സ്വര്‍ണം മാത്രമല്ല, തിളക്കമുള്ള ചെമ്പ്, കൊബാള്‍ട്ട്; ഇന്ത്യ വേറിട്ട വഴിയില്‍ വിദേശത്ത്, ആഫ്രിക്ക പിടിക്കും
വിലയേറിയ പ്രകൃതി വിഭവങ്ങള്‍ തേടി ഇറങ്ങുകയാണ് ഇന്ത്യ. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലേയും സ്വര്‍ണം, ചെമ്പ് ഉള്‍പ്പെടെയുള്ള ഖനികളിലാണ് കണ്ണ്. വലിയ ലാഭം കൊയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ഇതിന് വേണ്ടി സ്ഥലം വാങ്ങിയിട്ടുണ്ട്. സ്വര്‍ണം, ചെമ്പ്, കൊബാള്‍ട്ട് എന്നിവ ഖനനം ചെയ്യുകയാണ് ലക്ഷ്യം.
ജിയോളജിസ്റ്റുകളുടെ ഒരു സംഘത്തെ ഇന്ത്യ സാംബിയയിലേക്ക് അയച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് സാംബിയ. മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ഇന്ത്യ സ്ഥലമേറ്റെടുത്തത്. സ്വര്‍ണത്തേക്കാള്‍ ചെമ്പ് ഖനനത്തിനാണ് പ്രാധാന്യം നല്‍കുക. ചെമ്പിന്റെയും കൊബാള്‍ട്ടിന്റെയും സാന്നിധ്യമുള്ള മേഖലയിലെ ഖനന സാധ്യതയാണ് ജിയോളജിസ്റ്റുകള്‍ പരിശോധിക്കുക.

AI Generated Image
ആഫ്രിക്കയില്‍ നിന്ന് കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ ഇന്ത്യയിലെത്തുകയാണ് ലക്ഷ്യം. സാംബിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണം, ചെമ്പ്, സിങ്ക്, ലഡ് എന്നിവയാണ് സാംബിയയില്‍ കൂടുതലുള്ളത്. സാംബിയയുടെ മൊത്തം ജിഡിപിയുടെ 12 ശതമാനമാണ് പ്രകൃതി വിഭവങ്ങളില്‍ നിന്ന് കിട്ടുന്ന വരുമാനം.
കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍
സാംബിയ മാത്രമല്ല, ആഫ്രിക്കയിലെ കോംഗോ, റുവാണ്ട, ടാന്‍സാനിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ പ്രകൃതി വിഭവങ്ങളുടെ ഖനനത്തിന് വേണ്ടി ചര്‍ച്ച നടത്തുന്നുണ്ട്. പുനരുപയോഗ ഊര്‍ജം കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിലും വൈദ്യുതി ഉല്‍പ്പാദനത്തിന് പ്രധാനമായും ഇപ്പോഴും ആശ്രയിക്കുന്നത് കല്‍ക്കരി തന്നെയാണ്.
അതേസമയം, ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ നിന്ന് ലിഥിയവും ചെമ്പും ഖനനം ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇന്ത്യ ചിലിയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. യുഎഇയുമായി അടുത്തിടെ ഈ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. കരാര്‍ യാഥാര്‍ഥ്യമായാല്‍ ചിലിയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ എത്തിക്കാന്‍ സാധിക്കും.
ക്രൂഡ് എണ്ണയിലും വൈവിധ്യം
റയര്‍ എര്‍ത്ത് മൂലകങ്ങളുടെ വിതരണം ആഗോളതലത്തില്‍ തടസപ്പെട്ടിട്ടുണ്ട്. ചൈന കയറ്റുമതി നിയന്ത്രിച്ചതാണ് കാരണം. എല്ലാ രാജ്യങ്ങളിലും ഏറ്റവും ആവശ്യമുള്ള മൂലകങ്ങളാണിത്. ഈ മൂലകങ്ങള്‍ ആഭ്യന്തരമായി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍ഇഎല്ലിനോട് ജപ്പാനിലേക്കുള്ള കയറ്റുമതി കരാര്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു എന്നാണ് വിവരം.
ഇതിന് പുറമെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും വൈവിധ്യവല്‍ക്കരണം നടപ്പാക്കുകയാണ് ഇന്ത്യ. നേരത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാത്രമാണ് ആശ്രയിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ ആഫ്രിക്ക, അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ മേഖലകളില്‍ നിന്നും എണ്ണ വാങ്ങുന്നുണ്ട്. റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ അമേരിക്ക വൈകാതെ അധിക ചുങ്കം ചുമത്തിയേക്കുമെന്നാണ് വിവരം. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ രാജ്യങ്ങളെ എണ്ണയ്ക്ക് വേണ്ട ഇന്ത്യ ആശ്രയിക്കുന്നത്.












Click it and Unblock the Notifications