്ത് ശേഖരിച്ച് വെക്കുന്നത് നമ്മുടെ നാട്ടിലേത് മാത്രമല്ല, എല്ലാ നാട്ടിലേയും പ്രായമായവരുടേയും ഒരു ശീലമാണ്. അതുപോലുള്ള ഒരു വ്യക്തിയാണ് ഫ്രാൻസിലെ കാസ്റ്റിയോൺസിൽ ജീവിച്ചിരുന്ന പോൾ നാർസ് എന്ന വ്യക്തി. എന്നാല്‍ നമ്മുടെയൊക്കെ അപ്പൂപ്പന്മാരെ പോലെ വല്ല അയ്യായിരമോ പതിനായിരമോ അല്ല ഇദ്ദേഹം സൂക്ഷിച്ച് വെച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം.

ലളിതമായ ജീവിതം നയിച്ചിരുന്ന പോൾ 200 വർഷത്തിലേറെ പഴക്കമുള്ള 1000-ലധികം സ്വർണനാണയങ്ങളാണ് സൂക്ഷിച്ചിരുന്നത്. മറ്റാരും കണ്ടെത്താതിരിക്കാന്‍ വീടിന്റെ ഭിത്തി അദ്ദേഹം സ്വർണത്തിന്റെ നിലവറയാക്കി മാറ്റുകയായിരുന്നു. വിദഗ്ധർ നടത്തിയ പരിശോധനയില്‍ ഈ നാണയങ്ങളുടെ ആകെ മൂല്യം 3.8 മില്യനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് 32 കോടിയോളം ഇന്ത്യന്‍ രൂപ.
തന്റെ സഹോദരി ക്ലോഡറ്റിനൊപ്പം വളരെ ലളിതമായുള്ള ജീവിതമായിരുന്നു 89-ാം വയസ്സില്‍ മരിക്കുന്നത് വരെ പോൾ നാർസ് നയിച്ചിരുന്നത്. ക്ലോഡറ്റ് ഒരു വർഷം മുമ്പ് മരണമടഞ്ഞു. കുട്ടികളില്ലാത്ത പോളും പിന്നീട് വിടപറഞ്ഞു. പുരാതന സ്വര്‍ണനാണയം ശേഖരിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി എന്ന് അറിയാമായിരുന്ന ചിലർ പോളിന്റെ മരണശേഷം ഗ്രാമവാസികളില്‍ ചിലർ വീട് അരിച്ചുപെറിക്കിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പിന്നീട് നിയമപരമായി തന്നെ നടത്തിയ കൂടുതല്‍ വിശദമായ പരിശോധനയില്‍ വീടിന്റെ സ്റ്റോറേജ് മുറിയിലെ ഒരു ചിത്രത്തിന് പിന്നിൽ ഒളിപ്പിച്ച നിലയിൽ, 1000-ലധികം അപൂർവ സ്വർണനാണയങ്ങൾ കണ്ടെത്തുകയായിരുന്നു. 'ഗ്രാമവാസികൾ പോളിന്റെ ഈ ഹോബിയെക്കുറിച്ച് പറഞ്ഞില്ലായിരുന്നെങ്കിൽ, ഈ ശേഖരം എന്നേക്കുമായി നഷ്ടപ്പെട്ടേനെ' എന്നാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ വിദഗ്ധനായ തിയറി പാർസി വ്യക്തമാക്കിയത്. കണ്ടെത്തിയ സ്വർണം പിന്നീട് ലേലം ചെയ്യുകയായിരുന്നു.
ഓരോ നാണയവും ശ്രദ്ധാപൂർവ്വം ലേബൽ ചെയ്തായിരുന്നു അദ്ദേഹം സംരക്ഷിച്ചിരുന്നത്. ചിലത് ബിസി 336-323 കാലഘട്ടത്തിലെ മാസിഡോണിയയിൽ നിന്നുള്ളവയും, മറ്റുള്ളവ ലൂയി XIV മുതൽ ലൂയി XVI വരെയുള്ള ഫ്രഞ്ച് രാജവംശങ്ങളുടെ കാലത്തെതുമാണാണ് നാണയങ്ങള്‍ പരിശോധിച്ച വിദഗ്ധർ വ്യക്തമാക്കി.
ഈ ശേഖരത്തിൽ ഫസ്റ്റ് ഫ്രഞ്ച് എംപയറിന്റെ സ്വർണനാണയങ്ങളും ഗോതിക് നാണയകലയുടെ മാസ്റ്റർപീസുകളും ഉൾപ്പെടുന്നു. ഗുണനിലവാരത്തിലും കാര്യത്തിലും ഇത്രയും പ്രാധാന്യമുള്ള സ്വകാര്യ ശേഖരങ്ങൾ വിരളമാണെന്ന് പാർസി അഭിപ്രായപ്പെട്ടു. പാരിസിലെ ബോസന്റ് ലെഫെവ്രെ ലേലഹൗസിൽ നടന്ന ലേലത്തിൽ, 2.3 മില്യൺ ഡോളർ എന്ന പ്രാരംഭ വിലയെ മറികടന്ന് 3.8 മില്യൺ ഡോളറും ഈ ശേഖരം നേടി. നേരിട്ടുള്ള അവകാശികൾ ഇല്ലാത്തതിനാൽ, ലേലത്തിൽ നിന്നുള്ള തുക മറ്റ് ബന്ധുക്കൾക്ക് ലഭിക്കും. 115650 ഡോളർ വിലമതിക്കുന്ന മറ്റൊരു സെറ്റ് നാണയങ്ങളും പ്രത്യേകം ലേലം ചെയ്യും.
അതേസമയം അടുത്തിടെ ഫ്രാന്‍സിലെ തന്നെ ഒരു കർഷകന് തന്റെ കൃഷിയിടത്തില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന സ്വർണം ലഭിച്ചിരുന്നു. ഫ്രാൻസിലെ ഓവെർനെ പ്രദേശത്തെ കർഷകനായ മൈക്കൽ ഡുപോണ്ടാണ് സ്വർണം കണ്ടെത്തിയത്. തന്റെ പറമ്പിലെ ഒരു നീർച്ചാലിന് സമീപത്ത് കൂടെ പതിവ് നടത്തത്തിന് ഇറങ്ങിയ മൈക്കർ ഡുപോണ്ടിന്റെ കണ്ണില്‍ തിളങ്ങുന്ന എന്തോ ഒന്ന് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വലിയൊരു സ്വർണ ശേഖരമാണ് ഇതെന്ന് മനസ്സിലായത്. എന്നാല്‍ വൈകാതെ തന്നെ ഫ്രഞ്ച് സർക്കാർ അധികൃതർ കൃഷിയിടത്തില്‍ എത്തി സ്വർണത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്തു.












Click it and Unblock the Notifications